Malayalam
ദിലീപിനെത്തരായ വധഗൂഢാലച്ചന കേസിൽ വഴി തിരിവ് ; ലാബ് റിപ്പോർട്ട് ക്രൈം ബ്രാഞ്ച് കണ്ടെത്തി
ദിലീപിനെത്തരായ വധഗൂഢാലച്ചന കേസിൽ വഴി തിരിവ് ; ലാബ് റിപ്പോർട്ട് ക്രൈം ബ്രാഞ്ച് കണ്ടെത്തി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ
നടൻ ദിലീപ്, സഹോദരനായ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികൾ. ഇവർ ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് ആറു മൊബൈലുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിട്ടുനൽകിയിരുന്നു. ഇവയുടെ പരിശോധനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ തെളിവുകൾ നശിപ്പിച്ചെന്ന് അന്വേഷണ സംഘം വിശദീകരിച്ചത്. എന്നാൽ ഇനി ഫോണുകളിൽ കൃത്രിമം കാട്ടിയതിന് നടൻ ദിലീപിനെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടി ക്രൈംബ്രാഞ്ച് ചുമത്തും.
വധഗൂഢാലോചനക്കേസ് അന്വേഷണം വഴിതിരിച്ചുവിടാൻ മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയുടെ സഹായത്തോടെ നാല് ഫോണുകളിൽ നിന്ന് വിവരങ്ങൾ മായ്ച്ചു കളഞ്ഞെന്ന കണ്ടെത്തലിനെ തുടർന്നാണിത്. നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവായേക്കാവുന്ന വിവരങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും കുറ്റകൃത്യത്തിന് കൂട്ടുനിന്ന ലാബ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുക്കാനും ആലോചനയുണ്ട്. നിരന്തരം കുറ്റം ചെയ്യുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും കോടതിയിൽ ആവശ്യപ്പെടും.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോണുകൾ പിടിച്ചെടുത്ത് തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചിരുന്നു. ലാബ് ഡയറക്ടറേയും മറ്റ് ഉദ്യോഗസ്ഥരെയും കേസ് വിസ്താരം ചെയ്യുന്നതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നേരത്തെ ദിലീപിന്റെ അഭിഭാഷകർ മുംബയിലെ ലാബിനെ സമീപിച്ചിരുന്നു. ഈ ബന്ധം പിന്നീട് പ്രതികളുടെ ഫോണിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാൻ വിനിയോഗിച്ചെന്നാണ് വിലയിരുത്തൽ. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ടതാണ് ഫോണുകളെന്ന് ലാബ് ജീവനക്കാരെ അറിയിച്ചിരുന്നു. ഒരു ഫോണിന് 75,000 രൂപയാണ് ലാബ് ആവശ്യപ്പെട്ടത്. ലാബുടമകളെ ചോദ്യം ചെയ്തതോടെ നാലും ഫോണുകളിലെയും വിവരങ്ങൾ നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങൾ ഹാർഡ് ഡിസ്കിലേക്ക് മാറ്റിയെന്നുമാണ് മൊഴി.
ജനുവരി 29,30 തീയതികളിലാണ് ഫോണുകളിൽ വലിയ തോതിൽ കൃത്രിമം കാട്ടിയത്. ജനുവരി 31 ന് ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി ജനുവരി 29 ന് ഉത്തരവിട്ട ശേഷമായിരുന്നു ഇത്. മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ഐ ഫോൺ ഉൾപ്പെടെ നാലു ഫോണുകളാണ് ദിലീപ് നൽകിയത്. ഇതിൽ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. ശേഷിച്ചവയിൽ ഒന്ന് സുരാജിന്റെ ഫോണായിരുന്നു. ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ റോഷൻ ചിറ്റൂരിന്റെ പേരിലുള്ള സിം കാർഡാണ് ഐ ഫോണിൽ ഉപയോഗിച്ചിരുന്നത്.
അഭിഭാഷകൻ വഴിയാണ് ഫോണുകൾ മുംബയിലേക്ക് അയച്ചത്. മുംബയിലെ ലാബിൽ നിന്ന് ഫോൺ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു. ലാബ് ഡയറക്റെയും നാലു ജീവനക്കാരെയും ചോദ്യം ചെയ്തു. പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു. ദിലീപിന്റെ അഭിഭാഷകനും മറ്റു മൂന്ന് അഭിഭാഷകരും മുംബയിലെ ലാബിൽ ജനുവരി 30നെത്തി ഫോൺ വിവരങ്ങൾ പരിശോധിച്ചിരുന്നു. ലാബുടമയുമായി അഭിഭാഷകരെ പരിചയപ്പെടുത്തിയ വിൻസെന്റ് ചൊവ്വല്ലൂരും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്രതികൾ നിർണായക തെളിവുകൾ നശിപ്പിച്ചെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
ദിലീപിന്റെ വീട്ടിൽ വാച്ച്മാനായിരുന്ന ദാസൻ ചില കാര്യങ്ങൾ പറഞ്ഞെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നശേഷം അനൂപ് ഇയാളെ വിളിച്ചു വരുത്തി തങ്ങളുടെ അഭിഭാഷകനു മുന്നിലെത്തിച്ചു. ബാലചന്ദ്രകുമാറിനോടു താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇയാൾ പറഞ്ഞപ്പോൾ, പൊലീസ് ചോദിക്കുമ്പോഴും ഇതു തന്നെ പറയണമെന്ന് അഭിഭാഷകൻ നിർദ്ദേശിച്ചു.
ബിസിനസ് സ്ഥാപനങ്ങളുടെയും വൻകിട മുതലാളിമാരുടെയും ആദായനികുതി വെട്ടിപ്പുകൾക്ക് സാങ്കേതിക സഹായം നൽകുന്ന സ്ഥാപനമാണ് ലാബ് സിസ്റ്റംസ് ഇന്ത്യയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. രേഖകളിൽ കൃത്രിമം കാട്ടുമെങ്കിലും ചില വിവരങ്ങൾ കമ്പ്യൂട്ടറിലും ഫോണുകളിലും അവേശിഷിക്കും. ഇത് കണ്ടുപിടിച്ച് നീക്കം ചെയ്ത് കമ്പനികളെ സഹായിക്കലാണ് ലാബിന്റെ പ്രധാന വരുമാനമാർഗം.
