Malayalam
ആ സംസാരത്തിനിടയിൽ കയ്യിലേക്കിട്ടുതന്ന സ്നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ഞാനും ചെന്നില്ല, ചെന്നാൽ ഞാൻ കരയും; രഘുനാഥ് പലേരി
ആ സംസാരത്തിനിടയിൽ കയ്യിലേക്കിട്ടുതന്ന സ്നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ഞാനും ചെന്നില്ല, ചെന്നാൽ ഞാൻ കരയും; രഘുനാഥ് പലേരി
മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദം സോഷ്യൽ മീഡിയയിൽ ചൂട് പിടിയ്ക്കുന്നതിനിടെ മാമുക്കോയെയെ കാണാൻ താൻ പോകാതിരുന്നതിനെ കുറിച്ച് തിരക്കഥാകൃത്ത് രഘുനാഥ് പലേരി പറയുന്നു
മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രത്തിന്റെ രചയിതാവായ രഘുനാഥ് പലേരി മാമുക്കോയയെ ഓര്‍ത്ത് എഴുതിയ ചെറിയൊരു കുറിപ്പ് ഇന്നലെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
‘മഴവില്‍ക്കാവടി’ എന്ന ചിത്രത്തില്‍ ‘കുഞ്ഞിക്കാദറെ’ന്ന പോക്കറ്റടിക്കാരനെയായിരുന്നു മാമുക്കോയ്‍ക്ക് സത്യൻ അന്തിക്കാടും രഘുനാഥ് പലേരിയും നീക്കിവെച്ചത്. ഹിറ്റായ ആ ചിത്രത്തില്‍ നിന്നുള്ള ഫോട്ടോ പലരും ഇന്നലെ പങ്കുവെച്ചിരുന്നു. ഇന്നസെന്റ്, ഒടുവില്‍ , പറവൂര്‍ ഭരതൻ, ശങ്കരാടി, മാമുക്കോയ, കരമന ജനാര്‍ദ്ദനൻ നായര്‍, ജഗനാഥൻ എന്നിവരായിരുന്നു ആ ഫ്രെയിമില്‍ ഉണ്ടായിരുന്നു. എക്കാലവും മലയാള സിനിമ ഓര്‍ക്കുന്ന ആ കൂട്ടത്തിലെ അവസാന ആളും പോയ ദു:ഖം പങ്കുവയ്‍ക്കുകയായിരുന്നു ആരാധകര്‍. മഹാരഥൻമാരായ നടൻമാര്‍ ഫോട്ടോയില്‍ ഒന്നിച്ചുള്ളത് കണ്ടപ്പോള്‍ ആ സുവര്‍ണകാലത്തേയ്‍ക്ക് പലരുടെയും ഓര്‍മകള്‍ പോയിരുന്നിരിക്കണം. ‘മഴവിൽക്കാവടി’യാടി രസിച്ച് ഇഷ്‍ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ ‘കുഞ്ഞിക്കാദറി’നെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി എന്നാണ് രഘുനാഥ് പലേരി എഴുതിയത്. മനസ്സിൽ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങൾ സ്വത്വം നഷ്‍ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു. ആ കണ്ണീർതുള്ളികളാവും യാ മത്താ…. യാ സത്താ….യാ…. ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക. ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാൻ നനയും. അതിൽ ഒരു ‘കുഞ്ഞിക്കാദർ’ സ്‍പർശമുണ്ടാകും എന്നും രഘുനാഥ് പലേരി എഴുതിയിരിക്കുന്നു.
ഒരു കമന്റില്‍, താൻ എന്തുകൊണ്ടാണ് മാമുക്കോയയെ കാണാൻ പോകാതിരുന്നത് എന്നും രഘുനാഥ് പലേരി വ്യക്തമാക്കുന്നു. ചങ്ങാതിയുടെ മകളുടെ വിവാഹത്തിന് രണ്ട് മാസങ്ങൾക്ക് മുൻപ് പോയപ്പോഴാണ് ശ്രീ മാമുക്കോയയെ ഞാൻ വീണ്ടും കാണുന്നത്. കുറേനേരം കയ്യിൽ പിടിച്ചുള്ള ആ സംസാരത്തിനിടയിൽ കയ്യിലേക്കിട്ടുതന്ന സ്നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ഞാനും ചെന്നില്ല. ചെന്നാൽ ഞാൻ കരയും. എനിക്കെന്തോ കരയാൻ ഇപ്പോൾ തീരെ ഇഷ്‍ടമില്ല എന്ന് രഘുനാഥ് പലേരി കമന്റായി എഴുതിയിരിക്കുന്നു.
