ഭര്‍തൃ വീട്ടില്‍ ജോലി ചെയ്യുന്നതും ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും പരിചരിക്കുകയും ചെയ്യുന്ന സ്ത്രീ തന്നെയല്ലേ ഉത്തമ സ്ത്രീ? ചോദ്യവുമായി യുവതി
ആനിയും വിധുബാലയും ഒരു ചാനൽ പരിപാടിക്കിടെ നടത്തിയ സംസാരം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇരുവരുടെയും ഈ വീഡിയോ മുൻനിർത്തി നിരവധി വിമർശനങ്ങളും നിറയുകയാണ്. പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് വിധുബാല പറഞ്ഞത്. ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമയെന്നാണ് ആനിയുടെ അഭിപ്രായം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ് സീന എന്ന യുവതിയാണ്.
കഥയല്ലിത് ജീവിതം പോലുള്ള പരിപാടിയുടെ അവതാരകയുടെ ഭാഗത്തു നിന്നും ഇത്തരം സംസാരം ഉണ്ടാകാന്‍ പാടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സ്ത്രീകള്‍ അടിമകളെപ്പോലെ കഴിയേണ്ടവരാണെന്ന രീതിയിലുള്ള സംസാരമാണ് ഇതെന്നും വിമര്‍ശനമുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം,
ആനിയും വിധുബാലയും പറഞ്ഞതുപോലെ ജീവിതം നയിക്കുന്നവരാണ് ഉത്തരേന്ത്യയില്‍ മുക്കാല്‍ ഭാഗവും എന്ന് ഇന്നലെ ഒരു മീറ്റിംഗില്‍ ഉത്തരേന്ത്യയില്‍ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങളിലൂടെ പറയുകയുണ്ടായി.
12 മണിക്ക് ഉറങ്ങി 5 മണിക്ക് എഴുന്നേറ്റ് ഭര്‍ത്താവിനും മക്കള്‍ക്കും അമ്മായിയമ്മയ്ക്കും അമ്മായി അച്ഛനും വീട്ടിലെ മറ്റുള്ളവര്‍ക്കും ഭക്ഷണം ഉണ്ടാക്കി,കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത്,വീട് അടിച്ചു വാരി കഴുകി വൃത്തിയാക്കി,എല്ലാവരുടെയും തുണി കഴുകി അലക്കി വിരിച്ച്
വീണ്ടും ഭക്ഷണം ഉണ്ടാക്കി എല്ലാവര്ക്കും കൊടുത്ത് മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങി വൈകുന്നേരത്തെ ചായയും കഴിഞ്ഞ് വീണ്ടും രാത്രി ഭക്ഷണം ഉണ്ടാക്കി ഇവരെയെല്ലാം ഊട്ടി തളര്‍ന്നു പോകുന്ന ജീവിതങ്ങളെക്കുറിച്ച് അവര്‍ പറഞ്ഞു.
ആവശ്യത്തിനുളള ഭക്ഷണം പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്നും അവരുടെ ഇഷ്ടങ്ങള്‍ക്ക് യാതൊരു വിലയും ഇല്ല എന്നും ആരും അത് ചോദിക്കുകയില്ല എന്നും വീട്ടില്‍ എന്ത് ഉണ്ടാക്കണമെന്നും എത്ര അളവ് ഉണ്ടാക്കണം എന്നുമൊക്കെ തീരുമാനിക്കുന്നത് പുരുഷന്മാര് ആണ് എന്നും അവര്‍ പറയുകയുണ്ടായി.
പെണ്‍കുട്ടികളാണെങ്കില്‍ ജനിക്കുന്നതിന് മുന്നേ പലരും കൊന്നുകളയുമെന്നും അല്ലെങ്കില്‍ തികഞ്ഞ വിവേചനത്തോടെ വളര്‍ത്തുമെന്നും എല്ലാത്തിനും വിലക്കേര്‍പ്പെടുത്തുമെന്നും
കൂടുതല്‍ വിദ്യാഭ്യാസം നല്‍കാതെ ഏതെങ്കിലും വീട്ടില്‍ കെട്ടിച്ചുവിടുന്നതിന് ആവശ്യമായ എല്ലാ വീട്ട് പണികളും പഠിപ്പിക്കുകയും ചെയ്യുമെന്നും പെണ്‍കുട്ടികളെ ചെറുപ്പത്തിലേ അത്തരമൊരു അടിമത്വത്തിന് പൂര്‍ണ്ണമായും തയ്യാറെടുപ്പിക്കുമെന്നും എല്ലാ ജാതിയിലും മതത്തിലും ഭൂരിഭാഗം സ്ത്രീകളും ഇങ്ങനെയാണ് എന്നും അവര്‍ പറയുകയുണ്ടായി.
രോഗം വന്നാല്‍ ആവശ്യമായ ട്രീറ്റ്മെന്റ് കൊടുക്കാതിരിക്കുക യും സ്വന്തം വീട്ടില്‍ വര്‍ഷത്തില്‍ ഒരാഴ്ചയില്‍ കൂടാതെ പറഞ്ഞയക്കാതിരിക്കുകയും ചെയ്യുന്നു.
അതോടൊപ്പം പ്രായമായവരുടെയും ഭര്‍ത്താവിന്റെയും കാലും കൈയും തടവിക്കൊടുക്കുകയും ചെയ്യണം.തിരിച്ച് ജോലി ചെയ്ത് അവശരായ സ്ത്രീകള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നുമില്ല.
എത്ര അവശതയില്‍ ആയാലും വീട്ട് പണികള്‍ എല്ലാം ചെയ്യേണ്ടി വരികയും റെസ്റ്റ് എടുക്കാന്‍ പറ്റാതെ വരികയും സ്ത്രീകള്‍ പല രോഗത്തിനും ഉടമകള്‍ ആവുകയും ചെയ്യുന്നു. പുറത്ത് പോയി ജോലി ചെയ്യുന്നവരും സമ്പന്ന കുടുംബത്തിലെ സ്ത്രീകള്‍ ഒക്കെയും ഒരേ ജീവിതമാണ് നയിക്കുന്നത് എന്നും അവര്‍ പറയുകയുണ്ടായി.
സമ്പത്തുള്ള സ്ത്രീകള്‍ക്ക് സഹായത്തിന് ആരെയെങ്കിലും വയ്ക്കാമെന്നുളള ചെറിയ ആശ്വാസവും ഉണ്ട്.അതിനും പുറമെ കുടുംബത്തില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ നിരന്തരം പീഡനവും ഉണ്ടാകുന്നതോടെ പല സ്ത്രീകളും മാനസികമായി ആരോഗ്യമില്ലാത്തവരാകുന്നു എന്നും ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തപ്പെടുന്നു എന്നും അവരില്‍ പലരും ഉദാഹരണ സഹിതം പറയുന്നു.
ഇതിനൊക്കെ എന്താണ് പരിഹാരം എന്ന് മീറ്റിംഗില്‍ പങ്കെടുത്ത രണ്ട് പെണ്‍കുട്ടികള്‍ ചോദിച്ചപ്പോള്‍ ഒരു പ്രൊഫസര്‍ സ്ത്രീകള്‍ക്ക് ഈ ചുറ്റുപാടില്‍ നിന്നും പുറത്തു വരാന്‍ കഴിയാത്തിടത്തോളം,മറ്റൊരു ഓപ്ഷന് ലഭിക്കാത്തിടത്തോളം ഇതിന് പരിഹാരം ഉണ്ടാകില്ല എന്നും പറഞ്ഞു.
എന്റെ ചോദ്യം ഇതാണ്. ഇങ്ങ് കേരളത്തിലും ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും സ്ത്രീകളുടെ ജീവിതം ഇതില്‍ നിന്നും വിഭിന്നമാണോ?ചെറിയ ചെറിയ പ്രതിഷേധങ്ങള്‍,നിഷേധങ്ങള്‍, ചെറുത്തുനില്‍പ്പ്, പോരാട്ടം എന്നതിന് അപ്പുറം മിക്കവാറും എല്ലാ കുടുംബ ബന്ധങ്ങളും ഇങ്ങനെയൊക്കെത്തന്നെയല്ലേ മുന്നോട്ട് പോകുന്നത്?
എല്ലാം സഹിച്ച് ഭര്‍തൃ വീട്ടില്‍ പിടിച്ചു നില്‍ക്കണം എന്ന് തന്നെയല്ലേ ഭൂരിഭാഗം അമ്മമാരും പെണ്‍കുട്ടികളോട് പറഞ്ഞു കൊടുത്തിട്ടുണ്ടാകുക?
ഏറ്റവും നന്നായി ഭര്‍തൃ വീട്ടില്‍ ജോലി ചെയ്യുന്നതും ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും പരിചരിക്കുകയും ചെയ്യുന്ന സ്ത്രീ തന്നെയല്ലേ ഉത്തമ സ്ത്രീ?ഓരോരുത്തരില്‍ നിന്നും സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു.
