Malayalam
14-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം, പ്രദർശിപ്പിക്കുന്നത് 261 ചിത്രങ്ങൾ
14-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം, പ്രദർശിപ്പിക്കുന്നത് 261 ചിത്രങ്ങൾ
14-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം. വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കൈരളി-ശ്രീ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ആറ് ദിവസങ്ങളിലായി നടത്തുന്ന മേളയിൽ 261 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 69 ചിത്രങ്ങൾ മത്സരിക്കും. ‘മരിയുപോളിസ് 2’ ആണ് ഉദ്ഘാടന ചിത്രം. ഉക്രൈന് യുദ്ധത്തിന്റെ സംഘര്‍ഷഭരിതമായ കാഴ്ചകള്‍ പകര്‍ത്തുന്ന ചിത്രം ലിത്വാനിയ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. സംവിധായകനായ മന്‍താസ് ക്വൊരാവിഷ്യസ് ഈ സിനിമയുടെ ചിത്രീകരണത്തിനിടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. മരിയുപോള്‍ എന്ന യുദ്ധകലുഷിതമായ ഉക്രൈന് നഗരത്തിലെ ജനജീവിതത്തിന്റെ ദുരിതവും സഹനങ്ങളുമാണ് ചിത്രം പറയുന്നത്.
നാല് നിശബ്ദ ചിത്രങ്ങൾ ഉൾപ്പടെ 13 ചിത്രങ്ങളാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ പ്രദർശനത്തിന് എത്തുക. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ 18 ചിത്രങ്ങളും 10 ക്യാമ്പസ് ചിത്രങ്ങളും ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 28 ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 44 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് ആറു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക. 1200ല്‍പ്പരം പ്രതിനിധികളും ചലച്ചിത്രപ്രവര്‍ത്തകരായ 250ഓളം അതിഥികളും മേളയില്‍ പങ്കെടുക്കും. മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ് നിർവഹിച്ചത്. ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി ആദ്യ പാസ് ഏറ്റുവാങ്ങി. മേളയിൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നും തുടരുമെന്ന് അക്കാദമി സെക്രട്ടറി സി അജയ് അറിയിച്ചു.
