Malayalam
ക്യാമറമാൻ വില്യംസ് തന്നോട് ക്ലാപ്പ് അടിക്കാൻ ആവശ്യപ്പെട്ടു എന്നാൽ അത് എളുപ്പപ്പണിയായിരുന്നില്ല; പൊടി പാറി, ക്ലാപ്പ് ബോർഡ് എടുത്ത് മമ്മൂക്ക തലയ്ക്ക് അടിച്ചു; മമ്മൂക്കയുമായുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് വിഎം വിനു
ക്യാമറമാൻ വില്യംസ് തന്നോട് ക്ലാപ്പ് അടിക്കാൻ ആവശ്യപ്പെട്ടു എന്നാൽ അത് എളുപ്പപ്പണിയായിരുന്നില്ല; പൊടി പാറി, ക്ലാപ്പ് ബോർഡ് എടുത്ത് മമ്മൂക്ക തലയ്ക്ക് അടിച്ചു; മമ്മൂക്കയുമായുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് വിഎം വിനു
മലയാളി സിനിമാ പ്രേമികൾക്ക് എന്നും ഓർത്തുവെക്കാൻ പാകത്തിന് മികച്ച ചിത്രങ്ങൾ നൽകിയ സംവിധായകനാണ് വി എം വിനു. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാനവേഷത്തിൽ അവതരിപ്പിച്ചു കൊണ്ട് മികച്ച ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ചരകല്യാണം, പല്ലാവൂർ ദേവനാരായണൻ, ബലേട്ടൻ, വേഷം, ബസ് കണ്ടക്ടർ എന്ന് തുടങ്ങി മലയാളികളുടെ പ്രിയ നായികാനായകന്മാർ തകർത്തഭിനയിച്ച സിനിമകളൊക്കയും വിനുവിന്റേതായിരുന്നു . ആകാശത്തിലെ പറവകൾ, മയിലാട്ടം,മകന്റെ അച്ഛൻ,പെൺപട്ടണം തുടങ്ങിയവയാണ് വിഎം വിനു സംവിധാനം ചെയ്ത മറ്റ് സിനിമകൾ.
സഹസംവിധായകനായിട്ടാണ് വിനു സിനിമാ ജീവിതം തുടങ്ങുന്നത് . പിന്നീട് 7 ഓളം സിനിമകളിൽ അസോസിയേറ്റായും പ്രവർത്തിച്ചിട്ടാണ് സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്.
ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പമുള്ള ആദ്യത്തെ രസകരമായ സിനിമാ അനുഭവം പങ്കുവെയ്ക്കുകയാണ് വിഎം വിനു. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് പഴയ കഥ വെളിപ്പെടുത്തിയത്. സഹസംവിധായകനായിരിക്കുന്ന സമയത്താണ് മെഗാസ്റ്റാറിനെ ആദ്യമായി നേരിൽ കാണുന്നത്. അന്ന് നടന്ന ഒരു രസകരമായ സംഭവവും അദ്ദേഹം പറയുന്നുണ്ട്.
“1989 ൽ ജി എസ് വിജയൻ സംവിധാനം ചെയ്ത ‘ചരിത്രം’ എന്ന സിനിമാ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. മമ്മൂട്ടി, റഹ്മാൻ, ജഗതി ശ്രീകുമാർ, ശോഭന, ജനാർദ്ദനൻ, മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വൻ താരനിര അണിനിരന്ന ചിത്രത്തിൽ അണിയറയിലും മികച്ച ടെക്നീഷ്യന്മാരായിരുന്നു.
എസ് എൻ സ്വാമി ആയിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്. സൂര്യോദയയുടെ ബാനറിൽ സുരേഷ് കുമാറും സനൽ കുമാറുമാണ് ചിത്രം നിർമമ്മിച്ചത്. ജെ. വില്യംസ് ആയിരുന്നു ക്യാമറ ചെയ്തിരുന്നത്. ത്യാഗരാജൻ മാസ്റ്ററായിരുന്നു സംഘട്ടനം. നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന ആളുകൾക്കൊപ്പം വർക്ക് ചെയ്യാൻ പോകുന്നതിന്റെ ത്രില്ലായിരുന്നു അന്നെനിക്ക്.
ഒരു പുതുമുഖ സംവിധായകന്റെ ടെൻഷൻ എന്താണെന്ന് മനസ്സിലായത് ആ ചിത്രത്തിലൂടെയായിരുന്നു. ജി എസ് വിജയന്റെ ആദ്യത്തെ ചിത്രമായിരുന്നു ‘ചരിത്രം’. എങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ആ ഒരു ടെൻഷനില്ലായിരുന്നു. സംവിധായകൻ ഹരിഹരനോടൊപ്പം കുറെ ചിത്രങ്ങളിൽ അസോസിയേറ്റായി വർക്ക് ചെയ്ത ആളാണ് അദ്ദേഹം.
തന്നോട് ചെറിയ താൽപര്യം അദ്ദേഹത്തിനുണ്ടായിരുന്നു. റിപ്പോർട്ട് എഴുതാനുള്ള ചുമതലയായിരുന്നു എനിക്ക് അന്ന് നൽകിയത്. തുടക്കത്തിൽ മമ്മൂക്ക സെറ്റിൽ ഇല്ലായിരുന്നു. റഹ്മാനും ശോഭനയും ജനാർദ്ദനൻ ചേട്ടനുമായുള്ള സീനുകളാണ് ആദ്യം എടുത്തത് . സാധാരണ അസിസ്റ്റന്റ്മാരാണ് ക്ലാപ്പ് അടിക്കുന്നത്. എന്നാൽ അന്ന് എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ആർട്ടിലെ ആളുകളായിരുന്നു ക്ലാപ്പ് അടിച്ചത്.
ഒരിക്കൽ ക്യാമറമാൻ വില്യംസ് തന്നോട് ക്ലാപ്പ് അടിക്കാൻ ആവശ്യപ്പെട്ടു എന്നാൽ അത് എളുപ്പപ്പണിയായിരുന്നില്ല. അന്ന് ചോക്ക് കൊണ്ടാണ് ബോർഡിൽ സീൻ നമ്പർ എഴുതിയിരുന്നത്. ആർട്ടിസ്റ്റുകളുടെ ദേഹത്ത് പൊടി പാറാതെ വേണം ക്ലാപ്പ് അടിക്കാൻ. തനിക്ക് പരിചയം ഇല്ലാത്തത് കൊണ്ട് തന്നെ ഒരുപാട് വഴക്ക് കേൾക്കേണ്ടി വന്നിരുന്നു.
അങ്ങനെ മമ്മൂക്ക സെറ്റിലെത്തുന്ന ദിവസമായി. ക്ലാപ്പ് അടിക്കൽ തനിക്ക് അത്ര വശവുമായിരുന്നില്ല. സെറ്റിലുള്ള പലരും അത് പറഞ്ഞ് തന്നെ ഭയപ്പെടുത്തി. മമ്മൂക്ക വരുന്നത് അറിഞ്ഞതോടെ സെറ്റിൽ ആകെ മാറ്റമായിരുന്നു. അതുവരെ ടെൻഷൻ മുഖത്ത് കാണാതിരുന്ന സംവിധായകന്റെ മുഖത്തും ചെറിയ പരിഭ്രമം കണ്ടു. അന്ന് രാത്രി ശരിക്കും ഉറങ്ങാ ൻ കഴിഞ്ഞില്ല.
മമ്മൂട്ടി സെറ്റിലെത്തി. ആ സമയത്ത് ഞാൻ അവിടെ നിൽക്കുന്നുണ്ട്. ക്ലാപ്പ് അടിച്ചു, പൊടി പാറി. അദ്ദേഹം ദേഷ്യം കൊണ്ട് ക്ലാപ്പ് ബോർഡ് കൊണ്ട് എന്റെ തലയ്ക്ക് ഒറ്റ അടി. പെട്ടെന്നാണ് മുറിയിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നത്. ചായ കൊണ്ട് വരുന്ന പയ്യൻ വാതിലിൽ മുട്ടിയതായിരുന്നു. പിന്നീടാണ് അത് സ്വപ്നമാണെന്ന് മനസ്സിലായത്. ഈ കാര്യ ഞാൻ അസോസിയേറ്റിനോട് പറഞ്ഞിരുന്നു.
എന്നാൽ അങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അവസാനം ഷൂട്ടിങ്ങ് ദിവസം എത്തി. മമ്മൂക്ക വന്നു. പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ചെറിയ വഴക്കുകൾ അദ്ദേഹത്തിൽ നിന്ന് കേട്ടിരുന്നു. എന്നാൽ ഷൂട്ടിങ്ങ് കഴിഞ്ഞ് എന്നോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം പോയത്. അതെനിക്ക് മറക്കാൻ കഴിയാത്ത സംഭവമായിരുന്നു. മമ്മൂട്ടിയ്ക്ക് ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് വിഎം വിനു.
about mammootty
