എന്റെ ദിനം ധന്യമാക്കി’ ആറാട്ടിന്റെ സെറ്റില്‍ വെച്ച് മോഹന്‍ ലാല്‍ പറഞ്ഞത്
വില്ലന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ ലാലും ഒരുമിക്കുന്ന കോമഡി ആക്ഷന്‍ ചിത്രമാണ് ആറാട്ട്. മലയാളത്തില്‍ നിന്നും നൂറു കോടി ക്ലബില്‍ ഇടം പിടിച്ച പുലിമുരുകന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനു വേണ്ടി ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടെറ്റില്‍. ഇതില്‍ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ ലാലിന്റെ നായികയായി എത്തുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോഴുണ്ടായ തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രദ്ധ.
മോഹന്‍ ലാലുമായുള്ള ആദ്യ സംഭാഷണത്തെ കുറിച്ചാണ് ശ്രദ്ധ പറഞ്ഞത്. തന്റെ ട്വിറ്ററിലൂടെയായിരുന്നു ശ്രദ്ധ അനുഭവം പങ്കു വെച്ചത്. ‘ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹന്‍ലാല്‍ സാറിന്റെ ആദ്യ വാക്കുകള്‍, എന്റെ ദിനം ധന്യമാക്കി’ എന്നായിരുന്നു ശ്രദ്ധയുടെ ട്വീറ്റ്. ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ് ട്വീറ്റ്. ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ എത്തുന്നത്.
നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് പാലക്കാടുള്ള ഒരു ഗ്രാമത്തില്‍ എത്തി പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹന്‍ ലാലിന്റെ വാഹനമായി ചിത്രത്തിലെത്തുന്ന വിന്റേജ് ബെന്‍സ് കാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധനേടിയിരുന്നു.
