News
തമിഴിലും തെലുങ്കിലുമെല്ലാം ബീഫ് തന്നെ, കന്നഡയിലെത്തിയപ്പോള്‍ ബീഫ് മട്ടണ്‍ ആയി; സോഷ്യല്‍ മീഡിയയില്‍ വൈറലായി നെറ്റ്ഫഌക്സിന്റെ ബീഫ് പേടി
തമിഴിലും തെലുങ്കിലുമെല്ലാം ബീഫ് തന്നെ, കന്നഡയിലെത്തിയപ്പോള്‍ ബീഫ് മട്ടണ്‍ ആയി; സോഷ്യല്‍ മീഡിയയില്‍ വൈറലായി നെറ്റ്ഫഌക്സിന്റെ ബീഫ് പേടി
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘തല്ലുമാല’. ചിത്രം നെറ്റ്ഫഌക്സില്‍ എത്തിയതോടെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. ചിത്രത്തിന്റെ കന്നട പതിപ്പില്‍ ബീഫ് എന്നത് വെട്ടിമാറ്റി മട്ടന്‍ എന്നാക്കിയതാണ് പുതിയ വിവാദങ്ങള്‍ ഉടലെടുക്കാന്‍ കാരണം. നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്.
ജംഷിയും വസീമും തമ്മില്‍ പള്ളിയില്‍ വച്ച് നടക്കുന്ന ആദ്യ തല്ലിന് മുമ്പ് സംസാരിക്കുന്ന സമയത്തും, വസീമിന്റെ കല്യാണത്തിന്റെ സമയത്തുമെല്ലാം ബീഫ് പപ്പ്സും ബീഫ് ബിരിയാണിയും കടന്നു വരുന്നുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം ബീഫ് ബീഫായി കാണിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കന്നടയിലേയ്ക്ക് എത്തുമ്പോള്‍ നെറ്റ്ഫഌക്സിലെ കന്നട പതിപ്പിന്റെ ഡയലോഗിലും സബ്ടൈറ്റിലിലും ബീഫില്ല. ബീഫിന് പകരം മട്ടന്‍, കറി എന്നീ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെയാണ് നെറ്റ്ഫഌക്സിന്റെ പേടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാവുന്നത്. നെറ്റ്ഫ്ളിക്സിന്റെ ബീഫ് പേടി നേരത്തെയും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
നെറ്റ്ഫ്ളിക്സ് തയ്യാറാക്കിയ സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പാട്ടില്‍ ‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്ന നീരജ് മാധവന്റെ മലയാളം റാപ്പ് ‘പൊറോട്ടേം ബിഡിഎഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാക്കി നെറ്റ്ഫഌക്സ് മാറ്റിയിരുന്നു.
നേരത്തെ, സബ്ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്, രചയിതാവ്, സംവിധായകന് എന്നിവരുടെ അനുവാദമില്ലാതെയാണ് എഡിറ്റ് ചെയ്തതെന്നും ഇത് അന്യായവും അനീതിയുമാണെന്നും കാട്ടി ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ് സോഷ്യല്‍ മീഡിയയിലൂടെ രംഗതെത്തിയിരുന്നു. ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്’ ആണ് തല്ലുമാലയുടെ സബ്ടൈറ്റില്‍ ചെയ്തത്.
