Malayalam
കൊട്ടും ആഘോഷവും ആരവും ഇല്ല.. മൗത്ത് പബ്ലിസിറ്റിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കി, തിയേറ്ററുകളിൽ നിറഞ്ഞോടിയ ആ സിനിമകൾ ഇവിടെയുണ്ട്… ലിസ്റ്റിൽ ഹോമും ഭീമന്റെ വഴിയും വരെ! ചിത്രം ഏറ്റെടുക്കാനും വിജയിപ്പിക്കാനും ഇടയാക്കിയ ആ രഹസ്യം ഇതാണ്! ഇതാണ് മലയാളികൾ
കൊട്ടും ആഘോഷവും ആരവും ഇല്ല.. മൗത്ത് പബ്ലിസിറ്റിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കി, തിയേറ്ററുകളിൽ നിറഞ്ഞോടിയ ആ സിനിമകൾ ഇവിടെയുണ്ട്… ലിസ്റ്റിൽ ഹോമും ഭീമന്റെ വഴിയും വരെ! ചിത്രം ഏറ്റെടുക്കാനും വിജയിപ്പിക്കാനും ഇടയാക്കിയ ആ രഹസ്യം ഇതാണ്! ഇതാണ് മലയാളികൾ
മലയാള സിനിമയിലെ ആസ്വാദനതലം ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകൾ മലയാളത്തില്‍ ഇന്നുവരെ കണ്ടു പഴകിയ നായക, നായിക സങ്കല്‍പങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയപ്പോൾ സിനിമ റിയലിസത്തിന്റെ പുറകെയാണ്.
റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് ഒട്ടുമിക്ക മലയാള സിനിമയിലും കാണുന്നത്. ഇന്നത്തെ സിനിമയില്‍ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പറയാതിരിക്കാൻ വയ്യ….
വലിയ കൊട്ടും ആഘോഷവും ആരവും ഇല്ലാതെ വന്നിട്ട് പോലും മികച്ച സ്വീകരണവും പ്രതീക്ഷിച്ചതിലും വലിയ വിജയവും ഇത്തരം റിയലിസ്റ്റിക് സിനിമകൾ നേടിയിട്ടുണ്ട്. വലിയ ബജറ്റില്ലാതെ, സ്റ്റാർ കാസ്റ്റ് ഇല്ലാതെ നല്ല കഥയും അവതരണ രീതിയും റിയലിസ്റ്റിക്ക് അനുഭവവും മാത്രമാണ് പ്രേക്ഷകർ ഇത്തരം സിനിമകൾ ഏറ്റെടുക്കാനും വിജയിപ്പിക്കാനും ഇടയാക്കിയത്. ഒരു സിനിമ റിലീസ് ചെയ്താൽ അടുത്തുള്ള സുഹൃത്തിനോട് ചോദിക്കും… കൊള്ളാമെന്ന് പറഞ്ഞാൽ എങ്ങനെയെങ്കിലും സിനിമ കണ്ട് മറ്റുള്ളവരെ കൂടി അത് കാണാൻ പ്രേരിപ്പിക്കുന്നതാണ് ഇന്നത്തെ രീതി. അത്തരത്തിൽ ഈയടുത്ത് ഇറങ്ങിയ ചില സിനിമകളുണ്ട്. അവ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം…
ഓപ്പറേഷൻ ജാവ
നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷന്‍ ജാവ’ അടുത്തിടെ തീയേറ്ററുകളിൽ ഏറെ തരംഗം തീര്‍ത്ത സിനിമയാണ്. വലിയ താര നിരയുടെ പിൻബലങ്ങൾ ഒന്നുമില്ലെങ്കിലും കെട്ടുറപ്പുള്ള തിരക്കഥയുടെയും വളരെ കയ്യടക്കത്തോടെയുള്ള അഭിനേതാക്കളുടെ പ്രകടനം കൊണ്ടും രണ്ട് മണിക്കൂർ അങ്ങേയറ്റം തൃപ്തിപ്പെടുത്തുന്ന അനുഭവം സിനിമ നൽകി.
വി സിനിമാസ് നിര്‍മിച്ച ചിത്രം മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ വാഴ്ത്തിയത്. തീയറ്ററുകളില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം കേരളത്തിൽ അടുത്തിടെ നടന്ന യഥാര്‍ത്ഥ കേസുകളെ ആധാരമാക്കി ഒരുക്കിയ സിനിമയാണ്. സൈബർ സെല്ലിന്റെ പരിമിതികളും കേരളത്തിൽ പെരുകി വരുന്ന സൈബർ ക്രൈമുകളുടെ എണ്ണവും സൈബർ ക്രൈമുകളിൽ പ്രതികളെ കണ്ടെത്താനും പിടി കൂടാനുമുള്ള സൈബർ നിയമങ്ങളുടെ പോരായ്മകളും ചെറിയ രീതിയിൽ ആണെങ്കിലും സിനിമ പറഞ്ഞുവെക്കുന്നുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന സുപ്രധാനമായ ചില സൈബര്‍ കേസുകളെ അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസര്‍ച്ചകള്‍ക്കൊടുവിലാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരുന്നതെന്ന് അടുത്തിടെ തരുൺ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കേരള പോലീസിന്‍റെ കുറ്റാന്വേഷണ രീതികളെ മികച്ച രീതിയിൽആവിഷ്കരിക്കുന്നതു കൂടിയാണ് ചിത്രം
ലുക്മാൻ, ബാലു വർഗീസ് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെക്കൂടാതെ ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, വിനായകൻ, ഷൈൻ ടോം ചാക്കോ, ബിനു പാപ്പു എന്നിവരെല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവ സിമ്പിളും പവർഫുള്ളുമാണെന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
തിങ്കളാഴ്ച നിശ്ചയം
51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. താരരാജാക്കന്മാരുടെ സാന്നിധ്യമില്ലാതെയും ആഡംബരമായ സെറ്റും ലൊക്കേഷനും വർണശബളമായ പാട്ടുമില്ലാതെയും മലയാള സിനിമകൾ സൃഷ്ടിക്കാമെന്ന് തെളിയിച്ച സിനിമയായിരുന്നു ഇത്.
ശക്തമായ തിരക്കഥയും അത് പ്രേക്ഷകന്റെ മനസ്സിൽ സ്പർശിക്കും വിധം അവതരിപ്പിക്കാൻ കഴിഞ്ഞതും നടന്മാരുടെ പക്വതയാർന്ന പ്രകടനവും കൊണ്ടാണ് തിങ്കളാഴ്ച നിശ്ചയം ശ്രദ്ധിക്കപ്പെട്ടത്. കന്നഡ ചിത്രങൾ സംവിധാനം ചെയ്തിട്ടുള്ള കാഞ്ഞങ്ങാട് സ്വദേശി സെന്ന ഹെഗ്ഡെയാണ് തിങ്കളാഴ്ച നിശ്ചയം സംവിധാനം ചെയ്തത്. ചില പ്രത്യേക കാരണത്താൽ പെണ്ണുകാണൽ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം അതായത് തിങ്കളാഴ്ച വളരെ പെട്ടെന്ന് കല്യാണനിശ്ചയം നടത്തേണ്ടി വരുന്ന ഒരു വീടും അവിടത്തെ വീട്ടുകാരുടെയും കഥയാണ് സിനിമ പറയുന്നത്.അനഘ നാരായണൻ, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരൻ, അനുരൂപ് പി, അർജുൻ അശോകൻ, അർപിത് ആർആർ, മനോജ് കെയു, രഞ്ജി കങ്കോൽ, സജിൻ ചെറുകയിൽ, സുനിൽ സൂര്യ, ഉണ്ണിമായ നാലപ്പാടം എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
മികച്ച രണ്ടാമത്തെ സിനിമയ്ക്കൊപ്പം മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചിരുന്നു. ഇരുപത്തഞ്ചാമത് ഐ എഫ് എഫ് കെയിലും സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. ‘മേഡ് ഇന്‍ കാഞ്ഞങ്ങാട്’ എന്ന ടാഗ്‍ലൈനില്‍ എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ആ നാട്ടുകാരന്‍ കൂടിയായ സെന്ന ഹെഗ്‍ഡെ ആണ്, പുഷ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കര മല്ലികാര്‍ജ്ജുനയ്യ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രാദേശിക ഭാഷയില്‍ സംഭാഷണങ്ങളുള്ള ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഭീമന്റെ വഴി
അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതിയ തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി.ബോഡി ഷെയിമിംഗ് എന്ന വിഷയത്തെ രസകരമായും അതേസമയം ഹൃദയസ്പര്‍ശിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ‘തമാശ’ക്ക് ശേഷം അഷറഫ് ഒരുക്കിയ ചിത്രം കൂടിയാണിത്. കുറച്ച് കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് വഴിയുണ്ടാക്കാനുള്ള ശ്രമങ്ങളും അതിൽ നേരിടുന്ന തടസങ്ങളുമാണ് സിനിമയുടെ കഥ. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും അടക്കമുള്ള താരനിരയാണ് സിനിമയിൽ അണിനിരന്നത്.
ജോജി
2021ൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ചയാക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു
ജോജി. നടൻ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയായിരുന്നു. വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു.
സ്വന്തം ലക്ഷ്യത്തിലെത്താൻ ത്വരയുള്ള, സാഹചര്യത്തിന്റെ ആനുകൂല്യങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത നിസ്സഹായനും എന്നാൽ മനസ്സിന്റെ തെറ്റായ തെരഞ്ഞെടുപ്പുകളിൽ പടുകുഴിയിലേക്ക് വീണുപോവുകയും ചെയ്യുന്ന ജോജി എന്ന യുവാവിന്റെ കഥയാണ് ജോജി പറഞ്ഞത്. വില്യം ഷെക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകം മാക്ബെത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ജോജിക്ക് ദിലീഷ് പോത്തൻ കഥയെഴുതിയത്. ബേസിൽ ജോസഫ്, ബാബു രാജ്, ഉണ്ണിമായ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.’ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രവുമാണ് ഇത്.
ഹോം
റോജിൻ തോമസിന്റെ സംവിധാനത്തിൽ തിയേറ്ററിലെത്തിയ സിനിമയായിരുന്നു ഹോം. ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, നസ്ലെൻ എന്നിവരാണ് പ്രധാന താരങ്ങളായി എത്തിയത്.
ജനറേഷന്‍ ഗ്യാപ്പ്, സാങ്കേതികവിദ്യയുടെ പുരോഗതി, ചെറുപ്പക്കാരായ മക്കളും പ്രായമേറുന്ന മാതാപിതാക്കളും തമ്മിലുണ്ടാകുന്ന അകലം, മറ്റുള്ള ആരെ അംഗീകരിച്ചാലും സ്വന്തം മാതാപിതാക്കളോട് മാത്രം തോന്നുന്ന ഒരുതരം ദൂരം ഇവയെല്ലാം നമുക്ക് പരിചിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ ഹോം കാണിച്ചുതരുന്നുണ്ട്. കരച്ചിലും ചിരിയും നൊസ്റ്റാള്‍ജിയയും വീടിനെപ്പറ്റിയുള്ള ഓര്‍മകളും വന്നുനിറയാതെ ഹോം കണ്ടിരിക്കാനാവില്ല. ‘ഐ ആം ഇംപെര്‍ഫെക്ട് ഇന്‍ മൈ ഹോം’ എന്ന ഈ സിനിമയിലെ ഒരു ഡയലോഗ് വീട് എന്ന സ്പേസിനെ കുറിച്ചുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും മെല്ലെ എല്ലാവരെയും ഓര്മപ്പെടുത്തുകയായിരുന്നു. നമ്മുടെ വീടും ചുറ്റുപാടും സ്‌ക്രീനിൽ കണ്ടാൽ എങ്ങനെ ഉണ്ടാവുമോ അതുപോലെയാണ് ഹോം സിനിമ ഒരുക്കിയിരിക്കുന്നത്. നമ്മുടെ ചുറ്റുപാടും നമ്മൾ കണ്ട കാര്യങ്ങൾ അല്ലെങ്കിൽ ഒരിക്കൽ എങ്കിലും നമ്മൾ ചെയ്ത പ്രവർത്തികൾ അതാണ് ഹോം എന്ന സിനിമ അവതരിപ്പിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു.
