ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തുകൊണ്ടുപോയി,വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ തല ചായ്ക്കാനുള്ള വീടടക്കം ജപ്തി ഭീഷണിയിലായി; കർഷകൻ സഹായവുമായി സുരേഷ് ഗോപി !
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി . 1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്.
1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സുരേഷ് ഗോപിയെന്ന നടനെ ആരാധകർ ഇത്രയധികം സ്നേഹിച്ചതിനു കാരണം തന്നെ തറ ജാടയില്ലാത്ത അദ്ദേഹത്തിന്റെ പെരുമാറ്റമാണ് . കഷ്ടപ്പെടുന്നവർക്ക് സഹായവുമായി ഓടിയെത്താറുണ്ട് സുരേഷ് ഗോപി .അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .
മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായി ജപ്തി ഭീഷണി നേരിടുന്ന കർഷകനു താങ്ങായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മലപ്പുറം കവളപ്പാറയ്ക്കടുത്ത പാതാറിലെ കൃഷ്ണന്റെ (79) വീട് ഉൾപ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തിഭീഷണി ഒഴിവാക്കാൻ സുരേഷ് ഗോപി ഇന്നലെ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു. വാർത്തയിലൂടെ കൃഷ്ണൻറെ ദൈന്യത അറിഞ്ഞായിരുന്നു സുരേഷ് ഗോപിയുടെ ഇടപെടൽ.
കൃഷ്ണനും കുടുംബവും ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തുകൊണ്ടുപോയി. വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ തല ചായ്ക്കാനുള്ള വീടടക്കം ജപ്തി ഭീഷണിയിലായി. മനോരമ ന്യൂസിലൂടെ കൃഷ്ണന്റെ പ്രയാസം അറിഞ്ഞ സുരേഷ് ഗോപി നിലമ്പൂർ ഹൗസിങ് സഹകരണ സൊസൈറ്റിയിലെ ജപ്തി ഒഴിവാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മൂന്നരലക്ഷം രൂപ ഉടൻതന്നെ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായിനിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു പോവുകയാണ്. സുരേഷ് ഗോപിയുടെ നൻമയുള്ള മനസ്സിനു നന്ദി പറയുകയാണ് കൃഷ്ണനും കുടുംബവും.
