അന്യന് ശേഷം ‘ലാലേട്ടനെ കാണണം’ ട്രോളുകള്‍ നിറഞ്ഞ് സോഷ്യല്‍ മീഡിയ !
ഒരുകാലത്ത് കാര്‍ട്ടൂണുകളിലൂടെ നടത്തിയ വിമര്‍ശനങ്ങളുടെ ഒരു ജനകീയ വേര്‍ഷനാണ് ട്രോളു കൾ എന്നുവേണമെങ്കിൽ പറയാം .
സെലിബ്രിറ്റികള്‍ പറയുന്ന ചില വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുകയും അത് പിന്നീട് ട്രോളാവുകയും ചെയ്യാറുണ്ട് എന്തിന്, സാധാരണക്കാരന്റെ വാക്കുകള്‍ വരെ ഇന്ന് ട്രോളുകള്‍ക്ക് ആയുധമാണ്.
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഇറങ്ങിയ സമയത്ത് മോഹന്‍ലാലിന്റെ കടുത്ത ആരാധകന് ‘ലാലേട്ടന്റെ ആറാട്ടാണ്’ എന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ട്രോളായിരുന്നു. പിന്നാലെ ഇയാള്‍ക്ക് ആറാട്ടണ്ണന് എന്ന പേരും വീണിരുന്നു.അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ തരംഗമായത് അന്യന് കാണ് എന്ന ട്രോളാണ്. ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് അന്യന് ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.ഇപ്പോഴിതാ പുതിയ ട്രോള്‍ തരംഗമെത്തിയിരിക്കുകയാണ്.
പൃഥ്വിരാജാണ് ഇത്തവണ ട്രോളന്മാരുടെ ഇരയായത്. കഴിഞ്ഞ ദിവസം ജന ഗണ മന എന്ന ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനിടയില്‍ കുഞ്ചാക്കോ ബോബനെ കണ്ടപ്പോള്‍ പൃഥ്വിരാജ് കാഷ്വലായി ലാലേട്ടനെ കാണാന്‍ പോകണമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കുഞ്ചാക്കോ ബോബനെ എടുത്ത് പൊക്കി ഉമ്മ നല്കുന്ന ടൊവിനോ തോമസിനെയും ഒപ്പം ന്നാ താന്‍ കേസ് കൊട് സിനിമ ഉറപ്പായും കാണുമെന്നും, ഡാന്‍സ് കാണാനെങ്കിലും സിനിമ കാണുമെന്ന് പറയുന്ന പൃഥ്വിയേയും വീഡിയോയില്‍ കാണാന്‍ കഴിയും. മൂവരും പരസ്പരം ആലിംഗനം ചെയ്താണ് മടങ്ങുന്നത്.
ന്നാ താന്‍ കേസ് കൊട് ഉറപ്പായും കാണുമെന്ന് പൃഥ്വിരാജ് പറയുമ്പോള്‍ നാളെ തന്റെ ചിത്രവും റിലീസാകുന്നുണ്ട് എന്ന് ടൊവിനോ പൃഥ്വിയോട് പറയുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ പൃഥ്വിരാജിന്റെ ‘ലാലേട്ടനെ കാണണം’ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. അന്യന് എന്ന വന്മരം വീണു, അടുത്തത് ആര്, ലാലേട്ടനെ കാണണം ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.
