Tamil
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോ ഫുള്‍ എച്ച്ഡിയില്‍ ചോര്‍ന്നു; നടപടിയുമായി അണിയറപ്രവര്‍ത്തകര്‍
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോ ഫുള്‍ എച്ച്ഡിയില്‍ ചോര്‍ന്നു; നടപടിയുമായി അണിയറപ്രവര്‍ത്തകര്‍
വിജയ് നായകനായി വന്‍ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു ‘ലിയോ’. ‘മാസ്റ്ററി’നു ശേഷം സംവിധായകന്‍ ലോകേഷ് കനകരാജുമായി ദളപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. ‘ലിയോ’ മികച്ച പ്രതികരണമാണ് ഇന്ന് റിലീസായ തിയേറ്ററുകളില്‍ ഉണ്ടാക്കുന്നത്. പുലര്‍ച്ചെ നാല് മണിയ്ക്കായിരുന്നു കേരളത്തില്‍ അടക്കം ആദ്യ ഷോ. എന്നാല്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളതു കൊണ്ട് ചിത്രം എത്തിയത് രാവിലെ 9 മണിക്കാണ്.
ഇപ്പോഴിതാ, റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോയുടെ പൈറേറ്റഡ് വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പറയുന്നത്. ‘ലിയോ’ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഫുള്‍ എച്ച്ഡിയില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് എന്നാണ് വിവരം. കുറച്ച് വെബ്‌സൈറ്റുകളില്‍ ഇത് ലഭ്യമായിരുന്നുവെന്നും. എന്നാല്‍ ലിയോ ടീം ഇതിനെതിരെ നിയോഗിച്ച സൈബര്‍ സംഘം ഇത്തരം പ്രിന്റുകള്‍ക്കെതിരെ ശക്തമായ നടപടിയിലാണ് എന്നാണ് വിവരം.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ലിയോ തിയേറ്ററുകളില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്‌തെന്നും. എന്നാല്‍ ഇവ പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്‌തെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചിത്രത്തിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഏതോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് എക്‌സില്‍ കാര്യമായി പ്രചരിക്കുന്നത്.
സെന്‍സറിംഗിനോ മറ്റോ ഉള്ള പ്രിവ്യൂവിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിന് ഇടയില്‍ ചിത്രീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ലീക്ക്ഡ് എന്ന ഹാഷ് ടാഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കപ്പെടുന്നത്. എക്‌സില്‍ ഇതിനകം 76,000ല്‍ അധികം പോസ്റ്റുകള്‍ ഈ ഹാഷ് ടാഗോടെ എത്തിയിട്ടുണ്ട്. കൂടുതല്‍ പോസ്റ്റുകളും വീഡിയോ അടങ്ങിയതുമാണ്.
അതേസമയം വിജയ് ആരാധകര്‍ വൈകാരികതയോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തി അവസാനിപ്പിക്കണമെന്ന് എക്‌സില്‍ ആഹ്വാനം ഉയരുന്നുണ്ട്. കര്‍ശന നടപടിയുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്‌സ് ഹാന്‍ഡിലുകള്‍ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്‌സ്, മാസ്ബങ്ക് ആന്റിപൈറസി തുടങ്ങിയ ആന്റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്‌സ് ഹാന്‍ഡിലുകള്‍ തങ്ങളെ അറിയിക്കണമെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്.
