Malayalam
ദൃശ്യം 2 വിന്റെ ടീസർ പുറത്ത്; ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്ക്; പ്രഖ്യാപനവുമായി മോഹൻലാൽ
ദൃശ്യം 2 വിന്റെ ടീസർ പുറത്ത്; ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്ക്; പ്രഖ്യാപനവുമായി മോഹൻലാൽ
മലയാളി സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം ടുവിന്റെ ടീസര്‍ പുറത്തിറങ്ങി
ആമസോണ്‍ പ്രൈം വീഡിയോയാണ് ടീസര്‍ പുറത്തിറക്കിയത്. ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 2021 ല്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ലോക പ്രീമിയറിലൂടെ ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് ദൃശ്യം 2 നേരിട്ടെത്തും.
ദൃശ്യം 2 കൊറോണ കാലത്താണ് പ്രഖ്യാപിച്ചത്.46 ദിവസം കൊണ്ടായിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുൻപേ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സെപ്റ്റംബര്‍ 21ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിൻറെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.
