ഞാന്‍ ചിലപ്പോള്‍ നല്ല സബ്ജക്ടാണെന്ന് വിചാരിച്ച് പറയുമ്പോള്‍, വേണ്ട ഇതിനെക്കാള്‍ നല്ല സബ്ജക്ട് ചെയ്യാമെന്നാണ് അദ്ദേഹം പറയാറുള്ളത്; മമ്മൂട്ടിയുമായി ഇതുവരെ ഒന്നിച്ച് സിനിമ ചെയ്യാത്തതിനെ കുറിച്ച കമല്ഹാസന്
ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ഉലക്ക നായകൻ കമല്ഹാസന് ചിത്രം വിക്രം റിലീസിനൊരുങ്ങുകയാണ്. കമലിന് പുറമേ ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേന് തുടങ്ങിയ വലിയ താരനിര അണി നിരക്കുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുന്നത്.
തന്റെ തുടക്കകാലത്ത് മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ട്ടുള്ള കമല്ഹാസന് മോഹന്‍ലാല്‍ ഉള്‍പ്പെടയുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമകളും ചെയ്തിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിക്കൊപ്പം കമല്ഹാസന് ഇതുവരെ ഒരു ചിത്രം ചെയ്തിട്ടില്ല.
ഇത് തങ്ങള്‍ പരസ്പരം പറയാറുള്ള പരാതിയാണെന്ന് പറയുകയാണ് കമല്‍ ഹാസന്. നല്ലതാണെന്ന് വിചാരിച്ച് താന്‍ ചില സബ്ജക്ടുകള്‍ പറയുമ്പോള്‍, വേണ്ട ഇതിനെക്കാള്‍ നല്ല സബ്ജക്ട് ചെയ്യാമെന്നാണ് അദ്ദേഹം പറയാറുള്ളതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
വിക്രം പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ ആരാധകരോട് സംവദിക്കുകയായിരുന്നു കമല്‍.
‘ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ലല്ലോ എന്നത് ഞങ്ങള്‍ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു പരാതി ആണ്. ഒരു റൈറ്റ് സബ്ജെക്ടിന് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍.
ഞാന്‍ ചിലപ്പോള്‍ നല്ല സബ്ജക്ടാണെന്ന് വിചാരിച്ച് പറയുമ്പോള്‍, വേണ്ട ഇതിനെക്കാള്‍ നല്ല സബ്ജക്ട് ചെയ്യാമെന്നാണ് അദ്ദേഹം പറയാറുള്ളത്. എന്നാല്‍ മിക്കവാറും വിക്രം കണ്ടതിന് ശേഷം അദ്ദേഹം തന്നെ ഒരു മികച്ച സബ്ജക്ടുമായി വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്,’ കമല്‍ പറഞ്ഞു.
കമലിനൊപ്പം നരേനും കൊച്ചിയിലെത്തിയിരുന്നു. വിക്രം മൂന്നാം ഭാഗത്തില്‍ നരേന് വലിയ കഥാപാത്രത്തെയായിരിക്കും ലഭിക്കുക എന്നും കമല്‍ പറഞ്ഞു.
‘ലോകേഷ് കൊച്ചിയിലേക്ക് വരാത്തതിന്റെ കുറവ് തീര്‍ക്കാനാണ് നരേന് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. കുറെ നാളുകളായി നരേനും എന്നോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് പറയുന്നുണ്ട്. ഇപ്പോള്‍ അദ്ദേഹം ഹാപ്പിയായിട്ടുണ്ട്. അദ്ദേഹത്തിന് ഇനിയും വലിയ കഥാപാത്രങ്ങള്‍ ലഭിക്കേണ്ടതുണ്ട്. വിക്രം മൂന്നാം ഭാഗത്തില്‍ ലഭിച്ചേക്കില്ലെന്ന് ആര് കണ്ടു,’ കമല്‍ പറഞ്ഞു.
ഇന്ന് മുംബൈയിലും വിക്രത്തിന്റെ പ്രൊമോഷന് ഇവന്റ് നടക്കും. 29 ന് മലേഷ്യയിലെ ക്വാലാലമ്പൂരിലും, 31 ന് ഹൈദരാബാദിലും പ്രൊമോഷന് ഇവന്റുകള്‍ ഉണ്ടാകും. ജൂണ്‍ 1 ന് ഇവന്റ് നടക്കുക ദുബായിലെ ബുര്‍ജ് ഖലീഫയിലാണ്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
