നേര്‍ച്ചക്കോഴി എന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്;അതെന്താണെന്ന് എനിക്കാദ്യം മനസിലായിരുന്നില്ല; ലോഹിതദാസിനെ കുറിച്ച് മഞ്ജു വാര്യർ
മഞ്ജു വാര്യര്‍ മലയാള സിനിമയുടെ മുഖശ്രീ ആണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എത്ര പുതുമുഖ നായികമാര്‍ വന്നാലും മലയാളിയുടെ മനസ്സില്‍ മഞ്ജു വാര്യര്‍ക്കുള്ള സ്ഥാനം ഇന്നും അതേപടി ഉണ്ട്. സല്ലാപമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. 1995ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ദിലീപ് നായകനായെത്തിയ ചിത്രത്തില്‍ മനോജ് കെ ജയന്‍, കലാഭവന്‍ മണി, ബിന്ദു പണിക്കര്‍, മാള അരവിന്ദന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മാമുക്കോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. മഞ്ജു ശരിയായി ചെയ്തില്ലെങ്കില്‍ ആനിയെ വിളിച്ചേക്കുമെന്ന് അന്ന് ലോഹി സാര്‍ പറഞ്ഞിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു താരം സല്ലാപത്തെക്കുറിച്ചും ലോഹിതദാസ് സമ്മാനിച്ച കഥാപാത്രങ്ങളെക്കുറിച്ചും പറഞ്ഞത്.
ലോഹിതദാസിന്റെ മൂന്ന് ക്യാരക്ടേഴ്‌സ് എനിക്കിങ്ങനെ വീണുകിട്ടിയിട്ടുണ്ട്. നേര്‍ച്ചക്കോഴി എന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്. അതെന്താണെന്ന് എനിക്കാദ്യം മനസിലായിരുന്നില്ല. സിനിമ ഇറങ്ങിയതിന് ശേഷമായാണ് അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചത്. സിനിമയില്‍ത്തന്നെയാണ്, സിനിമയ്ക്ക് വേണ്ടിയുള്ളതാണ് മഞ്ജു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേര്‍ച്ചയിട്ടാലേ അഭിനയിക്കൂ എന്നാണോയെന്നായിരുന്നു എന്റെ സംശയം
സല്ലാപത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് ഞാന്‍ നല്ല സംശയത്തിലായിരുന്നു. ഇത് ഞാന്‍ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയായിരുന്നു. അത്രയും വലിയൊരു കഥാപാത്രമാണ്. സാക്ഷ്യത്തില്‍ ഞാന്‍ ചെറിയൊരു വേഷമാണ് ചെയ്തത്. എനിക്ക് വേറെ എക്‌സ്പീരിയന്‍സൊന്നുമില്ലായിരുന്നു. ഞാന്‍ ചെയ്തത് ശരിയായില്ലെങ്കില്‍ സേഫായിട്ട് ചെയ്യാനായി വേറൊരു നടിയുടെ ഡേറ്റ് കൂടി വാങ്ങിവെച്ചിരുന്നുവെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ആനി ചേച്ചിയുടെ ഡേറ്റൊക്കെ വാങ്ങിച്ച് വെച്ചിരുന്നുവെന്ന് കേട്ടിരുന്നു. ശരിക്ക് ചെയ്തില്ലെങ്കില്‍ വേറെ ആള്‍ വരുമെന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കാന്‍ വേണ്ടിയാണോ അങ്ങനെ ചെയ്തത് എന്നറിയില്ല.
ആ ക്യാരക്ടര്‍ ഞാന്‍ ചെയ്താല്‍ ശരിയാവുമെന്ന് മൊത്തം ടീമിനും ഉറപ്പ് കൊടുത്തയാളാണ് ലോഹി സാര്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തരുമായിരുന്നു. അഭിനയിച്ച് കാണിച്ച് തരാറുണ്ട് അദ്ദേഹം. ആ കഥാപാത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞ് തന്നിരുന്നു അദ്ദേഹം. നമുക്കത് കേള്‍ക്കാനും രസമാണ്. കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും സാധിക്കും.
അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലെ കഴമ്പാണ് സിനിമകളിലും കണ്ടത്. സല്ലാപം, തൂവല്‍ക്കൊട്ടാരം, കന്മദം, ഈ മൂന്ന് സിനിമകളാണ് അദ്ദേഹത്തിനൊപ്പം ചെയ്തത്. എന്റെ ക്യാരക്ടറിനെക്കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാതെ പറയുന്നതാണ് കന്മദത്തിലെ ഭാനുമതി. നാടന്‍ പെണ്‍കുട്ടിയെ തേടിയുള്ള യാത്രയ്ക്കിടയിലായിരുന്നു സംവിധായകനും സംഘവും മഞ്ജുവിന്റെ ഫോട്ടോ കണ്ടത്. അമ്പലത്തില്‍ പോവുന്നതിനിടെ കലാഭവന്‍ മണിയെ തിരിഞ്ഞ് നോക്കുന്നതായിരുന്നു ആദ്യം ചിത്രീകരിച്ചത്. പിന്നാലെ വരുന്ന ബിന്ദു പണിക്കര്‍ കാര്യം തിരക്കുന്നതും ആ രംഗത്തുണ്ടായിരുന്നു. മഞ്ജു അവതരിപ്പിച്ച രാധയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ശ്രീജയായിരുന്നു.
