Actress
മാതൃത്വം അനുഭവിക്കണമെന്ന ആഗ്രഹം തോന്നിയിട്ടില്ല, അമ്മമാർ എന്ത് മാത്രം സ്ട്രെസ് ആണ് അനുഭവിക്കുന്നത്; ലക്ഷ്മി ഗോപാലസ്വാമി
മാതൃത്വം അനുഭവിക്കണമെന്ന ആഗ്രഹം തോന്നിയിട്ടില്ല, അമ്മമാർ എന്ത് മാത്രം സ്ട്രെസ് ആണ് അനുഭവിക്കുന്നത്; ലക്ഷ്മി ഗോപാലസ്വാമി
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് താരമാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് നടിയായും നർത്തകിയായും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാനായി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടിങ്ങോട്ട് മോഹൻലാൽ, ജയറാം, മമ്മൂട്ടി തുടങ്ങി മുൻനിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളും നടിയെ തേടി എത്തി.
ഇപ്പോഴും അവിവാഹിതയായി തുടരുന്ന താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വമി. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയും ആരാധകരും താരത്തോട് എപ്പോഴുംവിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. വ്യാജ വാർത്തകളും ലക്ഷ്മി ഗോപാലസ്വാമിയെ അലട്ടാറുണ്ട്. എന്നാൽ എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോൾ. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം എല്ലായിപ്പോഴും എനിക്ക് വരാറുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ പോലും എനിക്കങ്ങനൊരു ആഗ്രഹം വന്നിട്ടില്ല. ഓരോ അമ്മമാരെയും കുട്ടികളെയുമൊക്കെ കാണുമ്പോൾ എന്ത് മാത്രം സ്ട്രെസ് ആണ് അവർ അനുഭവിക്കുന്നതെന്ന് മനസിലാകും. അമ്മയാവുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല.
പക്ഷേ എനിക്കങ്ങനെ മാതൃത്വം അനുഭവിക്കണമെന്ന വലിയ ആഗ്രഹമൊന്നും തോന്നിയിട്ടില്ല. കൂടുതൽ സ്ത്രീകൾക്കും കുട്ടികൾക്ക് ജന്മം കൊടുത്ത് അവരുടേതായൊരു ഫാമിലി ഉണ്ടാക്കണമെന്ന വലിയ ആഗ്രഹം ഉണ്ടാവും. എനിക്ക് ഒരിക്കൽ പോലും അങ്ങനൊരു താൽപര്യം ഉണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗം പേരും സിംഗിളായി ജീവിക്കുന്നവർ തന്നെയാണ്. അതിൽ വിവാഹം കഴിക്കാത്തവരും കഴിച്ചിട്ട് തിരികെ വന്നവരുമൊക്കെ ഉണ്ട്.
എന്റെ കസിൻസിന്റെ കുട്ടികളെയൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടികൾക്ക് എന്നെയും ഇഷ്ടമാണ്. പക്ഷേ അത് വേറിട്ടൊരു ഉത്തരവാദിത്തമാണ്. ചിലപ്പോഴൊക്കെ ഒറ്റപ്പെടൽ തോന്നിയിട്ടുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷേ എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരം നമ്മൾ തന്നെ കണ്ടെത്തുകയാണ് വേണ്ടത്.
ഒരു കംപാനിയൻ കൂടെ ഉണ്ടെങ്കിൽ നമുക്ക് എന്തും ചെയ്യാൻ സാധിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷേ നല്ല കംപാനിയൻ ആയിരിക്കണം. വിവാഹം കഴിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്വഭാവം മോശമാണെങ്കിൽ ഒരുമിച്ച് കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വന്നേക്കാം. പക്ഷേ പെട്ടെന്ന് ഒരു രാത്രി ഷോയ്ക്ക് പോകാനോ, ഡ്രൈവ് പോകാനോ കംപാനിയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്.
പക്ഷേ അതിനും ഇപ്പോൾ സെലൂഷനുണ്ട്. കാരണം ഗേൾ ഫ്രണ്ട്സിനൊപ്പം ഞാനിങ്ങനെ പോകാറുണ്ട്. ഇപ്പോൾ ലേഡീസ് ട്രാവൽ ഗ്രൂപ്പുകളുണ്ട്. അത് സോഷ്യൽ മീഡിയ ഉള്ളതിന്റെ പോസിറ്റീവായിട്ടുള്ള കാര്യമാണ്.
അങ്ങനെയുള്ളപ്പോൾ വിവാഹ ജീവിതം പോലൊരു റിലേഷൻഷിപ്പ് ഇല്ലാതെയും ജീവിക്കാൻ സാധിക്കുമെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
അടുത്തിടെയായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. ലക്ഷ്മി തന്നെയാണ് ഈ ദുഃഖവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അമ്മ പോയെന്നും കർമ്മങ്ങൾ നടത്തിയെന്നും, എല്ലാവരും അമ്മയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കണമെന്നും അറിയിച്ച് എത്തുകയായിരുന്നു താരം. നവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിനിടയിലാണ് ലക്ഷ്മിക്ക് അമ്മയെ നഷ്ടമായത്.
