ഷറഫുദ്ദീന് കാരണം 2021 ലെ എന്റെ ലീവ് മുഴുവന്‍ പോയി, ഷൂട്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പുള്ളി മുങ്ങി; നൈല ഉഷ പറയുന്നു!
ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ് . ആന്റണി സോണി സംവിധാനം ചെയ്യുന്ന സിനിമ, എപ്പോഴും ഓരോരോ ജോലികളിൽ സാദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്.
പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിലെപ്പോലെ തന്നെ റിയല്‍ ലൈഫിലും ആളുകളെ പോസ്റ്റാക്കുന്ന സ്വഭാവക്കാരന്‍ തന്നെയാണ് ഷറഫുദ്ദീനെന്ന് പറയുകയാണ് നടി നൈല ഉഷ. ഷറഫുദ്ദീന് കാരണം തന്റെ ഒരു വര്‍ഷത്തെ മൊത്തം ലീവും നഷ്ടപ്പെട്ടിട്ടുണ്ടെന്നും നൈല പറയുന്നു.
പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നൈല ഉഷ. നടി അപര്‍ണയും നടന് ഷറഫുദ്ദീനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
‘ഞാന്‍ ദുബായില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളാണ്. എനിക്കവിടുന്ന് കിട്ടുന്ന ലീവ് വെച്ചിട്ടാണ് ഞാന്‍ സിനിമ ചെയ്യുന്നത്. മുപ്പതോ മുപ്പത്തഞ്ചോ ദിവസമൊക്കെയേ എനിക്ക് ഒരു വര്‍ഷം ലീവുള്ളൂ. ഇയാള്‍ കാരണം 2021 ലെ എന്റെ ലീവ് മുഴുവന്‍ പോയി. കാരണം ഞാന്‍ അവിടുന്ന് പെട്ടിയൊക്കെ പാക്ക് ചെയ്ത് 20 ദിവസത്തെ ഷൂട്ടിനെന്ന് പറഞ്ഞ് ഇവിടേക്ക് വരും. പുള്ളി അപ്പോഴേക്കും തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകും.
ഇത് ഞാന്‍ തമാശ പറയുകയല്ല. സിനിമയുടെ ഷൂട്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പറയുകയാണ്. അതേ ഒന്നും പറയരുത് എനിക്കൊരു തമിഴ് സിനിമയുടെ ഷൂട്ടുണ്ട് അവിടെ വേറെ വലിയ നായികയും വലിയ സെറ്റുമൊക്കെയുണ്ട് അവിടേക്ക് പോകുകയാണെന്ന്’, നൈല ഉഷ പറഞ്ഞു.ഇതിനോടുള്ള പ്രതികരണം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ഇതിന് പിന്നില്‍ വേറൊരു തന്ത്രം ഉണ്ടെന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി. ‘ നൈല വരുമ്പോള്‍ ദുബായില്‍ നിന്ന് എന്റെ മക്കള്‍ക്കുള്ള ഫോറിന് ഓയില്‍സ് ക്രീമുകള്‍ ചോക്ലേറ്റ്സ് ഇതൊക്കെ മേടിച്ചിട്ട് വരും.
ഒരു തവണത്തെ സ്റ്റോക്ക് തീര്‍ന്നുകഴിഞ്ഞാല്‍ പിന്നെ നൈല അവിടെ പോയി വരണമല്ലോ. അപ്പോള്‍ ഞാന്‍ പതുക്കെ പ്രൊഡക്ഷനുമായി സംസാരിച്ചിട്ട് നൈലയെ പറഞ്ഞുവിടാന്‍ പറയും. അതാണ് നടക്കുന്നത്’, എന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി.ഷറഫു ഫുള്‍ ഓട്ടത്തിലാണെന്നും സിനിമയുടെ അഭിമുഖങ്ങള്‍ കൊടുക്കാന്‍ പോകുമ്പോഴെല്ലാം ഞങ്ങള്‍ പോസ്റ്റാണ് എന്നായിരുന്നു ഇതോടെ നൈല പറഞ്ഞത്. എന്നാല്‍ എല്ലാവരുടേയും എല്ലാ പ്രശ്നങ്ങളുമെടുത്ത് തലയില്‍ വെക്കുന്ന ആളാണ് പ്രിയനെന്നും പലപ്പോഴും ആളുകളെ പോസ്റ്റാക്കേണ്ടി വരാറുണ്ടെന്നുമായിരുന്നു ഇതിന് ഷറഫു നല്കിയ മറുപടി. പ്രിയന്റെ ഉദ്ദേശം നല്ലതാണ്. വളരെ നല്ല മനുഷ്യനാണ് എന്ന് കൂടി ഷറഫുദ്ദീന് കൂട്ടിച്ചേര്‍ത്തു.
നൈല ഉഷയും അപര്‍ണ ദാസും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘പ്രിയന് ഓട്ടത്തിലാണ്’. ഇന്നാണ് ചിത്രത്തിന്റെ റിലീസ്.
