Malayalam
കാവ്യ ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത് അച്ഛന്‍ മാധവന്റെ സഹായത്തോടെ; കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും ദിലീപിന്റെ സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
കാവ്യ ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത് അച്ഛന്‍ മാധവന്റെ സഹായത്തോടെ; കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും ദിലീപിന്റെ സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും മൊഴിയെടുക്കുവാനും സമയം ആവശ്യമാണെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇതിന്റെ ഭാഗമായി മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്്. അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ് നല്‍കിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടില്‍ െവച്ചായിരുന്നു ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ സേവന ദാതാക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് ഇവരുടെ മൊഴിയെടുത്തത്.
ഈ നമ്പര്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. കാവ്യാ മാധവന് കേസില്‍ പങ്കുള്ളതായി ടി.എന്‍. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാന്‍ ഇടയായ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറില്‍ സ്വകാര്യബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയുടെ അച്ഛനെയും നേരില്‍ കണ്ട് മൊഴിയെടുത്തത്.
താനുമായി പിണങ്ങിയ സുഹൃത്തുക്കള്‍ക്കു കൊടുക്കാന്‍ കാവ്യ വച്ചിരുന്ന പണിയായിരുന്നു ഇതെന്ന് ആണ് ശബ്ദരേഖയില്‍ പറയുന്നുത്. സംഭവശേഷം ദിലീപ് അത് ഏറ്റെടുക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. ഇതിന് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യാനൊരുങ്ങിയെങ്കിലും ഇതിന് പിന്നാലെ നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഒരുപാട് വൈകിയാണ് ചോദ്യം ചെയ്യല്‍ നടന്നത്. അതുമാത്രമല്ല, പൂര്‍ണമായി സഹകരിക്കാത്ത വിധമായിരുന്നു കാവ്യ പെരുമാറിയിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുറത്തുവന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളെ സംഭവുമായി ബന്ധപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞാല്‍ പ്രതിപ്പട്ടികയിലേക്കും കാവ്യ എത്തിയേക്കാം. നേരത്തെ കാവ്യയുടെ ലക്ഷ്യയെന്ന സ്ഥാപനത്തിലേയ്ക്ക് പള്‍സര്‍ സുനി നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൊണ്ടെത്തിച്ചെന്നും ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ കാവ്യയും വ്യവസായി ശരത്തും തമ്മില്‍ നടത്തിയ സംഭാഷണവും ഉള്‍പ്പെടെ കുരുക്കാകാനും സാധ്യതയുണ്ട്.
അതേസമയം, വിദേശ യാത്രയ്ക്ക് അനുമതി തേടി ദിലീപ് വിചാരണ കോടതിയില്‍ എത്തിയിരുന്നു. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. ദുബായിലേക്ക് പോവാന്‍ പാസ്‌പോര്‍ട്ട് തരണം എന്നാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തെ ദുബായ് യാത്രയ്ക്കാണ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേസില്‍ ദിലീപിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉപാധികളില്‍ ഒന്ന് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നുള്ളതായിരുന്നു. ഈ ഉപാധി നീക്കുന്നതിനാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
