ഒരു വിഷയത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ് ; പശു പരാമർശത്തിൽ നിഖില വിമൽ !
കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവന പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അല്ലെന്ന് വ്യക്തമാക്കി നടി നിഖില വിമൽ.
പ്രമുഖ മാധ്യമത്തോടായിരുന്നു നിഖില വിമലിന്റെ പ്രതികരണം. ഈ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട് എന്നും തോന്നിയ കാര്യം പറഞ്ഞതിനോട് ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നത് തന്നെ ബാധിക്കുന്നില്ല എന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വിഷയത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ് എന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നു എന്നും നിഖില വിമല്‍ വ്യക്തമാക്കി. എന്നാല്‍ ഒരു കാര്യത്തില്‍ അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരില്‍ എല്ലാ കാര്യത്തിലും അഭിപ്രായം പറയണ എന്നില്ലെന്നും നിഖില വിമല്‍ പറഞ്ഞു. തന്റെ കുറേ അഭിമുഖം വരുന്നതോ, ആളുകള്‍ തന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോ തനിക്ക് വലിയ ഇഷ്ടമുള്ള കാര്യമല്ലെന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു. എന്റെ മുഖം എപ്പോഴും മീഡിയയില്‍ വരണമെന്നൊന്നുമില്ല.
സിനിമയെ കുറിച്ച് സംസാരിക്കാന്‍ പോയി ഇരിക്കുമ്പോള്‍ അവര്‍ അതൊഴികെ ബാക്കി കാര്യങ്ങളെ കുറിച്ച് ചോദിക്കാറുണ്ടെന്നും നിഖില വിമല്‍ പറഞ്ഞു. കുസൃതി ചോദ്യങ്ങളാണ് താല്പ്പര്യമെങ്കില് അത് ചോദിക്കാവുന്നതാണ്. അത്തരം ഉള്ളടക്കമാകും അവര്‍ക്കാവശ്യം. എന്നാല്‍, തനിക്ക് ഇഷ്ടമുള്ള പോലെയേ മറുപടി പറയൂ എന്നും നിഖില വിമല്‍ വ്യക്തമാക്കി. അവര്‍ക്ക് മറുപടി കുസൃതിയായി കാണണമെങ്കില്‍ അങ്ങനെ കാണാമെന്നും അതല്ല സീരിയസായി കാണണമെങ്കില്‍ അങ്ങനെയുമാകാം എന്നും നിഖില വിമല്‍ പറഞ്ഞു.
താന്‍ ആക്രമിക്കപ്പെടുന്നുണ്ട് എന്നതുകൊണ്ട് സന്തോഷിക്കുന്നവര്‍ സന്തോഷിച്ചോട്ടെ എന്നും നിഖില പറഞ്ഞു. അതുകൊണ്ടൊന്നും ഒരാളുടെയും വായടപ്പിക്കാനാവില്ല. പശുവിനെ കഴിക്കുന്നവരോട് കഴിക്കരുതെന്നോ, കഴിക്കാത്തവരോട് കഴിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും മറ്റുള്ളവരുടെ താല്‍പ്പര്യത്തില്‍ ഇടപെടരുതെന്നും നിഖില പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജോ ആന്‍ഡ് ജോ’ എന്ന ചിത്രത്തിന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലായിരുന്നു നിഖില വിമലിന്റെ പരാമര്‍ശം വിവാദമായത്.
പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത് എന്നുമായിരുന്നു ഒരു കുസൃതി ചോദ്യത്തോടുള്ള നിഖില വിമലിന്റെ മറുപടി. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ലെന്നും വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത് എന്നുമായിരുന്നു നിഖില പറഞ്ഞത്. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ലെന്നും വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ് എന്നുമായിരുന്നു നിഖില വിമലിന്റെ പരാമര്‍ശം.
എന്നാല്‍ ഇതിന് പിന്നാലെ നിഖിലക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. പശുവിനെയും വെട്ടാം എന്ന പരാമര്‍ശത്തിന് മറുപടിയായി സ്വന്തം അമ്മയേയും തിന്നുമോ എന്നായിരുന്നു ചിലരുടെ ചോദ്യം. താരത്തിനെതിരെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും രംഗത്തെത്തിയിരുന്നു. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ടെന്നും നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നുമാണ് എം ടി രമേശ് പറഞ്ഞത്.
അതേസമയം നിഖില വിമലിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നടി മാലാ പാര്‍വതി, സംവിധായകന് അനുരാജ് മനോഹര്‍ എന്നിവരുള്‍പ്പടെ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ നിഖില വിമലിന് പിന്തുണയുമായി എത്തിയിരുന്നു.
