Malayalam
ഒരു രണ്ടുമൂന്ന് മാസം മുൻപ് വെള്ളം ഇറങ്ങിയിരുന്നതെങ്കിൽ അവൻ കുടി നിര്‍ത്തി ഇന്ന് നമ്മോടൊപ്പം ഉണ്ടായിരുന്നേനേ; വീഡിയോയുമായി നടൻ ബാലാജി ശര്‍മ്മ
ഒരു രണ്ടുമൂന്ന് മാസം മുൻപ് വെള്ളം ഇറങ്ങിയിരുന്നതെങ്കിൽ അവൻ കുടി നിര്‍ത്തി ഇന്ന് നമ്മോടൊപ്പം ഉണ്ടായിരുന്നേനേ; വീഡിയോയുമായി നടൻ ബാലാജി ശര്‍മ്മ
പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയ് ചിത്രം മാസ്റ്ററോടെയാണ് തിയേറ്ററുകൾ തുറന്നതെങ്കിലും ‘വെള്ളം’ ആയിരുന്നു തിയേറ്ററിൽ എത്തിയ ആദ്യ മലയാള ചിത്രം. ജയസൂര്യ പ്രജേഷ് സെന്‍ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ചിത്രം വിജയകരമായി മുന്നേറുകയാണ്
പ്രേക്ഷകര്‍ക്ക് കാത്തിരിപ്പിനൊത്ത കാഴ്‌ചാനുഭവം സമ്മാനിച്ച ചിത്രമെന്ന് ഇതിനകം വിശേഷണങ്ങള്‍ സിനിമയ്ക്ക് ലഭിച്ചുകഴിഞ്ഞു. വെള്ളം മുരളിയായുള്ള ജയസൂര്യയുടെ പകര്‍ന്നാട്ടം വിസ്മയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ വെള്ളം സിനിമ കണ്ട ശേഷം ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ ബാലാജി ശര്‍മ്മ.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ..
‘ഞാനിന്നൊരു സിനിമ കണ്ടു. സിനിമയല്ല ഒരു പച്ചയായ ജീവിതം കണ്ടു. വെള്ളം എന്ന പ്രജേഷ് സെൻ സംവിധാനം ചെയ്ത, മുരളി നിറഞ്ഞാടിയ സിനിമ. മുരളി എന്ന് എടുത്തു പറയാൻ കാരണം. ജയസൂര്യ എന്ന നടനെ, താരത്തെ അതിൽ ഞാൻ കണ്ടില്ല. മുരളി എന്നു പറയുന്ന കഥാപാത്രം മാത്രമായിരുന്നു മനസ്സിൽ നിറയെ. എനിക്കറിയില്ല ജയസൂര്യ ജീവിതത്തിൽ ഇങ്ങനെ മദ്യപിച്ചിട്ടുണ്ടാകുമെന്ന്. പക്ഷേ മുരളിയുടെ ഓരോ ചേഷ്ടകളും ഒരു മദ്യപാനിയുടെ ഓരോ സൂക്ഷ്മമായ ചേഷ്ടകളും അതിഗംഭീരമായിട്ട് ഒട്ടും ഓവറാക്കാതെ ജയസൂര്യ ചെയ്തിട്ടുണ്ട്.
എനിക്കേറ്റവും കൂടുതൽ വിഷമം തോന്നിയ കാര്യം വെറൊന്നുമല്ല. എന്‍റെ വളരെ അടുത്തൊരു സുഹൃത്ത് വലിയ മദ്യപാനിയായിരുന്നു അവൻ. ഒറ്റയ്ക്കാണ് ജീവിതം. അതിനാൽ തന്നെ യാതൊരു നിയന്ത്രണമില്ലാതെ മദ്യപിച്ച് മദ്യപിച്ച് ജീവിച്ചു. അവൻ ഇപ്പോള്‍ നമ്മോടൊപ്പം ഇല്ല. പേര് ഞാൻ പറയുന്നില്ല. ഈ സിനിമ ഒരു രണ്ടുമൂന്ന് മാസം മുമ്പാണ് ഇറങ്ങിയിരുന്നതെങ്കിൽ ഈ സിനിമ ആ സുഹൃത്ത് കണ്ടിരുന്നിെങ്കിൽ തീര്‍ച്ചയായിട്ടും അവൻ കുടി നിര്‍ത്തിയേനെ ഇന്ന് നമ്മോടൊപ്പം ഇപ്പോള്‍ ഉണ്ടായിരുന്നേനേ.
അങ്ങനെ മദ്യപിക്കുന്നവര്‍, മദ്യപിച്ച് മദ്യപിച്ച് സമൂഹം വെറുക്കുന്നവരായി മാറിയവര്‍, ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിലുള്ളവര്‍, അവര്‍ക്ക് ഈ സിനിമ ചിലപ്പോള്‍ ഒരു വഴികാട്ടിയാകും. മുരളി എന്ന മനുഷ്യന്‍റെ പച്ചയായ ജീവിതമാണിതിൽ. അദ്ദേഹത്തിനും അദ്ദേഹത്തെ ട്രീറ്റ് ചെയ്ത ഡോക്ടര്‍മാര്‍ക്കും തിരിച്ചു വരാൻ കാണിച്ച മനസ്സിനും ബിഗ് സല്യൂട്ട്.
സിനിമയെ കുറിച്ച് പറയാണെങ്കിൽ ഗംഭീര തിരക്കഥയാണ്. ക്യാപ്റ്റന് ശേഷം വേറൊരു തരത്തിലുള്ള പാറ്റേണിൽ വ്യത്യസ്ത മേക്കിങ് കൊണ്ടു പ്രജേഷ് സെൻ വിസ്മയിപ്പിച്ചു. ഒരു ഗ്രാമം, അവിടുത്തെ സംഭവങ്ങള്‍, ആളുകള്‍, കുടുംബങ്ങള്‍ എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു. സംയുക്തയുടേയും ജയസൂര്യയുടെ സുഹൃത്തുക്കളുടേയുമൊക്കെ പ്രകടനങ്ങള്‍ ഏറെ മനോഹരം.
ജയസൂര്യ എന്ന അത്ഭുതപ്പെടുത്തിയോ എന്നു ചോദിച്ചാൽ ഇല്ല. കാരണം, അദ്ദേഹത്തിൽ നിന്നും മേരിക്കുട്ടിയും ക്യാപ്റ്റനുമൊക്കെ കണ്ട ശേഷം നമ്മള്‍ ആ നടനെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതിൽ കഥാപാത്രത്തിന് ജീവൻ കൊടുത്തിരിക്കുകയാണദ്ദേഹം. താരമില്ലിവിടെ, ഒട്ടും ഓവറാക്കാതെ അദ്ദേഹം ചെയ്തു. ഹാറ്റ്സ് ഓഫ് യു ജയാ. ദേശീയ തലത്തിൽ ജയനെ അംഗീകാരം തേടിവരുമെന്ന് എന്‍റെ മനസ്സുപറയുന്നു.
പ്രജേഷ് സെൻ മരുന്നുള്ളൊരു സംവിധായകനാണ്. നല്ല നല്ല സിനിമകള്‍ ഇനിയും പിറക്കും. സംഗീതവും എല്ലാം മികച്ചതയാണ്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഇത്തരം മലയാള സിനിമകള്‍ ഇനിയും ഇറങ്ങണം. സിനിമ കണ്ടപ്പോള്‍ ഓരോ നിമിഷവും എന്‍റെ കണ്ണ് നിറഞ്ഞുകൊണ്ടിരുന്നു. എന്‍റെ ആ സുഹൃത്തിനെ ഓര്‍മ്മവന്നു. മദ്യപിക്കന്നവരേ, മദ്യപിക്കാൻ ആഗ്രഹിക്കുന്നവരേ, മദ്യം കൊണ്ട് ജീവിതം തുലച്ചവരേ നിങ്ങളീ സിനിമ കാണണം. സിനിമകള്‍ ഇഷ്ടപ്പെടുന്നവരെ നിങ്ങളും ഉറപ്പായും കാണണം. ഈ സിനിമ വിജയിക്കട്ടെ, പ്രചോദനമാകട്ടെ, വഴികാട്ടിയാവട്ടെ. ടീം വെള്ളത്തിന് എല്ലാ ആശംസകളുമെന്ന് ബാലാജി ശര്‍മ്മ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു
