News
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതിച്ച് കുടുംബം; നടപടിക്രമങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും ആവശ്യം
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതിച്ച് കുടുംബം; നടപടിക്രമങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും ആവശ്യം
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതിച്ച് കുടുംബം. പോസ്റ്റ്മോര്‍ട്ടത്തിന്റെ നടപടിക്രമങ്ങളുടെ വീഡിയോചിത്രീകരണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സൊനാലി മരണപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയില്‍ എത്തിയ സൊനാലി രാത്രി ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു. അവിടെനിന്ന് താമസസ്ഥലത്തെത്തിയ സൊനാലിയെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വടക്കന്‍ഗോവയിലെ അന്ജുനയിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
ഹൃദയാഘാതമാണെന്നാണ് പുറത്ത് വന്നിരുന്ന വിവരം. പ്രാഥമികപരിശോധയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു ഗോവ ഡിജിപി ജസ്പാല്‍ സിങിന്റെ നിരീക്ഷണം. ബുധനാഴ്ച ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍, സൊനാലിയുടെ മരണം കൊലപാതകമാണെന്നും സൊനാലിയുടെ രണ്ട് സുഹൃത്തുക്കളാണ് ഇതിനുപിന്നിലെന്നും സൊനാലിയുടെ സഹോദരന് റിങ്കു ധാക്ക അറിയിച്ചിരുന്നു. മരിക്കുന്നതിന് അല്‍പ്പസമയം മുമ്പ് സൊനാലി തന്റെ അമ്മയോടും സഹോദരിയോടും സംസാരിച്ചിരുന്നുവെന്നും അവള് അസ്വസ്ഥയായി, തന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
ഈ രണ്ട് പേര്‍ക്കെതിരെയും ഗോവ പോലീസ് എഫ്ഐആറോ കേസോ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമേ പോസ്റ്റ്മോര്‍ട്ടത്തിന് കുടുംബം അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പോസ്റ്റ്മാര്‍ട്ടം മാറ്റിവെക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ്, സഹായികളിലൊരാള്‍ സൊനാലിയെ ലൈം ഗികമായി പീഡിപ്പിക്കുകയും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തിരുന്നതായും റിങ്കു ധാക്ക പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇയാളുടെ പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവില്‍ മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സംസ്ഥാന പോലീസിന്റെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പറഞ്ഞു.ഫോറന്‍സിക് പരിശോധനയ്ക്കായി രണ്ട് ഫോറന്‍സിക് വിദഗ്ധരുടെ പാനലിന് ആശുപത്രി ഇതിനകം രൂപം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ സംസ്ഥാന പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഡോക്ടര്‍മാരുടെയും ഗോവ ഡിജിപി ജസ്പാല്‍ സിങ്ങിന്റെയും അഭിപ്രായം കണക്കിലെടുക്കുമ്പോള്‍ ഹൃദയാഘാതം മൂലമാണ് അവര്‍ മരിച്ചതെന്നും സാവന്ത് പറഞ്ഞു.
