News
ഞാന്‍ പ്രവര്‍ത്തിക്കുന്ന രംഗം എന്റെ വിശ്വാസത്തെ എന്നില്‍ നിന്ന് അകറ്റുന്നു, ആത്മീയ ജീവിതത്തിനു വേണ്ടി അഭിനയം നിര്‍ത്തുന്നുവെന്ന് അറിയിച്ച് നടി അനഘ ഭോസ്ലെ
ഞാന്‍ പ്രവര്‍ത്തിക്കുന്ന രംഗം എന്റെ വിശ്വാസത്തെ എന്നില്‍ നിന്ന് അകറ്റുന്നു, ആത്മീയ ജീവിതത്തിനു വേണ്ടി അഭിനയം നിര്‍ത്തുന്നുവെന്ന് അറിയിച്ച് നടി അനഘ ഭോസ്ലെ
ആത്മീയ ജീവിതത്തിനു വേണ്ടി അഭിനയം നിര്‍ത്തുകയാണെന്ന് നടി അനഘ ഭോസ്ലെ. സിനിമാ മേഖല തന്നെ ദൈവത്തില്‍ നിന്ന് അകറ്റുകയാണെന്നും അതിനാലാണ് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുമെന്നും താരം വ്യക്തമാക്കി. അനുപമ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് അനഘ ശ്രദ്ധനേടിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
അനഘ ഭോസ്ലെയുടെ കുറിപ്പ് വായിക്കാം
നിങ്ങളെല്ലാവരും കരുണയുള്ളവരാണെന്ന് എനിക്ക് അറിയാം. പരിപാടിക്കു ശേഷം നിങ്ങള്‍ നല്കിയ പിന്തുണയ്ക്കും കരുതലിനും നന്ദി. എന്റെ തീരുമാനത്തെക്കുറിച്ച് അറിയാത്തവര്‍ക്കായി പറയുന്നു, ഞാന്‍ സിനിമയും സീരിയലുമെല്ലാം ഉപേക്ഷിക്കുകയാണ്. നിങ്ങള്‍ എല്ലാവരും എന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. എന്റെ മതപരമായ വിശ്വാസങ്ങള്‍ക്കും ആത്മീയ ജീവിതത്തിനും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്.
നിങ്ങള്‍ കര്‍മം ചെയ്യുക, എന്നാല്‍ അത് നിങ്ങളുടെ ആത്മീയ ജീവിതത്തെ ദുര്ബലമാക്കുന്നതാകരുത്. ഭഗവാന് കൃഷ്ണനില്‍ നിന്ന് അകന്നുപോകുന്ന സാഹചര്യങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും നിങ്ങള്‍ മാറി നില്‍ക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെല്ലാം ദൈവത്തിന്റെ മക്കളാണ്. നമ്മുടെ വഴികള്‍ വ്യത്യസ്തമാണെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ദൈവത്തിലേക്ക് തന്നെ തിരികെയെത്തും.
ദൈവത്തിന്റെ സ്നേഹവും കരുതലും എനിക്കൊപ്പം എപ്പോഴുമുണ്ടായിരുന്നു. മനുഷ്യ ജന്മത്തിന്റേയും മനുഷ്യനെന്ന നിലയിലെ ബോധത്തിനുമുള്ള കാരണം കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്. ജീവികളില്‍ മനുഷ്യന്മാര്ക്ക് മാത്രമാണ് ദൈവവുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്റെ സ്നേഹം മനസിലാക്കാന്‍ കഴിയുന്നത്.
ഞാന്‍ പ്രവര്‍ത്തിക്കുന്ന രംഗം എന്റെ വിശ്വാസത്തെ എന്നില്‍ നിന്ന് അകറ്റുകയാണ് അതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. എന്നെക്കുറിച്ച് ആശങ്ക പങ്കുവച്ച എല്ലാവര്ക്കും നന്ദി. എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും വേണ്ടി എന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കും. ഞാന്‍ എല്ലാ മതങ്ങളേയും സൃഷ്ടികര്ത്താവിലേക്കുള്ള എല്ലാവരുടേയും യാത്രയേയും ബഹുമാനിക്കുന്നുണ്ട്.
