വിസയില്ലാതെ സാന്‍ഫ്രാന്‍സിസ്കോയില്‍ വന്ന് ഭക്ഷണം കഴിക്കാം; മുണ്ടൂര്‍മാടനും മാടമ്പള്ളിയിലെ മനോരോഗിയുമാണ് സ്പെഷ്യല്‍ ഐറ്റംസ്
വളരെ ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ തന്റെ അഭിനയ മികവ്് കാഴ്ച വെയ്ക്കുവാന്‍ സാധിച്ചിരുന്നുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് നവജിത് നാരായണന്. കോഴിപ്പോര്, ആമി, എന്നീ സിനിമകളില്‍ അഭിനയിച്ച താരം കോഴിപ്പോര് എന്ന ചിത്രത്തിലായിരുന്നു നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം മാര്‍ച്ച് ആറിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിര്‍ഭാഗ്യവശാല്‍, കോവിഡ് കാരണം 11 ന് തിയേറ്ററുകള്‍ അടച്ചതോടെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. എങ്കിലും പ്രതീക്ഷയോടെ വരും നാളുകള്‍ സ്വപ്നം കാണുകയാണ് ഈ യുവനടന്. നവജിത്ത് അറുപതോളം നാടകങ്ങളില്‍ അഭിനയിക്കുകയും ഇരുപതോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ നവജിത്തും കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന് കൊച്ചിയില്‍ ‘സാന്‍ഫ്രാന്‍സിസ്കോ’ എന്ന പേരില്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ.് ഇതിനോടകം തന്നെ സംഭവം സോഷ്യല്‍ മീഡിയ കീഴടക്കിയിട്ടുണ്ട്. സഹോദരന് നവനീതും സുഹൃത്തായ അമല്‍ ഗോപിയുമാണ് സംരംഭത്തിന് പിന്നിലെ പ്രധാന കൈത്താങ്ങുകാര്. സംഭവം ഒരു തട്ടുകടയാണ്. എന്നാല്‍ വെറുമൊരു തട്ടുകട എന്നു പറഞ്ഞ് തള്ളിക്കളയാനാകില്ല. തെരുവോരത്ത് മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം വെറും മൂന്നാഴ്ച കൊണ്ട് വൃത്തിയാക്കിയെടുത്താണ് തുടക്കം കുറിച്ചത്. ടെംപററി ആയിട്ടുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ദിവസവും വൈകിട്ട് നവജിത്തും കൂട്ടരും വന്ന് കട സെറ്റ് ചെയ്യുകയാണ് പതിവ്. വിസയില്ലാതെ സാന്‍ഫ്രാന്‍സിസ്കോയില്‍ വന്ന് ഭക്ഷണം കഴിക്കാം എന്നാണ് ഇവരുടെ പരസ്യ വാചകം തന്നെ.
ഇവിടെ വന്നാല്‍ പക്കാ മലബാര്‍ ഭക്ഷണം കഴിക്കാമെന്നതാണ്് ഇവരുടെ വാഗ്ദാനം. ശുദ്ധമായ വെളിച്ചെണ്ണയിലാണ് പാചകം. ലാഭം പ്രതീക്ഷിച്ചല്ല. കഴിക്കുന്നവരുടെ വയറും മനസ്സും നിറയണം, അത്രേയുള്ളൂ. വരുന്നവര്‍ക്ക് മതിയാവോളം ഇരുന്ന് വര്‍ത്തമാനം പറയാനും സ്പേസ് ഉണ്ട്. വരുന്ന കസ്റ്റമേഴ്സ് ഭയങ്കര ഹാപ്പിയാണ്. ഇപ്പോള്‍ തുടങ്ങിയിട്ട് 9 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും സ്ഥിരമായി 50 പേരോളം വരുന്നുണ്ട്. ഇവിടെ മൊത്തം സിനിമയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ സിനിമാ പാട്ടുകളില്ല, പകരം ഓരോ സിനിമകളുടെ ശബ്ദരേഖകളാണ് കേള്‍പ്പിക്കുന്നത്. കുറച്ച് ദിവസം കഴിഞ്ഞാല്‍ സിനിമയുമായി ബന്ധപ്പെട്ട കാസ്റ്റിംഗ് കോള്‍ ഓഡിഷനുകള്‍ ഇവിടെ നടന്ന് തുടങ്ങും എന്ന് നവജിത്ത് പറയുന്നു.
അമല്‍ ഗോപിയുടെ സുഹൃത്ത് ട്വിങ്കിള്‍ ആണ് സാന്‍ഫ്രാന്‍സിസ്കോ എന്ന പേര് സജസ്റ്റ് ചെയ്തത്. എന്നാല്‍ ആദ്യം അവര്‍ സച്ചിയേട്ടന് ട്രിബ്യൂട്ടായി അയ്യപ്പനും കോശിയും എന്ന പേരാണ് ആലോചിച്ചിരുന്നത്. അദ്ദേഹത്തോടുള്ള ട്രിബ്യൂട്ടായി ഇവിടുത്തെ ഭക്ഷണങ്ങള്‍ക്ക് അയ്യപ്പനും കോശിയിലെ കഥാപാത്രങ്ങളുടെ പേരിട്ടിട്ടുണ്ട്. മുണ്ടൂര്‍ മാടന് പുട്ടാണ് പ്രധാന ഐറ്റം. അതു കൂടാതെ മാടമ്പള്ളിയിലെ മനോരോഗി എന്ന പേരില്‍ പൊറോട്ടയും ബീഫുമുണ്ട്. കൂടാതെ നീര്‍ദോശയും അയല പൊരിച്ചതും ഇവിടുത്തെ സ്പെഷല്‍ ഐറ്റമാണ്. ദശമൂലം കട്ടനാണ് സാന്‍ഫ്രാന്‍സിസ്കോയിലെ മറ്റൊരു പ്രത്യേകത, സൗജന്യമായാണ് ഇത് കൊടുക്കുന്നത്. വെറുതെ വര്‍ത്തമാനം പറയാന്‍ എത്തുന്നവര്‍ക്കും നല്‍കും. ഞങ്ങള്‍ മൂന്ന് പേരും മൂന്ന് മേഖലയില്‍ നിന്നുള്ളവരാണ്. നവനീത് അല്‍ഹിന്ദ് ടൂര്‍സ് വിസ സെക്ഷനിലും അമല്‍ ഗോപി സ്കൂബ ട്രെയിനറുമാണ്. ഒട്ടുമിക്ക ദിവസങ്ങളിലും താന്‍ തന്നെയാണ് ദോശ ചുടുന്നത്. അതിന് മടി ഒന്നുമില്ല. സഹായിക്കാന്‍ ആളുണ്ടെങ്കിലും നമ്മള് നമ്മളുടേതായ രീതിയില്‍ ചെയ്യുകയാണെന്നും നവജിത് കൂട്ടിച്ചേര്‍ത്തു.
