Connect with us

ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞു! സൂരറൈ പോട്രിലെ റിയല്‍ ഹീറോ ഞെട്ടിപ്പിക്കുന്ന ജീവിതം

Tamil

ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞു! സൂരറൈ പോട്രിലെ റിയല്‍ ഹീറോ ഞെട്ടിപ്പിക്കുന്ന ജീവിതം

ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞു! സൂരറൈ പോട്രിലെ റിയല്‍ ഹീറോ ഞെട്ടിപ്പിക്കുന്ന ജീവിതം

ആമസോണ്‍ പ്രൈമില്‍ റിലീസായ സൂര്യയുടെ പുത്തന്‍ ചിത്രം സൂരറൈ പോട്ര് എന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ചിത്രം കണ്ടതിന് ശേഷം നിരവധി പേര്‍ അഭിപ്രായവുമായി രംഗത്തു വന്നു. മലയാളി താരങ്ങളായ അപര്‍ണ്ണാ ബാലമുരളിയുടെയും ഉര്‍വശിയുടെയും അഭിനയ മികവിനെയും ഏവരും പ്രശംസിച്ചിരുന്നു.

സ്വപ്‌നസാക്ഷാത്കാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ചിത്രം പ്രേഷകര്‍ ഏറ്റെടുത്തതോടെ എല്ലാവരും ഒന്നടങ്കം അന്വേഷിച്ച പേരാണ് ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിന്റേത്. ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞതും അദ്ദേഹത്തെക്കുറിച്ച് തന്നെയായിരുന്നു. ചിത്രം വലിയ വിജയം ആയതോടെ തെലുങ്കാന, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്ന് ഉള്ളവരും ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിനെ കുറിച്ച് അന്വഷിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകനാണ് ജിആര്‍ ഗോപിനാഥ്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്‌ളൈ’ (simply fly) യെ ആധാരമാക്കിയാണ് സൂരറൈ പോട്ര് എന്ന ചിത്രം സുധ കൊങ്കര സംവിധാനം ചെയ്തത്. ഭാവന ഇടകലര്‍ന്ന ചിത്രമാണ് ഇത്. എങ്കിലും എന്റെ ആത്മകഥയുടെ സത്ത ചോര്‍ന്ന് പോകാതെയാണ് ആവിഷ്‌കരണം. ചില രംഗങ്ങളില്‍ ഓര്‍മ്മകളും തിരികെ തന്നു. ചിലപ്പോള്‍ കരച്ചിലും. ചിലപ്പോള്‍ ചിരിയും അടക്കാനായില്ല എന്ന് ഗോപിനാഥിന്റെ ട്വീറ്റ് കൂടി വന്നതോടെ അദ്ദേഹത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിലായി എല്ലാവരും.

കര്‍ണാടക സ്വദേശിയാണ് ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ്. ഒരു അധ്യാപകന്റെ മകന്‍. സ്‌കൂള്‍ പഠനത്തിനു ശേഷം പുനൈയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെ പരിശീലത്തിനു ശേഷം കരസേനയില്‍ ചേര്‍ന്നു. 1971ലെ ഇന്ത്യ പാക് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 28ാം വയസില്‍ സൈനിക സേവനം നിര്‍ത്തി. പിന്നീട് കൃഷിയിലും വ്യവസായത്തിലുമായി ശ്രദ്ധ. അദ്ദേഹം കൈവെയ്ക്കാത്ത മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം.

ക്ഷീര വ്യവസായം, പട്ടുനൂല്‍കൃഷി, കണ്‍സല്‍ട്ടന്റ്, കോഴി വളര്‍ത്തല്‍, ഹോട്ടല്‍ വ്യവസായം, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഡീലിങ്ങ്, സ്‌റ്റോക്ക് ബ്രോക്കര്‍ തുടങ്ങിയ പല മേഖലകളും പയറ്റി. അങ്ങനെ നില്‍ക്കവേയാണ് എയര്‍ ഡെക്കാന്‍ എന്ന ബജറ്റ് ഫ്രണ്ട്‌ലി എയര്‍ലൈനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. സുഹൃത്തിനെയും പാര്‍ട്ട്‌നര്‍ ആക്കി ഹെലികോപ്റ്ററുകള്‍ വാടകയ്ക്കു നല്‍കുന്ന ചാര്‍ട്ടര്‍ സര്‍വീസുമായിട്ടായിരുന്നു തുടക്കം.

ഇന്ത്യ, ശ്രീലങ്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ ചാര്‍ട്ടര്‍ കമ്പനികളിലൊന്നായി ഡക്കാന്‍ ഏവിയേഷന്റെ വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു. പ്രധാനമായും രാഷ്ട്രീയ നേതാക്കളായിരുന്നു ഇതിനെ ആശ്രയിച്ചിരുന്നത്. കഷ്ടപ്പെട്ട് സ്വയം സമ്പാദിച്ചതും സുഹത്തുക്കളും ബന്ധുക്കളും സഹായിച്ചതുമായി ആറ് കോടിയിലധികം രൂപയുടെ മൂലധനവുമായി 2003 ല്‍ എയര്‍ ഡക്കാന്‍ രൂപം കൊണ്ടു. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വ്വീസും ആരംഭിച്ചു.

സാധാരണക്കാര്‍ക്കു വേണ്ടിയുള്ള വിമാനസര്‍വീസ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതു കൊണ്ടു തന്നെ മറ്റുള്ള വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിനേക്കാള്‍ പകുതിയായിരുന്നു ഡക്കാന്റെ ടിക്കറ്റ് നിരക്ക്. അനാവശ്യ സര്‍വീസുകള്‍ വെട്ടിക്കുറച്ചും ചുരുങ്ങിയ സമയത്തിനകം മടക്കയാത്ര ആരംഭിച്ചും സര്‍വീസ് നടത്തി. എല്ലായിടത്തും ശ്രദ്ധയും കരുതലും എത്തിയതോടെ ഇന്ത്യന്‍ വ്യോമഗതാഗത മേഖലയുടെ 22 ശതമാനം വിഹിതവും പതിയെ എയര്‍ ഡക്കാന്റെ കൈവശം എത്തിച്ചേരുവാന്‍ തുടങ്ങി.

അന്വേഷണങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനുമായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിനൊപ്പം മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുന്നവരില്‍ നിന്നും കനത്ത പിഴയും ഈടാക്കിയിരുന്നു. തുടര്‍ന്ന് രാജ്യത്തെ വ്യോമയാന മേഖല കനത്ത മത്സരങ്ങള്‍ക്ക് വേദിയായിയാതോടെ അത് സാരമായി എയര്‍ ഡക്കാനെയും ബാധിച്ചു. തുടര്‍ന്ന് നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിയും വന്നപ്പോള്‍ തന്റെ സ്വപ്‌ന സാക്ഷാത്കാരം വില്‍ക്കുക എന്ന വഴിയല്ലാതെ മറ്റൊന്നും ഗോപിനാഥിന്റെ മുമ്പില്‍ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് വിജയ് മല്യ എന്ന മദ്യരാജാവിന് എയര്‍ ഡക്കാന്‍ വിറ്റു. കിങ്ഫിഷര്‍ റെഡ് എന്ന പേരില്‍ മല്യ സര്‍വീസ് ആരംഭിക്കുകയും ചെയ്തു. കുറച്ച് നാളുകള്‍ക്ക് ശേഷം കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പൂട്ടിപോകുകയും മല്യ നാട് വിട്ട് പോകുകയും ചെയ്തു. ഇതിന് പിന്നാലെ ഗോപിനാഥ് വിമാനമാര്‍ഗമുള്ള ചരക്ക് നീക്കം ആരംഭിച്ചു. ഡക്കാന്‍ 360 എന്ന പേരിലായിരുന്നു സര്‍വീസ്. എന്നാല്‍ അതും പ്രതിസന്ധിയിലായതോടെ 2013 ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.

സാധാരണക്കാര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്ന കഥാപാത്രമായതിനാല്‍ തന്നെ ചിത്രത്തിലൂടെ ഗോപിനാഥിനെ പ്രേഷകര്‍ ഏറ്റെടുത്തു. തന്റെ ഭാര്യ ഭാര്‍ഗ്ഗവിയെ മനോഹരമാക്കിയ അപര്‍ണ്ണയെയും പ്രശംസിക്കാന്‍ ഗോപിനാഥ് മറന്നില്ല. പുരുഷ കേന്ദ്രീകൃതമായ ഒരു കഥയില്‍ അപര്‍ണ്ണ ചെയ്ത കഥാപാത്രത്തിന് പ്രാധാന്യം കൊടുത്ത സംവിധായിക സുധയെയും ഗോപിനാഥ് അഭിനന്ദിച്ചു.

എന്നാല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഒരു പൈറസി വെബ്‌സൈറ്റില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്കിടയാക്കി. എങ്കിലും പ്രേഷകര്‍ ഇരു കയ്യും നീട്ടിയാണ് ചിത്രത്തെ വരവേറ്റത്. തിരഞ്ഞെടുത്ത ഏതാനും രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈം സിനിമ റിലീസ് ചെയ്തിരുന്നു. ഇത് ഡൗണ്‍ലോഡ് ചെയ്ത് ബുധനാഴ്ച രാത്രി 9 മണിയോടു കൂടി പൈറസി വെബ്‌സൈറ്റിലൂടെയും ടെലഗ്രാമിലൂടെയും പ്രചരിക്കുകയായിരുന്നു.

സൂര്യയുടെ കഴിഞ്ഞ ചില ചിത്രങ്ങള്‍ വിജയം കൈവരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്. ഒക്ടോബര്‍ ഇരുപത്തിയൊന്നിനാണ് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും വ്യോമസേനയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടായതോടെ റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു.

Continue Reading
You may also like...

More in Tamil

Trending

Recent

To Top