പെണ്ണ് കാണുമ്പോൾ പ്രിയക്ക് പതിനേഴ് വയസ്സ് ; ഒരു വര്‍ഷത്തിന് ശേഷം വിവാഹം ; സുധീറിന്റെയും പ്രിയയുടെയും പ്രണയം ഇങ്ങനെ !
വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സുധീർ .താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയൽ നിറയുന്നത് . എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സുധീര്‍ എത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ തന്റെ കാന്‍സര്‍ രോഗത്തെ കുറിച്ചും അതില്‍ നിന്നും മുക്തനായതിനെ പറ്റിയുമാണ് നടന് സംസാരിച്ചത്. തൊട്ടടുത്ത ദിവസത്തെ എപ്പിസോഡില്‍ ഭാര്യ പ്രിയയും സുധീറിനൊപ്പം എത്തിയിരുന്നു.
തന്റെ അസുഖ നാളുകളിലും അല്ലാതെയും എല്ലാത്തിനും കൂട്ട് നിന്ന പ്രിയയെ കുറിച്ച് വാതോരാതെയാണ് സുധീര്‍ സംസാരിച്ചത്. മാത്രമല്ല പ്രിയയെ പതിനേഴ് വയസില്‍ പെണ്ണ് കണ്ടിട്ട്, പതിനെട്ട് വയസില്‍ വിവാഹം കഴിക്കാന്‍ കാരണമുണ്ടായിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്. പക്ക അറേഞ്ച്ഡ് മ്യാരേജ് ആണെങ്കിലും അതിലെ പ്രണയത്തെ കുറിച്ച് പറഞ്ഞ നടന്റെ വാക്കുകളിങ്ങനെയാണ്..പ്രിയയ്ക്ക് പതിനേഴ് വയസുള്ളപ്പോള്‍ പെണ്ണ് കാണാന്‍ പോയതിനെ കുറിച്ചാണ് എംജി ചോദിച്ചത്.
‘തന്റെ പെങ്ങളുടെ കല്യാണം നടത്തുക എന്നതായിരുന്നു ആ സമയത്ത് വലിയ കാര്യം. അത് നടത്തി വീണ്ടും വിദേശത്തേക്ക് പോവാന്‍ ഒരുങ്ങിയപ്പോള്‍ എന്റെ കല്യാണത്തെ കുറിച്ച് അമ്മ ചോദിച്ചു. അന്ന് ഇരുപത്തിയാറ് വയസുണ്ട്. ഉടനെ ഒരു ബ്രോക്കറെ ഏല്‍പ്പിച്ചു. ഇതുപോലൊരു പെണ്‍കുട്ടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പെണ്ണ് ആലോചിക്കുന്നുണ്ടെങ്കില്‍ മലയാളി തനിമയുള്ള പെണ്‍കുട്ടിയാവണം. ആര്‍ഭാടം കാണിക്കുന്ന ആളെ വേണ്ടെന്നും കുടുംബിനിയായിരിക്കണം എന്നും ബ്രോക്കറോട് പറഞ്ഞിരുന്നു. അന്നേരമാണ് പ്രിയയെ കുറിച്ച് പറഞ്ഞത്. പക്ഷേ പതിനേഴ് വയസേയുള്ളു. പതിനെട്ട് വയസിനുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ പിന്നെ അവള്‍ക്ക് ഇരുപത്തിയെട്ട് വയസിലേ വിവാഹത്തിന് യോഗമുള്ളു എന്ന് ആരോ പറഞ്ഞു. അതുകൊണ്ട് പ്രിയയെ എനിക്ക് കിട്ടിയെന്ന് സുധീര്‍ പറയുന്നു.
അങ്ങനെ പ്രിയയെ കാണാമെന്ന് കരുതി. ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഞാന്‍ വരികയുള്ളു. അതിനുള്ളില്‍ പതിനെട്ട് വയസും ആവും. അങ്ങനെ പ്രിയയുടെ വീട്ടില്‍ പോയി കണ്ടു, ഇഷ്ടപ്പെട്ടു. കല്യാണം ഉറപ്പിച്ച് പോന്നു. അക്കാലത്ത് ഫോണ്‍ ഇല്ലാത്ത കാലമാണ്. അതുകൊണ്ട് കത്തിലൂടെയാണ് പ്രണയിച്ചത്. ഒരു വര്‍ഷത്തോളം പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചതെന്നും’ നടന് വെളിപ്പെടുത്തുന്നു.
