സീല്‍ ചെയ്ത് സൂക്ഷിച്ച ദൃശ്യങ്ങൾക്ക് സംഭവിച്ചത് എന്ത് ? കോടതിയിൽ എല്ലാം എല്ലാം അക്കമിട്ടു നിരത്തി അതിജീവിത; ഉടൻ അറിയാം ദിലീപിന്റെ വിധി !
നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് . ഒന്നരമാസം കൂടെ തുടരന്വേഷണത്തിന് ലഭിച്ച സാഹചര്യത്തിൽ നിർണ്ണായക നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത് .നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന്റെ മാതാപിതാക്കളുടേയും ദിലീപിന്റെ സഹോദരിയുടേയും മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. ചോദ്യം ചെയ്യലിനായി മൂന്ന് പേർക്കും ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സ്തംഭിച്ച അവസ്ഥയിലാണ് അതിജീവിത ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നതെന്ന് അഡ്വ. ടിബി മിനി. മെമ്മറി കാർഡിന്റെ എഫ് എസ് എല്‍ റിപ്പോർട്ടിന്റെ ഹിസ്റ്ററി പരിശോധിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഫോർവേർഡ് നോട്ട് അന്വേഷണ ഉദ്യോഗസ്ഥർ കൊടുത്തപ്പോള്‍ കോടതി അത് തള്ളി.
ഇതിനെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലും നടി കൊടുത്ത ഹർജിയും ഒരുമിച്ച് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുമെന്നും ടിബി മിനി വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഭിഭാഷക
കോടതിയെ സംബന്ധിച്ച് ഒരു സമയപരിധിയുണ്ട്. ഒരു കേസ് അനന്തമായി നീണ്ട് പോവുന്നത് വാദിക്കും ഇരയ്ക്കും ഗുണകരമാവുന്ന കാര്യമല്ല. അന്വേഷണം ഒരു സമയപരിധി വെച്ച് അതിനുളളില്‍ തീർക്കണമെന്നാണ് പറയുന്നത്. അപ്പോഴും മെമ്മറി കാർഡ് എഫ് എസ് എല്‍ റിപ്പോർട്ടിനായി വീണ്ടും പരിശോധനയ്ക്ക് അയക്കുകയും അതുമായി ബന്ധപ്പെട്ട വിവരങ്ങല്‍ കണ്ടെത്തുകയും വേണമെന്നും ടിബി മിനി വ്യക്തമാക്കുന്നു.
ദൃശ്യങ്ങള്‍ ചോർന്നിട്ടില്ലെങ്കിലും കൃത്രിമത്വം ഇല്ലെങ്കിലും അത് വ്യക്തമാക്കണം. എന്തായാലും അതിലൊരു തീരുമാനം വരിക എന്നുള്ളത് ഈ കേസിന്റെ മുന്നോട്ട് പോക്കിന് അത്യാവശ്യമായ കാര്യമാണ്. അത്തരത്തിലൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും തുടരന്വേഷണത്തിനായി കൂടുതല്‍ സമയം ചോദിക്കേണ്ടി വരുമെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
തെളിവുകള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ ഒന്നും തടസ്സമാവാന്‍ പാടില്ല. അന്വേഷണം സത്യസന്ധവും നീതിയുക്തവുമായിരിക്കണം. കേസ് തെളിയിക്കുന്നതില്‍ അത്യാവശ്യമായതെല്ലാം അവർ ചെയ്യണം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അതും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അതും അന്വേഷണത്തിന് വിധേയമാക്കണം എന്നാണ് അതിജീവിത ഹർജിയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിലെ തീരുമാനം കോടതിയുടേത് ആയിരിക്കം അതില്‍ മറ്റൊന്നും ചെയ്യാനില്ലെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.
മെമ്മറികാർഡ് നേരത്തെ ഫോറന്‍സിക് ലബോറട്ടറിയില്‍ അയച്ച്, പരിശോധിച്ചതിന് ശേഷം സീല്‍ ചെയ്ത് സൂക്ഷിച്ചതായിരുന്നു. ആ സമയത്താണ് ദൃശ്യങ്ങളുടെ കോപ്പികള്‍ രണ്ട് പെന്‍ഡ്രൈവിലാക്കി അന്വേഷണ സംഘത്തിനും കോടതിക്കും കൊടുത്തത്. അതുകൊണ്ട് തന്നെ പെന്‍ഡ്രൈവ് ഈ കേസിലെ തെളിവല്ല, മെമ്മറികാർഡാണ് തെളിവായി വരുന്നത്. ഈ തെളിവാണ് ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുനയില്‍ വരുന്നതെന്നും ടിബി മിനി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രാഥമിക തെളിവായ ഫോണില്ല, അപ്പോള്‍ രണ്ടാമത്തെ തെളിവായി മെമ്മറി കാർഡാണുള്ളത്. ആ തെളിവില്‍ കൃത്രിമത്വം കാണിച്ചത് അറിയാതെ പോയിരുന്നെങ്കില്‍ ദിലീപ് ഈസിയായി പുറത്തിറങ്ങിയേനെ. എന്നാല്‍ ആരോ കരുതിവെച്ചത് പോലെ മെമ്മറികാർഡിലെ ഹാഷ് വാല്യൂ മാറിയത് കണ്ടെത്താനായി. പെന്‍ഡ്രൈവ് കൊടുത്ത സാഹചര്യത്തില്‍ മെമ്മറി കാർഡ് കോടതി തൊടേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തില്‍ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതാണ് പ്രധാനപ്പെട്ട കാര്യമെന്നായിരുന്നു ടിബി മിനി വ്യക്തമാക്കിയത്.
അതേസമയം, കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതിനെതിരെ നടി നല്കിയ ഹരജിയും കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന ആവശ്യപ്പെട്ട് സർക്കാർ നല്കിയ ഹരജിക്കൊപ്പം പരിഗണിക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബെച്ചു കൂര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹർജികള്‍ പരിഗണിക്കും.
