Malayalam
വധഗൂഢാലോചന കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം; രണ്ടര മാസം പിന്നിടുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ സംഘം
വധഗൂഢാലോചന കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം; രണ്ടര മാസം പിന്നിടുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണ സംഘം
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണ സംഘം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന്റെ പൂര്‍ണ്ണ വിവരം നല്‍കുകയും തെളിവുകള്‍ എല്ലാം തന്നെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടര മാസം പിന്നിടുമ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചനയാണ് ദിലീപും മറ്റ് അഞ്ചുപേരും കൂടി നടത്തിയത്. ഇതിന്റെ കൃത്യമായ തെളിവുകള്‍ ആണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തതെന്നും കോടതിയില്‍ അന്വേഷണം സംഘം വ്യക്തമാക്കിയതായാണ് സൂചന.
അതേസമയം, വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ തെളിവ് നശിപ്പിച്ചെന്നും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.
ദിലീപിന്റെ സുഹൃത്തും വ്യവസായിയും കേസിലെ വിഐപിയുമായ ശരത്തും പ്രതിയാണ്. കേസിലെ വിഐപി എന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചയാള്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് എസ്പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേര്‍ത്തത്. ഇതോടെ വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേര് പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല.
എന്നാല്‍ വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്നും ചാറ്റുകള്‍ നീക്കിയ സംഭവത്തില്‍ മുംബൈയിലുള്ള ഏജന്‍സിയെ പരിചയപ്പെടുത്തി നല്കിയ വിന്‍സെന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. താനാണ് ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയതെന്ന് വിന്‍സന്റ് അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റുപറഞ്ഞു. തന്റെ കേസും ദിലീപിന്റെ കേസും നടത്തുന്നത് ഒരേ അഡ്വക്കേറ്റ് എന്നും വിന്‍സന്റ് പറഞ്ഞു. എല്ലാ തെളിവുകളും കോടതിയില്‍ ഉണ്ടെന്ന് വിന്‍സന്റ് ചോദ്യംചെയ്ത് പുറത്തേക്കു വന്നപ്പോള്‍ പ്രതികരിച്ചു.
ദിലീപിന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും ചാറ്റുകളും നശിപ്പിക്കാന്‍ മുംബൈയിലെ ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് വിന്‍സെന്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് എങ്ങനെയാണ് മുംബൈയിലെ ലാബില്‍ എത്തിയതെന്ന അന്വേഷണമാണ് വിന്‍സെന്റിലേക്കെത്തിയത്. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലെ പ്രതി കൂടിയാണ് വിന്‍സെന്റ്. ദിലീപുമായും അഭിഭാഷകരുമായും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് വിന്‍സെന്റ്.ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ട പ്രകാരമാണ് മുംബൈയിലെ ലാബിനെ സമീപിച്ചതെന്നും അവിടെ പോയിരുന്നെന്നും വിന്‍സന്റ് പറഞ്ഞിരുന്നു.
അതേസമയം ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല. തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ്ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹര്‍ജി പരിഗണിക്കവെ നേരത്തെ സംവിധാകന് ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെ കുറിച്ച് ഹൈക്കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. നേരത്തെ പരാതി ഉന്നയിച്ചില്ല എന്നത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലെ എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. എന്നാല്‍ അത്തരം സംശയങ്ങള്‍ ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്നായിരുന്നു പ്രോസിക്യൂഷന് നല്കി മറുപടി. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന് ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും കോടതിയില്‍ അറിയിച്ചിരുന്നു.
