നടിയെ ആക്രമിച്ച കേസ് ; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയില്‍ ദിലീപീന് ഹൈക്കോടതി നോട്ടീസ്!
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയില്‍ പ്രതി ദിലീപീന് ഹൈക്കോടതി നോട്ടീസ്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി.ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ദിലീപ് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ വാദം. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി ആവശ്യം തള്ളിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2017 ഒക്ടോബറിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിന്സണ് എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജൂണ്‍ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി തള്ളിയത്.
അതേസമയം നടി കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പിസി ജോർജ്. നടിയെ ആക്രമിച്ച കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു പിസി ജോര്‍ജിനറെ പരാമര്‍ശം. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജിൽ നിന്നും അതിജീവിതയെ അപമാനിക്കുന്ന രീതിയിലുള്ള മോശം പരാമര്‍ശം ഉണ്ടായത്. വ്യക്തി ജീവിതത്തിൽ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാൽ ഈ ഇഷ്യു ഉണ്ടായതിനാൽ പൊതുമേഖലയിൽ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോടും പിസി ജോര്‍ജ് രോക്ഷം പ്രകടിപ്പിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ അറിയിച്ചു.
നിലവിൽ വിചാരണ നടക്കുന്ന സിബിഐ സ്പെഷ്യൽ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനായിരുന്നു തീരുമാനം. പ്രൻസിപ്പൽ സെഷൻസ് ജഡ്ജ് ആയ ഹണി എം വാർഗീസ് തന്നെ വിചാരണ തുടരുന്നതിൽ അതൃപ്തിയുണ്ടെന്നും തനിക്ക് നീതികിട്ടില്ലെന്നുമാണ് അതിജീവത കത്തിൽ പറയുന്നത്. ഈ സഹാചര്യത്തിൽ എറണാകുളം ജില്ലയിലെ മറ്റ് വനിത ജഡ്ജിന് കീഴിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം. ഹണി എം വർഗീസ് താൻ നൽകിയ പല ഹർജികളിലും നീതിപൂർവ്വമായല്ല നടപടി സ്വീകരിച്ചതെന്നും കത്തിലുണ്ട്.
