Malayalam
ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ദിലീപ്; എവിടെ വെച്ചാണ് മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടത് എന്ന് പറയാന്‍ പ്രതിക്ക് എന്താണ് അധികാരം എന്ന് പ്രോസിക്യൂഷനും അതിജീവിതയും
ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ദിലീപ്; എവിടെ വെച്ചാണ് മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടത് എന്ന് പറയാന്‍ പ്രതിക്ക് എന്താണ് അധികാരം എന്ന് പ്രോസിക്യൂഷനും അതിജീവിതയും
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി പിശോധന വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് ആരാഞ്ഞത്. എന്നാല്‍ പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷനും അതിജീവിതയും കോടതിയില്‍ ശക്തമായി എതിര്‍ത്തു.
ദൃശ്യങ്ങള്‍ രണ്ട് തവണ ആക്‌സസ് ചെയ്തുവെന്നായിരുന്നു എഫ് എസ് എല്‍ റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് കണ്ടെത്തിയതോടെയാണ് ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തുവെന്ന് എഫ് എസ് എല്‍ വ്യക്തമാക്കിയത്. തുടരന്വേഷണത്തില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം ഉന്നയിച്ച് അതിജീവിതയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതിയുടെ കൈയ്യിലുള്ള ദൃശ്യങ്ങള്‍ ആരാണ് പകര്‍ത്തിയതെന്ന് അറിയണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് ആ മെമ്മറി കാര്‍ഡില്‍ ഉള്ളത്. അത് പുറത്ത് പോയാല്‍ തന്റെ ഭാവി എന്താകും. അതിനാല്‍ ആരാണ് ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തതെന്ന് തനിക്ക് അറിയണമെന്നും അതിജീവിത പറഞ്ഞിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചത്.
വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്‍ നടത്തുന്നതെന്നും ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന ആവശ്യവും പ്രതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ എവിടെ വെച്ചാണ് മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടത് എന്ന് പറയാന്‍ പ്രതിക്ക് എന്താണ് അധികാരം എന്നായിരുന്നു പ്രോസിക്യൂഷനും അതിജീവിതയും ചോദിച്ചു.
മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഹാഷ് വാല്യു മാറിയത് സംബന്ധിച്ചാണ് അറിയേണ്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കോടതിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എഡിറ്റ് നടന്നിട്ടുണ്ടോ, ദൃശ്യങ്ങള്‍ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അറിയേണ്ടത്. ദൃശ്യങ്ങളിലെ ശബ്ദം മാറിയാല്‍ പോലും അര്‍ത്ഥം മാറും, പ്രോസിക്യൂഷന്‍ പറഞ്ഞു. മാത്രമല്ല സംസ്ഥാന ഫോറന്‍സിക് ലാബില്‍ പരിശോധിക്കാതെ കേന്ദ്ര ലാബില്‍ പരിശോധിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറാത്ത സാഹചര്യത്തില്‍ എന്തിനാണ് ആശങ്ക പെടുന്നതെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. എന്നാല്‍ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് തന്നെയാണ് കോടതിയില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. കോടതിയില്‍ നിന്ന് അത് പരിശോധിക്കപ്പെട്ടെങ്കില്‍ അന്വേഷണം ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കേയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടാകുന്നത്. 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 18നും ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തുവെന്നാണ് കണ്ടെത്തിയത്.
അതേസമയം ദൃശ്യങ്ങള്‍ സംസ്ഥാന ലാബില്‍ തന്നെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇല്ലേങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് ആ മെമ്മറി കാര്‍ഡില്‍ ഉള്ളത്. അത് പുറത്ത് പോയാല്‍ തന്റെ ഭാവി എന്താകും. അതിനാല്‍ ആരാണ് ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തതെന്ന് തനിക്ക് അറിയണമെന്ന് അതിജീവിതയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
