Malayalam
ഇപ്പോഴും ആളുകള്‍ പ്രതിഷേധിക്കുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്; ലൈഗറിന്റെ കോടികളുടെ നഷ്ടത്തെ കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ്
ഇപ്പോഴും ആളുകള്‍ പ്രതിഷേധിക്കുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്; ലൈഗറിന്റെ കോടികളുടെ നഷ്ടത്തെ കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ്
നിരവധിആരാധകരുള്ള താരം വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൈഗര്‍. ഈ ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു നേരിട്ടത്. സിനിമയുടെ വിതരണക്കാരെയും തിയേറ്റര്‍ ഉടമകളെയും അത് വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. നിക്ഷേപത്തിന്റെ 80% നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിരുന്നു. പിന്നാലെ നഷ്ടപരിഹാരം നല്‍കണമെന്ന ചര്‍ച്ചകളും സജീവമായി.
ഇപ്പോഴിതാ ഈ സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ പുരി ജഗന്നാഥിന്റെ ഓഡിയോ സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. സിനിമയുടെ നടഷ്ടത്തെ തുടര്‍ന്ന് പുരി ജഗന്നാഥിന്റെ വീട്ടില്‍ വിതരണക്കാരും എക്സിബിറ്റേഴ്സും സമര ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഓഡിയോ വൈറലാകുന്നത്.
നഷ്ടപരിഹാര തുകയുടെ പേരില്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണോ എന്നാണ് സംവിധായകന് ഓഡിയോയില്‍ ചോദിക്കുന്നത്. താന്‍ ആരോടും കടപ്പെട്ടിട്ടില്ല, എന്നിട്ടും പണം തിരികെ നല്കാന് തയ്യാറായി, നല്ല മനസ്സോടെ ഞാന്‍ മടക്കി നല്കാന് തീരുമാനിച്ചു. ഞാന്‍ ഇതിനകം അവരുമായി സംസാരിച്ചു, സമ്മതിച്ച തുക ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന് അവരെ അറിയിച്ചു എന്നും അദ്ദേഹം പറയുന്നു.
തന്റെ സല്‍പ്പേര് സംരക്ഷിക്കാനാണ് പണം തിരികെ നല്കാന് തീരുമാനിച്ചതെന്നും എന്നാല്‍ ഇപ്പോഴും ആളുകള്‍ പ്രതിഷേധിക്കുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ സമരം ചെയ്യുന്ന ആര്‍ക്കും പണം നല്‍കില്ലെന്നും സംവിധായകന് പറഞ്ഞു. ‘സിനിമാ വ്യവസായത്തില്‍ എല്ലാവരും ചൂതാട്ടം നടത്തുകയാണ്.
ചില സിനിമകള്‍ ഹിറ്റാകും, ചിലത് പരാജയപ്പെടും. ‘പോക്കിരി’, ‘ഇസ്മാര്‍ട്ട് ശങ്കര്‍’ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ നിന്നും എനിക്ക് ഇനിയും പണം ലഭിച്ചിട്ടില്ല. അതിന് ബയേഴ്സ് അസോസിയേഷന് എന്നെ സഹായിക്കുമോ? പ്രതിഷേധിക്കണമെങ്കില്‍ അങ്ങനെയാവാം. പ്രതിഷേധിച്ചവരുടെ ലിസ്റ്റ് ഞാന്‍ എടുക്കും, അവര്‍ക്ക് പണം നല്‍കില്ല.’ എന്നും പുരി ഓഡിയോയില്‍ വ്യക്തമാക്കുന്നു.
ഓഡിയോ പുറത്തുവന്നതിന് പിന്നാലെ പിന്നാലെ വിഷയത്തില്‍ പ്രതകരിച്ച് വിതരണക്കാരും രംഗത്തെത്തി. ‘പുരി ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒരു നിശ്ചിത തുക തിരികെ നല്‍കാമെന്ന് സമ്മതിച്ചു. എല്ലാം സൗഹാര്‍ദ്ദപരമായ വ്യവസ്ഥകളില്‍ തിരികെ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇവിടെ നിന്നും ഞങ്ങള്‍ സമരങ്ങളൊന്നും ആസുത്രണം ചെയ്യുന്നില്ല,’ എന്നും ആന്ധ്രാപ്രദേശിലെ ലൈഗറിന്റെ എക്സിബിറ്റര്‍മാരില്‍ ഒരാളായ ഭരത് ചൗധരി പറഞ്ഞു.
ഓരോരുത്തര്‍ക്കും എത്ര തുക നല്‍കണമെന്നത് ചര്‍ച്ച ചെയ്യാന്‍ പ്രദര്‍ശകര്‍ ഒക്ടോബര്‍ 27 ന് യോഗം ചേരുമെന്ന് തെലങ്കാന മേഖലയില്‍ നിന്നുള്ള മറ്റൊരു എക്സിബിറ്റര് ബാല്‍ഗോവിന്ദ് പറഞ്ഞു. പുരിയുടേതെന്ന് പറയപ്പെടുന്ന ഓഡിയോ താനും ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആരെങ്കിലും പണം തിരികെ നല്കാന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍, അവരെ കൂടുതല്‍ പ്രകോപിപ്പിക്കരുത്. നമ്മുടെ പ്രശ്നത്തിന് ഒരു പരിഹാരം നല്കാന് അവന് തയ്യാറാകുമ്പോള്‍, അവരെ അനുവദിക്കണം എന്നും ബാലഗോവിന്ദ് പ്രതികരിച്ചു.
