News
35 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകര്‍
35 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകര്‍
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്വന്. വന്‍ താര നിര പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കമല്‍ ഹാസനും സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ‘പൊന്നിയിന്‍ സെല്‍വ’ന്റെ ആദ്യരംഗങ്ങളില്‍ ഇന്‍ട്രൊഡക്ഷന്‍ നല്‍കുന്നത് കമല്‍ ഹാസന്റെ ശബ്ദത്തിലൂടെയായിരിക്കും എന്നാണ് വിവരം.
35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ ഹാസന് ഒരു മണിരത്നം സിനിമയുടെ ഭാഗമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’എന്ന സിനിമയ്ക്കായാണ് കമലും മണിരത്നവും ഇതിന് മുന്‍പ് ഒന്നിച്ചത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ‘പൊന്നിയിന്‍ സെല്‍വ’ന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുക.
റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ‘പൊന്നിയിന്‍ സെല്വന്’.
എ ആര് റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്വന്’ നിര്‍മ്മിക്കുന്നത്. റാമൂജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
