Malayalam
നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ
നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്.
അത് വേണ്ടായിരുന്നു. ഞാൻ പറയുമ്പോൾ ആ നടൻ ഇത് കാണും. പക്ഷേ ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ പ്രശ്‌നങ്ങൾക്കും കാരണമാകും’, എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകൾ.
പിന്നാലെ ആ നടൻ നിവിൻ പോളിയാണെന്നും നിവിൻ പോളി ‘ബേബി ഗേൾ’ സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്നും പ്രചാരണം നടന്നു. എന്നാൽ ഇപ്പോഴിതാ ഇത് ശരിയല്ലെന്ന് പറയുകയാണ് ബേബി ഗേൾ സിനിമയുടെ സംവിധായകൻ അരുൺ വർമ. തന്റെ സിനിമയിൽ പറഞ്ഞ ഡേറ്റുകളിൽ നിവിൻ പോളി അഭിനയിച്ചിരുന്നു.
അതിന് ശേഷം നിവിൻ ചിത്രത്തിൽനിന്ന് വിടുതൽ വാങ്ങിയിട്ടുണ്ട്. മറ്റേതെങ്കിലും സിനിമയിൽ അഭിനയിക്കാനാണോ പോയത് എന്ന കാര്യം തങ്ങൾ ചിന്തിക്കേണ്ടതില്ലെന്നും അരുൺ വർമ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ തങ്ങളുടെ അറിവോടെയല്ലെന്നും അരുൺ വർമ കൂട്ടിച്ചേർത്തു.
