Malayalam
ദിലീപുമായി തനിക്ക് അടുത്ത സൗഹൃദം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല, തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല, ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്; ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് ‘വിഐപി’ ശരത്ത്
ദിലീപുമായി തനിക്ക് അടുത്ത സൗഹൃദം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല, തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല, ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്; ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് ‘വിഐപി’ ശരത്ത്
വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെയാണ് കേസില്‍ വിഐപി എന്ന പേര് ഉയര്‍ന്നു വന്നത്. വിഐപി ലുക്കുള്ള ഒരാളാണ് ദൃശ്യങ്ങള്‍ ദിലീപിന്റെ പദ്മസരോവരം എന്ന വീട്ടില്‍ കൊണ്ടു വന്നതെന്നും കാവ്യ ഇക്ക എന്നാണ് ഇദ്ദേഹത്തെ അഭിസംബോദന ചെയ്തത് എന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പിന്നീട് ഈ വിഐപി ആരാണെന്ന് കണ്ട് പിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ഇതിന് പിന്നാലെ ഇത് ദിലീപിന്റെ അടുത്ത സുഹൃത്തായ ശര്ത ആണെന്ന് കണ്ടെത്തുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ‘വിഐപി’ എന്ന് അറിയപ്പെടുന്ന ശരത്ത് സമ്മതിച്ചതായാണ് പുറത്ത് വരുന്ന വിവരം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല. തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞു. ഇന്ന് ആറ് മണിക്കൂറാണ് ശരത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
നിലവില്‍ ശരത്ത് ഗൂഢാലോചന കേസില്‍ പ്രതിയല്ല. ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയില്‍ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപിയെ പ്രതിചേര്‍ത്തത്. എന്നാല്‍ പിന്നീട് വിഐപി ശരത് ആണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍ നിര്‍ണായകമാവുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരെ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യാജ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സാഗര്‍ നല്‍കിയത് കള്ള പരാതിയാണെന്നും പിന്നില്‍ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് അങ്കമാലി ജെഎഫ്എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഗറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബൈജു പൗലോസ് വ്യക്തമാക്കി.
കേസില്‍ എട്ടാം പ്രതി ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും സാഗറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും അങ്കമാലി ജെ എഫ് എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ മുഖ്യ സാക്ഷിയായ സാഗര്‍ നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു. കേസില്‍ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടതായി പൊലീസിന് മൊഴി നല്‍കിയ സാഗര്‍, പിന്നീട് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ എത്തിച്ചാണ് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലില്‍ കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറും സാഗറും താമസിച്ചതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ടെലിഫോണ്‍ രേഖകളും ലഭിച്ചതായി അന്വേഷണ സംഘത്തിലവന്‍ ബൈജു പൗലോസ് കോടതി അറിയിച്ചു. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ അന്വേഷണസംഘം കടുത്ത നടപടികളിലേക്ക് പോകുന്നതിന്റെ സൂചനകളാണ് സാഗറിനെതിരെയുള്ള റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.
