വീട്ടിൽ കയറി മദ്യം മോഷ്ടിച്ചു; ഹോളിവുഡ് നടൻ എസ്ര മില്ലർക്കെതിരെ വീണ്ടും കേസ്!
ഹോളിവുഡ് താരം എസ്ര മില്ലറിനെതിരെ വീണ്ടും കേസ് ഇപ്പോഴിതാ വെർമോണ്ട് പൊലീസ് നടനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. സ്റ്റാംഫോർഡിലെ ഒരു വീട്ടിൽ കയറി മദ്യം മോഷ്ടിച്ചുവെന്നാണ് കേസ്.
മെയ് ഒന്നിനാണ് സംഭവം. താമസക്കാരില്ലാത്ത സമയത്ത് എസ്ര മില്ലർ വീട്ടിൽ കയറി നിരവധി മദ്യക്കുപ്പികൾ മോഷ്ടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടനെതിരെ കേസെടുത്തത്. ആഗസ്റ്റ് ഏഴിന് പൊലീസ് മില്ലറെ കണ്ടെത്തുകയും, സെപ്തംബർ 26-ന് വെർമോണ്ട് സുപ്പീരിയർ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ മാസം എസ്ര മില്ലറിനെതിരെ ഒരു ജർമൻ യുവതി അതിക്രമാരോപണവുമായി എത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ യുവതിയുടെ ബെർലിനിലുള്ള ഫ്ലാറ്റിലേക്ക് താരം എത്തുകയും മുറിയിലിരുന്ന് പുകവലിക്കുകയും ചെയ്തു. മുറിയ്ക്ക് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ മില്ലർ തന്നെ നാസിയെന്ന് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് മുറിയിലുള്ള സാധനങ്ങൾ ഇയാൾ തകർത്തുവെന്നുമാണ് യുവതിയുടെ ആരോപണം. യുവതിയുടെ ആരോപണങ്ങൾ രണ്ട് സുഹൃത്തുക്കൾ സ്ഥിരീകരിക്കുകയും ചെയ്തു.മാർച്ച് 28ന് ഒരു കരോക്കേ ബാറിൽ നിന്നും താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹവായിയിലെ സിൽവ സ്ട്രീറ്റിലെ കരോക്കെ ബാറിൽ പാർട്ടിയ്ക്കിടയിൽ ബാറിലെ സ്റ്റാഫിനോട് മില്ലർ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് അറസ്റ്റിലായ താരം 500 ഡോളർ പിഴയടച്ചു.
