News
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കാട്ടി എല്‍ഡിഎഫ് പരാതി; സുരേഷ് ഗോപിയോട് വിശദീകരണം തേടി കലക്ടര്‍
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കാട്ടി എല്‍ഡിഎഫ് പരാതി; സുരേഷ് ഗോപിയോട് വിശദീകരണം തേടി കലക്ടര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എല്‍ഡിഎഫ്. ഇതില്‍ കളക്ടര്‍ നടനോട് വിശദീകരണം. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ കളക്ടര്‍ വിശദീകരണം തേടിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിതരണം ചെയ്ത നോട്ടീസിലെ പിഴവുമായി ബന്ധപ്പെട്ടാണ് ഇടതുമുന്നണി പരാതി നല്‍കിയത്. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെകെ വത്സരാജാണ് പരാതിക്കാരന്‍. സ്ഥാനാര്‍ത്ഥിയുടെ വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകളില്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വിശദാംശങ്ങള്‍ ഇല്ലെന്നും, ഇത്തരം ലഘുലേഖകളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നും എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ ഇതില്‍ ആദ്യം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വിവരങ്ങളെ കുറിച്ചാണ് കളക്ടര്‍ ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം വിശദാംശങ്ങള്‍ നോട്ടീസില്‍ നല്‍കാതിരുന്നത് എന്നത് സംബന്ധിച്ച മറുപടിയാണ് തേടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിരന്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും, മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം മണ്ഡലത്തില്‍ നടത്തുന്നുവെന്നും കാട്ടി എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും തുടര്‍നടപടി സ്വീകരിച്ചു വരികയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
അതേസമയം, തൃശൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു കൊണ്ടിരിക്കെ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി നല്‍കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മുന്‍പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന് എതിരെയും പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നിരുന്നു. നടന്‍ ടൊവിനോ തോമസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച സംഭവത്തിലാണ് ആദ്യം പരാതി ഉയര്‍ന്നത്.
എന്നാല്‍ ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഉടന്‍ അദ്ദേഹം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും സുനില്‍ കുമാറിനെതിരെ മറ്റൊരു പരാതിയും ഉയര്‍ന്നിരുന്നു. വോട്ട് തേടിക്കൊണ്ടുള്ള ഫ്‌ലെക്‌സ് ബോഡില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു പരാതി.
തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തേവരുടെയും ചിത്രമുള്ള ഫ്‌ലെക്‌സ് ബോര്‍ഡ് വച്ചതിനായിരുന്നു വിഎസ് സുനില്‍കുമാറിനെതിരെ വീണ്ടും പരാതി ഉയര്‍ന്നത്. ഇതില്‍ യുഡിഎഫാണ് പരാതി നല്‍കിയത്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ ഇടതുമുന്നണിയും സമാന സ്വഭാവമുള്ള പരാതിയുമായി രംഗത്ത് വന്നതോടെ പ്രചാരണം കൊഴുക്കുകയാണ് മണ്ഡലത്തില്‍.
