ദിൽഷയ്ക്ക് എന്തിനാണ് റോണ്‍സനോട് ഇത്ര ദേഷ്യം ;കാരണം അതുതന്നെ !
റോബിന്റെ പുറത്താകലും പിന്നാലെ ജാസ്മിന്റെ ഇറങ്ങിപ്പോക്കും ബിഗ് ബോസ് വീടിനെ ഇളക്കി മറിച്ച സംഭവമായിരുന്നു. റിയാസിനെ ടാസ്കിനിടെ കയ്യേറ്റം ചെയ്ത കുറ്റത്തിനായിരുന്നു റോബിനെ പുറത്താക്കിയത്. എന്നാല്‍ ഇതിനിടെ റോബിനെ തിരികെ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നതായി തോന്നുന്നുവെന്ന് പറഞ്ഞ് ജാസ്മിന് ഷോയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.
റോബിന്റെ പുറത്താകലിന് കാരണക്കാരനായ റിയാസിനോട് റോബിന്റെ സുഹൃത്തുക്കളായ ബ്ലെസ്ലിയും ദില്‍ഷയും ലക്ഷ്മിയുമെല്ലാം വളരെ പരുഷമായിട്ടാണ് പെരുമാറുന്നത്. ജാസ്മിന്റെ സുഹൃത്തായ റോണ്‍സനോടും ഇതേ സമീപനം കാണാം. ഇത് വ്യക്തമാക്കുന്നതായിരുന്നു ഇന്ന് രാവിലെ നടന്ന മോണിംഗ് ആക്ടിവിറ്റിയില്‍ ദില്‍ഷ നടത്തിയ പ്രകടനം.
നിലവില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ഒരാളെ തിരികെ കൊണ്ടു വരുകയും ഒരാളെ പുറത്താക്കുകയും ചെയ്യാന്‍ സാധിച്ചാല്‍ അത് ആരൊക്കെയായിരിക്കും എന്ന് പറയുക എന്നതായിരുന്നു ഇന്ന് താരങ്ങള്‍ക്ക് നല്കിയ മോണിംഗ് ആക്ടിവിറ്റി. ഇത് പ്രകാരം പ്രതീക്ഷിച്ചത് പോലെ തിരിച്ചു കൊണ്ട് വരാനായി ദില്‍ഷ തിരഞ്ഞെടുത്ത പേര് റോബിന്റേത് തന്നെയായിരുന്നു. പുറത്തേക്ക് പോകണമെന്ന് ദില്‍ഷ പറഞ്ഞ വ്യക്തി റോണ്സന് ആയിരുന്നു.നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, ഞാന്‍ തിരിച്ചു കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നത് ഡോക്ടര്‍ റോബിന് രാധാകൃഷ്ണനെയാണ്. ഈ ബിഗ് ബോസ് ഹൗസിലെ കരുത്തരനായ മത്സരാര്‍ത്ഥിയെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നയാളാണ് റോബിന്. 70 ദിവസത്തോളം ഇവിടെ നില്ക്കാന് സാധിച്ചു. ഗെയിമിനെ ഗെയിമായി കണ്ടു. നല്ല രീതിയില്‍ കളിച്ചു. ഇവിടെ വരെ എത്തി. കുറച്ച് പ്രശ്നങ്ങള്‍ കാരണം ഇവിടുന്ന് പോയി. അതില്‍ വിഷമമുണ്ട്. പക്ഷെ ഇവിടേക്ക് തിരികെ വരാന്‍ അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്ന വ്യക്തി റോബിന് തന്നെയാണെന്നായിരുന്നു ദില്‍ഷ പറഞ്ഞത്.
ഇവിടെ ഞാന്‍ പകരം പുറത്താക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി റോണ്സന് ചേട്ടനാണ്. കാരണം, സ്വന്തം വ്യക്തിത്വം മറന്ന് ഇവിടെ നില്ക്കാന് ഒരുപാട് കഷ്ടപ്പെടുന്നതായി കാണുന്ന വ്യക്തി റോണ്സണ് ചേട്ടനാണെന്നും ദില്‍ഷ വ്യക്തമാക്കി. റോബിന്റെ പുറത്താകല്‍ ദില്‍ഷയിലെ മറ്റൊരു വശമാണ് ബിഗ് ബോസ് വീട്ടിലുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത്.നേരത്തെ, വീക്കിലി ടാസ്കിനിടെ സഹ മത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. താരങ്ങളേയും പ്രേക്ഷകരേയും ഞെട്ടിച്ച സംഭവമായിരുന്നു ഇത്. എന്നാല്‍ പിന്നീട് റോബിനോടും റിയാസിനോടും മറ്റ് താരങ്ങളോടും നടന്ന സംഭവത്തെക്കുറിച്ച് ബിഗ് ബോസ് ആരാഞ്ഞിരുന്നു. ഇതോടെ റോബിനെ തിരികെ കൊണ്ടു വരാന്‍ പോവുകയാണെന്നും അങ്ങനയെങ്കില്‍ താനിവിടെ നില്‍ക്കില്ലെന്നും പറഞ്ഞു കൊണ്ട് ജാസ്മിന് ഷോയില്‍നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
റോബിനും ജാസ്മിനും പോയതോടെ ബിഗ് ബോസ് വീട്ടില്‍ നിന്നും പടിയിറങ്ങിയത് ഈ സീസണിലെ ഏറ്റവും ശക്തരായ രണ്ട് പേരാണ്. ഫൈനലിലെത്തുമെന്ന് ഉറപ്പിച്ചിരുന്ന രണ്ട് പേര് പുറത്തായതോടെ ഇനി ആരൊക്കെയാകും ഫൈനലിലെത്തുക എന്നത് കണ്ടറിയണം. പോയ വാരം ബിഗ് ബോസ് വീട്ടില്‍ നടന്ന സംഭവങ്ങള്‍ താരങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളെ തന്നെ മാറ്റി മറച്ചിരിക്കുകയാണ്. ഇനിയെന്താകും സംഭവിക്കുക എന്നത് കണ്ടറിയണം.
ബിഗ് ബോസ് മലയാളം സീസണ് 4ല്‍ നിന്നും ജാസ്മിനും റോബിനും പടിയിറങ്ങിയെങ്കിലും മത്സരത്തിന്റെ ആവേശം ഇതുവരേയും ചോര്‍ന്നിട്ടില്ല. താരങ്ങള്‍ക്കിടയിലെ മത്സര ബു്ദ്ധിയും വാശിയും ചേരിതിരിവുമൊക്കെ കൂടുതല്‍ ശക്തമായി മാറിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിഗ് ബോസ് വീട് ഇപ്പോള്‍ രണ്ട് തട്ടിലാണെന്ന് പറയാം. റോബിനെ അനുകൂലിച്ച ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ, ധന്യ എന്നിവര്‍ ഒരു വശത്തും ജാസ്മിന്റെ സുഹൃത്തുക്കളായ റോണ്സണ്, റിയാസ്, അഖില്‍, വിനയ്, സൂരജ് എന്നിവര്‍ ഒരു ഭാഗത്തും.
