സിനിമാ മോഹം ഇല്ലാത്ത ഒരാളുമുണ്ടാകില്ല. പുറത്ത് പറഞ്ഞില്ലെങ്കിൽ പോലും ജീവിതത്തിലൊരിക്കലെങ്കിലും സിനിമയിലഭിനയിക്കാൻ അവസരം കിട്ടിയിരുന്നെങ്കിലെന്ന് എല്ലാവരും മനസ്സിലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ. സിനിമ പോലെ തിളക്കമുള്ള മറ്റൊരു മേഖലയും ഈ ഭൂമിയിലില്ല എന്നതുതന്നെയാണ് ഇതിന്റെ പ്രധാന കാരണം.
അത്തരത്തിൽ സിനിമാ മോഹവുമായി ജീവിക്കുന്നവർക്കിതാ ഒരു സുവർണ്ണാവസരമെത്തിയിരിക്കുകയാണ്. ഷൈൻ ടോം ചാക്കോയും ബാലു വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന സിനിമയിൽ അഭിനേതാക്കളെ ആവശ്യമുണ്ട്.
ഷൈൻ ടോം ചാക്കോ തന്നെയാണ് ചിത്രത്തിൻ്റെ കാസ്റ്റിങ് കോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘ജോയ് മുവീസിന്റെ ബാനറിൽ ബാലു വർഗ്ഗീസും ഞാനും നായകന്മാരാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു!’ എന്ന് കുറിച്ചുകൊണ്ടാണ് ഷൈൻ കാസ്റ്റിംഗ് കോൾ പങ്കുവെച്ചത്. 14മുതൽ 18 വയസ്സ് വരെയുള്ളതും രൂപം കൊണ്ട് സാമ്യവും സ്വഭാവം കൊണ്ട് വൈരുദ്ധ്യവുമുള്ള ഇരട്ട സഹോദരന്മാരെ സിനിമയിൽ ആവശ്യമുണ്ടെന്ന് താരം പങ്കുവെച്ച കാർഡിൽ കുറിച്ചിരിക്കുന്നു. തൃശൂർ സ്വദേശികൾക്ക് പ്രത്യേക മുൻഗണനയുണ്ടെന്നും കാസ്റ്റിങ് കോളിൽ വ്യക്തമാക്കിയിട്ടുണ്ട്.
18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള വശ്യ സൌന്ദര്യം തിളങ്ങുന്ന വലിയ കണ്ണുകളുള്ളൊരു കാമുകിയും മുപ്പത് മുതൽ മുപ്പത്തിയേഴ് വയസ്സുവരെയുള്ള സൌന്ദര്യവും കാര്യപ്രാപ്തിയും ഊർജ്ജസ്വലതയുമുള്ള ഒരു അടിപൊളി കുടുംബക്കാരി ചേച്ചിയെയും സിനിമയ്ക്കാവശ്യമുണ്ട്.
ഇതിലൊരാൾ നിങ്ങളാണെങ്കിൽ ബയോഡാറ്റയും പെർഫോമൻസ് വീഡിയോയും ഫോട്ടോയും [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കേണ്ടതുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. അപ്പോൾ ഇതുവായിക്കുന്ന നിങ്ങൾക്കാകും ആ സുവർണ്ണാവസരം ലഭിക്കാൻ പോകുന്നത്. വേഗമാകട്ടെ…!