17 വർഷം മുമ്പുള്ള എന്റെ ആദ്യ ചിത്രം; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലക്ഷ്മി പ്രിയ!
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മി പ്രിയ . പ്രേക്ഷകർക്കിടയിലും മികച്ച അഭിപ്രായമാണ് നടിക്കുള്ളത്. ഈ അഭിപ്രായത്തെ ഒരു പടി കൂടി ഉയർത്തുന്നതായിരുന്നു ബിഗ് ബോസ്സിലെ ലക്ഷ്മി പ്രിയയുടെ പ്രകടനം. തന്റേതായ നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും വീടിനകത്ത് ലക്ഷ്മിക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉയർന്ന ഒളിയമ്പുകളെ തരണം ചെയ്ത് ബിഗ് ബോസ് സീസൺ നാലിലെ ഫൈനൽ സിക്സിൽ വരെ ലക്ഷ്മി പ്രിയ എത്തി. ബിബിയിൽ നിന്നും വന്ന ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായ ലക്ഷ്മി പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ ആദ്യ സിനിമയുടെ ലൊക്കേഷൻ ഓർമയാണ് ലക്ഷ്മി പ്രിയ പങ്കുവച്ചിരിക്കുന്നത്. ’17 വർഷം മുമ്പുള്ള എന്റെ ആദ്യ ചിത്രം നരൻ’ എന്ന അടിക്കുറിപ്പോടെ മോഹൻലാലിനോപ്പം കസേരയിൽ ഇരിക്കുന്ന ചിത്രമാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ വളരെ സ്വാഭാവികമായും ലക്ഷ്മിപ്രിയ വായ പൊത്തി ചിരിക്കുന്നതും കാണാം. ഇന്നസെന്റ് അങ്കിൾ തങ്ങളുടെ മുന്നിൽ ഇരിപ്പുണ്ടെന്നും അദ്ദേഹത്തിന്റെ തമാശക്കാണ് ചിരിക്കുന്നതെന്നും ലക്ഷ്മി ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.
2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 200ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ ലക്ഷ്മി നല്ലൊരു എഴുത്തുകാരി എന്ന നിലക്കും തന്റെ കഴിവ് തെളിയിച്ചിരുന്നു. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന നടിയുടെ കൃതി വളരെ പ്രശസ്തമാണ്.
സമൂഹത്തിൽ നടക്കുന്ന രാഷ്ട്രീയവും വിശ്വാസപരവുമായ വിഷയങ്ങളിൽ മുഖം നോക്കാതെ അഭിപ്രായം പറയാൻ ലക്ഷ്മിക്കു മടിയില്ല. അതിന്റെ പേരിൽ പരിഹാസങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സബീന എന്ന യഥാര്ത്ഥ പേര് ഔദ്യോഗികമായി സര്ക്കാര് ഗസറ്റിലൂടെ ലക്ഷ്മിപ്രിയ എന്നാക്കി മാറ്റിയ വിവരവും സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം അറിയിച്ചത്.
