ബോളിവുഡില്‍ ചുവടുറപ്പിച്ച് വീണ്ടും റോഷൻ മാത്യു!
ബോളിവുഡില്‍ വീണ്ടും ചുവടുറപ്പിച്ച് റോഷന് മാത്യു. ഷാരുഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റര്ടൈന്മെന്റ്സ് നിര്‍മ്മിക്കുന്ന ഡാര്ലിംഗ്സ് എന്ന ചിത്രത്തിലൂടെയാണ് റോഷൻ വീണ്ടും ബോളിവുഡില്‍ അഭിനയിക്കുന്നത്.2021 ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക
ആലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്സില്‍ നായികാ നായകന്മാര്. സൂപ്പര്‍ ഹിറ്റ് സംവിധായകന് അനുരാഗ് കശ്യപ് ഒരുക്കിയ ‘ചോക്ക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷന് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ റോഷന്റെ പ്രകടനം പ്രശംസ നേടിയെടുത്തിരുന്നു.
കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് റോഷന് മാത്യു നായകനായ രണ്ട് ചിത്രങ്ങളാണ് ഒടിടി റിലീസായി എത്തിയത്. ചോക്ക്ഡ് നെറ്റ്ഫ്ലിക്സ് പ്രിമിയറായി എത്തി മികച്ച അഭിപ്രായം നേടിയപ്പോൾ, ഫഹദ് ഫാസിലിനൊപ്പം വേഷമിട്ട ‘സീ യു സൂൺ’ ആമസോൺ പ്രൈം റിലീസായിരുന്നു. ഇപ്പോൾ സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന് മാത്യു അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചിത്രം.
