ആ ഭീഷണിക്ക് മുന്നില്‍ ഞാന്‍ മുട്ടുമടക്കി, സിനിമ വിചാരിച്ചത് പോലെ വന്നില്ല, സാമ്പത്തിക വിജയം നേടിയില്ല ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്
ജയറാം- വിജി തമ്പി കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നന്മനിറഞ്ഞവന് ശ്രീനിവാസന്. ജയറാം ടൈറ്റില്‍ റോളിലെത്തിയ സിനിമയില്‍ ഉര്‍വ്വശി, രഞ്ജിനി തുടങ്ങിയവരായിരുന്നു നായികമാരായി എത്തിയത്. ഇപ്പോഴിതാ ക്ലൈമാക്സ് മാറ്റിയതിന് പിന്നാലെ സിനിമയ്ക്ക് സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് നിര്‍മ്മാതാവ് കലിയൂര്‍ ശശി
ഒരു ഹോളിവുഡ് ചിത്രം കണ്ട് അത് മലയാളത്തിലെടുക്കാന്‍ തോന്നിയിരുന്നു എന്ന് നിര്‍മ്മാതാവ് പറയുന്നു. ‘കോമഡിക്ക് പ്രാധാന്യമുളള ഒരു ചിത്രമായിരുന്നു. രഞ്ജിത്തിനെ തിരക്കഥ എഴുതാന്‍ ഏല്‍പ്പിച്ചു. ജയറാം, ജഗതി, മുകേഷ് തുടങ്ങിയ താരങ്ങളായിരുന്നു എന്റെ മനസില്‍. അങ്ങനെ രഞ്ജിത്ത് എഴുത്ത് ആരംഭിച്ചു. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ പകുതി വരെ രഞ്ജിത്ത് എഴുതി. എന്നാല്‍ പിന്നീട് അങ്ങോട്ട് എഴുതാന്‍ കഴിഞ്ഞില്ല.
എനിക്ക് ഒരു സിനിമ പിടിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ വിജയരാഘവന് ഒരുദിവസം പറഞ്ഞു; ശശി രഞ്ജിത്ത് പറയുന്നത് കേള്‍ക്ക്. രഞ്ജിത്ത് വേറൊരു കഥ തരും, ഞാന്‍ കേട്ടു, നല്ല കഥയാണ്. റിയലിസ്റ്റിക് സിനിമയാണ്. ഫാമിലിയാണ് എന്ന്’. അങ്ങനെ മനസില്ലാമനസോടെയാണ് മറ്റൊരു കഥ കേള്‍ക്കുന്നത്. അങ്ങനെ നന്മനിറഞ്ഞവന് ശ്രീനിവാസന്റെ ഷൂട്ടിംഗ് തുടങ്ങി.
ആദ്യം തന്നെ ഡിസ്ട്രിബ്യൂഷന്‍ കൊടുത്തു. അങ്ങനെ പതിനെട്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ വിതരണക്കാരനായ ഒരാള്‍ ക്ലൈമാക്സില്‍ ചെറിയ മാറ്റം വരുത്തണമെന്ന് സംവിധായകനോടും എഴുത്തുകാരനോടും പറഞ്ഞു. ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല’, ഞാന്‍ പൈസ സംഘടിപ്പിക്കാനുളള ഓട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ സെറ്റിലെത്തിയപ്പോള്‍ സംവിധായകന് ക്ലൈമാക്സ് മാറ്റിയ കാര്യം എന്നോട് പറഞ്ഞു.
അതങ്ങനെ ശരിയാവും ഒന്നും മാറ്റില്ലെന്ന് ആദ്യമേ പറഞ്ഞതല്ലെ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പുതിയ ക്ലൈമാക്സ് അല്ലെങ്കില്‍ ഞാന്‍ ഇതില്‍ ഉണ്ടാവില്ലെന്ന് വിജി തമ്പി പറഞ്ഞു. ഇന്നത്തെ ഞാനായിരുന്നെങ്കില്‍ പോയി പണി നോക്കിക്കോ എന്ന് പറയുമായിരുന്നു’, നിര്‍മ്മാതാവ് പറയുന്നു. എന്നാല്‍ ആദ്യ സിനിമയായതുകൊണ്ട് അന്ന് എനിക്ക് അതിനുളള ധൈര്യമില്ല. അവസാനം ആ ഭീഷണിക്ക് മുന്നില്‍ ഞാന്‍ മുട്ടുമടക്കി. അന്ന് ഇത് ഓടില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. ആദ്യ പകുതി നന്നായി ചിരിക്കാനുളള രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അത്ര ആസ്വദിപ്പിച്ച രംഗങ്ങളില്ല. പടം അവസാനം വിചാരിച്ചത് പോലെ വന്നില്ല. സാമ്പത്തിക വിജയം നേടിയില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്, കലിയൂര്‍ ശശി പറഞ്ഞു.
