Malayalam
എല്ലാം രാജു മനപ്പാഠമാക്കുന്നു…. കഥ കേള്‍ക്കുമ്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്! പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി ഷാജി കൈലാസ്
എല്ലാം രാജു മനപ്പാഠമാക്കുന്നു…. കഥ കേള്‍ക്കുമ്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്! പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി ഷാജി കൈലാസ്
മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് ഇന്ന് തന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണ്. സഹപ്രവർത്തകന് ആശംസകൾ അറിയിച്ച് താരങ്ങളും ആരാധകരും സോഷ്യൽ മീഡിയയിലും അല്ലാതെയും എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടന് ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്
പൃഥ്വിരാജില്‍ താന്‍ കാണുന്ന പ്രത്യേകത സാങ്കേതികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവഗാഹമാണ്.
ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് തനിക്ക് പ്രേരണയായിട്ടുണ്ടെന്നും ഷാജി പറയുന്നു. പൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടെഴുതിയ കുറിപ്പിലാണ് ഷാജി കൈലാസ് ഇക്കാര്യം പങ്കുവച്ചത്.
ഷാജി കൈലാസിന്റെ വാക്കുകള്‍:
രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ കാര്യം സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ… ഓരോ ലെന്‍സിന്റെയും പ്രത്യേകത… ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍… എല്ലാം രാജു മനപ്പാഠമാക്കുന്നു… കാലികമാക്കുന്നു. കഥ കേള്‍ക്കുമ്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്.
ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ രാജു കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്ക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അദ്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് ഞാന്‍.
രാജുവിന് ദീര്‍ഘായുസ്സ്… ഒരുപാട് കാലം രാജുവിന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും…
ഹാപ്പി ബര്‍ത്ത് ഡേ രാജൂ.. കടുവയുടെ നാമത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു..
