ബ്രഹ്മാസ്ത്രയുടെ തകർപ്പൻ വിജയം; ദേശീയ സിനിമാ ദിനം മാറ്റിവച്ചു!
മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ചൊവ്വാഴ്ച, സെപ്തംബർ 16 ന് ആഘോഷിക്കാൻ നിശ്ചയിച്ചിരുന്ന ദേശീയ സിനിമാ ദിനം സെപ്തംബര്‍ 23 ലേക്ക് മാറ്റിവച്ചു. 75 രൂപയ്ക്ക് സിനിമ ടിക്കറ്റുകള്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കികൊണ്ടാണ് ദേശീയ സിനിമാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നത്. രാജ്യത്തെ ഒട്ടനവധി മള്‍ട്ടി പ്ലക്സുകള്‍ ഇതില്‍ പങ്കാളികളാകുമെന്നും അറിയിപ്പുണ്ടായിരുന്നു.
ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് സിനിമാ ദിനം മാറ്റിവയ്ക്കുന്നതിന് കാരണമായി തീര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാന് മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര 200 കോടിയോളം വരുമാനം നേടിയെന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത്.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു ബോളിവുഡ് സിനിമ തിയേറ്ററുകളില്‍ വിജയം നേടുന്നത്. വാരാന്ത്യത്തോട് അടുക്കുന്നതിനാല്‍ വെള്ളിയാഴ്ച കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലേക്കെത്തും. മാത്രവുമല്ല ഒരു സിനിമ റിലീസ് ചെയ്താല്‍ ആദ്യത്തെ രണ്ടാഴ്ചകളിലെ വരുമാനം നിര്‍ണായകമാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സിനിമാ ദിനം മാറ്റിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
