സുരേഷ് ഗോപിയങ്കിള്‍ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്; കുറേ വര്‍ഷം ഞാന്‍ വിശ്വസിച്ചു; കീര്‍ത്തി സുരേഷ് പറയുന്നു !
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ് .2013 ല്‍ പ്രിയദര്ശന് മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. ചെറുപ്പത്തില്‍ താനൊരു അനാഥക്കുട്ടി ആണെന്ന് വിശ്വസിച്ചിരുന്നുവെന്ന് പറയുകയാണ് കീര്‍ത്തി സുരേഷ്. തന്നെ അച്ഛനും അമ്മയും ദത്തെടുത്ത് വളര്‍ത്തുന്നതാണെന്നായിരുന്നു വര്‍ഷങ്ങളോളം വിശ്വസിച്ചിരുന്നത്. സുരേഷ് ഗോപി അങ്കിളാണ് അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും കീര്‍ത്തി പറയുന്നു. വാശി സിനിമയുടെ പ്രൊമോഷന് വേണ്ടി കൗമുദി മൂവീസില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സുരേഷ് ഗോപിയങ്കിള്‍ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്.ഞാന്‍ അനാഥകുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ ജീവിക്കണ്ടെങ്കില്‍ എന്റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിള്‍ പറയും. ശരിക്കും ഞാന്‍ അനാഥകുഞ്ഞാണെന്നാണ് കരുതിയിരുന്നത്. കുറേ വര്‍ഷം ഞാന്‍ വിശ്വസിച്ചു.’ചെറുപ്പത്തിലേ നന്നേ വാശിയുള്ള കൂട്ടത്തിലായിരുന്നു താനെന്നും എന്ത് വേണമെന്ന് വെച്ചാലും അത് നേടിയെടുക്കുമായിരുന്നുവെന്നും കീര്‍ത്തി പറയുന്നു.
വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന വാശിയാണ് കീര്‍ത്തിയുടെ പുതിയ ചിത്രം. ഇന്നലെ തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത് .ചിത്രത്തില്‍ അഡ്വക്കേറ്റ് ആയിട്ടാണ് കീര്‍ത്തിയും ടൊവിനോയും എത്തുന്നത്. കീര്‍ത്തിയുടെ അച്ഛന് സുരേഷ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി അഭിനയിക്കുന്നത്. മഹേഷ് നാരായണന് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. വിനായക് ശശികുമാര്‍ ആണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. കൈലാസ് മേനോന് ആണ് സംഗീത സംവിധായാകന്.
