Malayalam
കൈകൂപ്പി പ്രാർഥനയോടെ കെഎസ് ചിത്ര; വീട്ടുമുറ്റത്ത് പൊങ്കാലയർപ്പിച്ച് ഗായിക
കൈകൂപ്പി പ്രാർഥനയോടെ കെഎസ് ചിത്ര; വീട്ടുമുറ്റത്ത് പൊങ്കാലയർപ്പിച്ച് ഗായിക
മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെ.എസ് ചിത്ര. തന്റെ മധുരമൂറുന്ന സ്വര മാധുരിയിൽ ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച് കേരളത്തിന്റെ വാനമ്പാടി എന്ന ഖ്യാതിയും ചിത്ര സ്വന്തമാക്കി. ഇപ്പോഴിതാ പതിവ് തെറ്റാതെ ആറ്റുകാൽ പൊങ്കാല അർപ്പിക്കാനെത്തിയിരിക്കുകയാണ് പ്രിയ ഗായിക.
വീട്ടുമുറ്റത്താണ് ചിത്ര പൊങ്കാലയിട്ടത്. ഇതിന്റെ ചിത്രങ്ങൾ ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കൈകൂപ്പി പ്രാർഥനയോടെ നിൽക്കുന്ന ചിത്രയുടെ ഫോട്ടോകൾ വൈറലാണ്. ഏവർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ എന്ന നേർന്നു കൊണ്ടായിരുന്നു പ്രിയ ഗായിക ചിത്രങ്ങൾ പങ്കുവെച്ചത്.
ആറ്റുകാൽ അമ്മയുടെ നിറഞ്ഞ ഭക്തയാണ് ചിത്ര. മുമ്പൊക്കെ ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല ഇടുന്നതിനായി പോകുമായിരുന്നെങ്കിലും ഇപ്പോൾ ആ പതിവുകളില്ല. ഏതാനും വർഷങ്ങളായി വീട്ടിൽ തന്നെയാണ് പൊങ്കാല അർപ്പിക്കുന്നത്. ഇത്തവണയും നിരവധി സെലിബ്രിറ്റികളാണ് പൊങ്കാല അർപ്പിക്കുവാനായി എത്തിയത്.
ചിപ്പി, പാർവതി ജയറാം,തരിണി കലിംഗയാർ, ആനി എന്നിവരും പൊങ്കാല ഇടാൻ എത്തിയിരുന്നു. അതേസമയം, ഉച്ചയ്ക്ക് 1.15ന് ആണ് പൊങ്കാല നിവേദ്യം നടന്നത്. ഇന്ന് രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്.
അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
