ചിലർ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ്. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും. ; മനസ്സ് തുറന്ന് മഞ്ജു വാര്യർ !
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. 1995 ല്‍ സാക്ഷ്യത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ മഞ്ജുവിനെ തേടിയെത്തിയത് മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളായിരുന്നു. സല്ലാപത്തിലെ രാധയും, ആറാം തമ്പുരാനിലെ ഉണ്ണിമായയും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയുമെല്ലാം ആ കാലഘട്ടത്തിലെ പുതിയൊരു നായിക സങ്കല്‍പ്പമാണ് മലയാളിക്ക് നല്‍കിയത്.ആദ്യകാലത്ത് സ്ത്രീകേന്ദ്രിതമായ സിനിമകള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെടുത്ത മഞ്ജു തന്റെ തിരിച്ചുവരവിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ച വരുത്തിയില്ല. അതു തന്നെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം മഞ്ജുവിന് ലഭിക്കാനിടയാക്കിയതും. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദത്തിന് രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും ഒരുപാട് ആണ്‍ സൂപ്പര്‍ സ്റ്റാറുകളുള്ള ഇക്കാലത്ത് ആ പദം ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു പറയേണ്ടിയിരിക്കുന്നു.
ഹൗ ഓള്‍ഡ് ആര്‍യു, തിരിച്ചുവരവിന് തിരഞ്ഞെടുത്ത ചിത്രം തന്നെ മഞ്ജു മലയാള സിനിമയിലുണ്ടാക്കാന്‍ പോകുന്ന മാറ്റത്തിന്റെ തുടക്കമായിരുന്നു
വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്‌കളങ്കമായ പുഞ്ചിരിയും അതിലുപരി ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും മഞ്ജു മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം മഞ്ജു വീണ്ടും മോളിവുഡില്‍ സജീവമായിരിക്കുകയാണ്. മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യര്‍.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തനിക്ക് നേരെ വരുന്ന വാർത്തകളേക്കുറിച്ചും ട്രോളുകളേക്കുറിച്ചും മനസ് തുറന്ന് നടി മഞ്ജു വാര്യര്‍. കണ്‍സ്ട്രക്ടീവ് ക്രിട്ടിസിസവും വ്യക്തിപരമായി വേദനിപ്പിക്കാൻ പറയുന്നതും മനസിലാകും, തന്നെ അതൊന്നും വലുതായി ബാധിക്കാറില്ലെന്നും നടി പറഞ്ഞു. ഫ്ലവേഴ്സ് ഒരുകോടിയിൽ സംസാരിക്കുകയായിരുന്നു മഞ്ജു.
“മഞ്ജു എന്ന വ്യക്തിയെ ഒരിക്കലും ഇതൊന്നും ഇന്‍ഫ്‌ളുവന്‍സ് ചെയ്യില്ല. പക്ഷേ ഒരു നെഗറ്റീവ് കമന്റാണെങ്കില്‍ അതില്‍ കഴമ്പുണ്ടോ എന്നാണ് ഞാന്‍ ആദ്യം നോക്കുക. കഴമ്പുണ്ട്, ഞാനത് ശ്രദ്ധിക്കേണ്ടതാണ് എന്ന് തോന്നിക്കഴിഞ്ഞാല്‍ ഇംപ്രൂവ് ചെയ്യാന്‍ നോക്കാറുണ്ട്. ചിലപ്പോഴൊക്കെ ഞാന്‍ പോലുമറിയാതെ എന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചില വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് ഇതേ പോലെയുള്ള അഭിപ്രായങ്ങളായിരിക്കും. ചില കാര്യങ്ങള്‍ മാത്രം. എല്ലാമല്ല. പക്ഷേ ചിലതൊക്കെ മനപൂര്‍വം വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതാവും. അത് നമുക്ക് തിരിച്ചറിയാന്‍ കഴിയും. കണ്‍സ്ട്രക്ടീവായ ക്രിട്ടിസിസം ഞാന്‍ സ്വാഗതം ചെയ്യാറുണ്ട്,” മഞ്ജു വാര്യര്‍ പറഞ്ഞു.
സ്തുതിപാഠകരെ അടുപ്പിച്ചോ – അകറ്റിയോ നിർത്തുക എന്ന ചോദ്യത്തിന് തനിക്ക് ചുറ്റും അങ്ങനെ സ്തുതിപാഠകർ ഇല്ലെന്നും, ഒപ്പമുള്ളവരെല്ലാം തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരാണ് എന്നും നടി പറഞ്ഞു. അങ്ങനെയുള്ളവരെയാണ് കൂടുതൽ ഇഷ്ടമെന്നും സ്വയമേ മെച്ചപ്പെടാൻ ചെയ്യാന്‍ വേണ്ടിയാണെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേർത്തു.
“
തുടക്കത്തിലൊക്കെ ഞാന്‍ ഡിസ്റ്റേര്‍ബ്ഡ് ആകുമായിരുന്നു. പിന്നീട് അതൊരു പ്രത്യേകതരം മാനസികാവസ്ഥയാണ് എന്ന് മനസിലാക്കാനുള്ള പക്വത എനിക്ക് വന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായിട്ടുള്ള ഒരു പ്രവണത എനിക്ക് തോന്നിയിട്ടുള്ളത് ആര് എന്ത് അഭിപ്രായം നല്ല രീതിയില്‍ പറഞ്ഞാലും അതിനെ വളച്ചൊടിച്ച് ഒരു രാഷ്ട്രീയമോ മതമോ ഒക്കെ കൂട്ടിക്കുഴച്ച് നമ്മള്‍ പോലും കാണാത്ത രീതിയില്‍ അതിനെ വളച്ചൊടിക്കുമെന്നാണ്.
പണ്ടൊക്കെ പല കാര്യങ്ങളിലും അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു. പക്ഷേ ഇപ്പോള്‍ അഭിപ്രായങ്ങള്‍ പറയാൻ ഭയം തോന്നും .പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല അത് ചിത്രീകരിക്കുന്നത്. അപ്പോള്‍ ആവശ്യമുള്ളിടത്ത് മാത്രം സംസാരിച്ചാല്‍ മതിയെന്നുള്ളതാണ്,” സോഷ്യല്‍ മീഡിയയിലെ ‘പൊങ്കാല’കളെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞു.