ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജ്ജ് ഓര്‍മയായിട്ട് ഇന്നേക്ക് 21 വര്‍ഷം തികയുകയാണ്. ഈ വേളയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെക്കുകയാണ് നിര്‍മാതാവ് ആന്റോ ജോസഫ്.
ആന്റോ ജോസഫ്ന്റെ ഫേസ്ബുക് കുറിപ്പ്;
മഴയുമായി ബന്ധപ്പെടുത്തി മലയാളി ഓര്‍മിക്കുന്നത് രണ്ടുപേരെയാണ്. ഒന്നാമത്തേത് പത്മരാജന്റെ ക്ലാര. മറ്റേയാള്‍ വിക്ടര്‍ ജോര്‍ജ്. ഓരോ മഴയ്ക്കൊപ്പവും ഇവര്‍ പെയ്തുകൊണ്ടേയിരിക്കുന്നു. വിക്ടര്‍ജോര്‍ജിനെ മഴകൊണ്ടുപോയിട്ട് ഇന്നേക്ക് 21വര്‍ഷം. ഇന്ന് രാവിലെ മുതല്‍ മഴയാണ്. മഴയെ പ്രണയിക്കുകയും പകര്‍ത്തുകയും ഒടുവില്‍ മഴയോട് ചേരുകയും ചെയ്തയാളുടെ ഓര്‍മദിവസത്തില്‍ മഴയ്ക്ക് എങ്ങനെയാണ് പെയ്യാതിരിക്കാനാകുക?
കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലത്താണ് വിക്ടറുമായുള്ള ബന്ധം തുടങ്ങുന്നത്. മലയാള മനോരമയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ക്യാമറയെ നോക്കിയും അതിനെ അരുമയോടെ തൂത്തുമിനുക്കിയും പിന്നെ എന്തൊക്കയോ ഓര്‍ത്തും ഇരിക്കുന്ന വിക്ടറെ കാണാമായിരുന്നു. സൗഹൃദങ്ങള്‍ക്ക് വില കല്പിച്ചിരുന്ന ആ ഫോട്ടോഗ്രഫര്‍ പിന്നെയൊരു കൂട്ടുകാരനായി. കോട്ടയത്തേക്ക് പോകാന്‍ ബസ് കാത്തുനില്കുമ്പോള് പലപ്പോഴും വിക്ടറിന്റെ ബൈക്ക് എനിക്ക് മുന്നില്‍ വന്നുനിന്നു.
അങ്ങനെ കുറച്ച് സൗഹൃദയാത്രകള്‍ സി.എം.എസ്. കോളേജില്‍ നിന്നുള്ള വിക്ടറിന്റെ വിഖ്യാതമായ ‘പെങ്ങളേ ഒരു വോട്ട്’ എന്ന ചിത്രത്തിലുള്ള കാമ്പസ് രാഷ്ട്രീയക്കാരുടെ ഛായയായിരുന്നു അന്ന് ഞങ്ങള്‍ക്കെല്ലാം. ഞങ്ങള്‍ക്ക് മാത്രമല്ല കേരളമെമ്പാടുമുള്ള വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തകര്‍ക്കും. അതിന് ശേഷം വിക്ടറിന്റെ മറ്റൊരു ക്യാമ്പസ് ചിത്രത്തിന് പിന്നില്‍ ‘പ്രവര്‍ത്തിക്കാനുള്ള’നിയോഗമുണ്ടാകുകയും ചെയ്തു.
സി.എം.എസ്. കോളേജിലെ ചെയര്മാന് സ്ഥാനാര്‍ഥിയായ കെ.ഒ. അബൂബക്കര്‍ വോട്ടുചോദിക്കുന്ന ചിത്രം പകര്‍ത്തണമെന്ന എന്റെ അഭ്യര്‍ഥന വിക്ടര്‍ ചിരിയോടെ സ്വീകരിച്ചു. മലയാളമനോരമയുടെ മൂന്നാംപേജില്‍ പ്രസിദ്ധീകരിച്ച ‘ചങ്കില്‍ത്തൊട്ട് പറയട്ടെ ചതിക്കരുത്’ എന്ന വിക്ടര്‍ ചിത്രത്തിന്റെ ‘ബലത്തില്‍’ ഒമ്പത് വോട്ടുകള്‍ക്ക് അബൂബക്കര്‍ ജയിച്ചു.
നിങ്ങളുടെ ഫോട്ടോയാണ് ഞങ്ങളെ ജയിപ്പിച്ചതെന്ന് പറഞ്ഞപ്പോഴും വിക്ടര്‍ ചിരിച്ചു. വിക്ടറിന്റെ ചിത്രങ്ങള്‍ എന്നും ജീവിതങ്ങളുടെ പകര്‍പ്പുകളായിരുന്നു. അദ്ദേഹത്തിന്റെ മനസായിരുന്നു ലെന്‍സ്. ഡെനിം നീല നിറത്തിലുള്ളഷര്‍ട്ടും അത്രയൊന്നും വിടരാത്ത ചിരിയും പിന്നെ എണ്ണമറ്റ ചിത്രങ്ങളും ഇന്നും തോരാത്ത സ്മരണകള്‍.
ഡല്‍ഹി ദേശീയ ഗെയിംസ് നീന്തല്‍ മത്സരത്തില്‍ അനിതാസൂദിന്റെ അമ്മ ഗ്യാലറിയിലിരുന്ന് മകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവേശം ഒരു കൈവിടര്‍ത്തലില്‍ നിന്ന് ഒപ്പിയെടുത്ത വിക്ടര്‍ക്ക് പേവിഷബാധയേറ്റ് മരണത്തെ മുന്നില്‍ കാണുന്ന മകന്റെ വേദന പകര്‍ത്താനും ഒരു കൈത്തലം മതിയായിരുന്നു. അച്ഛന്റെ കൈകളില്‍ മുറുകെപ്പിടിച്ചിരിക്കുന്ന അവന്റെ കൈ. ജീവിതത്തിന്റെ രണ്ടറ്റത്തുനിന്നുള്ള രണ്ട് നിമിഷങ്ങള്‍.
പക്ഷേ ഒരു കൈപ്പടം കൊണ്ട് അതിനെ അടയാളപ്പെടുത്തുകയായിരുന്നു വിക്ടറിന്റെ കൈകള്‍. മഴയെ കോരിയെടുക്കാന്‍ കൊതിച്ച് മതിവരാതെയാണ് വിക്ടര്‍ പോയത്. ജീവിച്ചിരുന്നുവെങ്കില്‍ എത്രയോ മഴകളെ വിക്ടര്‍ നമുക്ക് കാണിച്ചുതന്നേനെ.. ഫോട്ടോഗ്രഫിയില്‍ സമര്‍ഥനായ മകന് നീല്‍ വിക്ടറിലൂടെ വിക്ടര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പ്രിയ വിക്ടര്‍ഇനിയും പെയ്തുകൊണ്ടേയിരിക്കുക.
തന്റെ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ഡബ്ല്യുസിസിയിൽ അംഗമാകാതിരുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സാന്ദ്ര...
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...