ഹനീഫക്കയക്ക് ഡബ്ബിംഗ് ചെയുമ്പോൾ എവിടെ നിന്നോ അവരുടെ സഹായം ശരീരത്തിലോ ശബ്ദത്തിലോ വന്ന് കയറും; കോട്ടയം നസീർ
സോഷ്യൽമീഡിയകളും ടെലിവിഷൻ ചാനലുകളും തിങ്ങി നിറയും മുമ്പ് തന്നെ സ്റ്റേജ് ഷോകൾ വഴിയും മിമിക്രി കാസറ്റുകൾ വഴിയും സിനിമകൾ വഴിയും പ്രേക്ഷകർക്ക് സുപരിചിതമായ പേരാണ് കോട്ടയം നസീറിന്റേത്. തൊണ്ണൂറുകളിൽ ഒട്ടുമിക്ക സിനിമകളും ചെറിയ കഥാപാത്രങ്ങളെങ്കിലും ചെയ്ത് കോട്ടയം നസീറും ഉണ്ടാകും.
കൊച്ചിന് ഹനീഫയുടെ ശബ്ദം അനുകരിച്ച് ഒരുപാട് തവണ കയ്യടി നേടിയിട്ടുണ്ട് കോട്ടയം നസീര്‍. അദ്ദേഹത്തിന്റെ മരണ ശേഷം രണ്ട് സിനിമകളില്‍ ഡബ്ബ് ചെയ്തതും കോട്ടയം നസീറായിരുന്നു. ഇപ്പോഴിതാ കൊച്ചിന് ഹനീഫയെക്കുറിച്ചും അദ്ദേഹത്തിനായി ശബ്ദം നല്‍കിയതിനെക്കുറിച്ചും സംസാരിക്കുകയാണ് കോട്ടയം നസീര്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
”ഹനീഫിക്ക ആശുപത്രിയിലായിരുന്നപ്പോള്‍ ഞാന്‍ വിളിച്ചിരുന്നു. രണ്ട് സിനിമയുടെ ഡബ്ബിംഗ് ബാക്കിയുണ്ടെന്നും ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശേഷം അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നതാണ്. പക്ഷെ അതു കഴിഞ്ഞ് അദ്ദേഹം നമ്മളെ വിട്ടു പോയി. അത് ഡബ്ബ് ചെയ്യാനുള്ള നിമിത്തം എനിക്കായിരുന്നു. ശങ്കര്‍ സാറിനെ പോലൊരു വലിയ സംവിധായകന്, രജനീകാന്ത് അഭിനയിക്കുന്ന സിനിമ, അതില്‍ ശബ്ദം കൊണ്ടെങ്കിലും ഭാഗമാകാന്‍ സാധിച്ചുവെന്നതാണ് സന്തോഷം” എന്നാണ് കോട്ടയം നസീര്‍ പറയുന്നത്.
”മദിരാശി പട്ടണത്തിലേക്ക് വിളിക്കുന്നത് യന്തിരന് കണ്ടിട്ടാണ്. പത്തിരുപത്തിയേഴ് സീനുണ്ടായിരുന്നു. മൂന്ന് ദിവസത്തെ ഡബ്ബിംഗ് വേണ്ടി വരുമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ രാവിലെ തുടങ്ങി ഉച്ചയായപ്പോഴേക്കും തീര്‍ന്നു. വേഗത്തില്‍ ചെയ്യാനായി. ഡബ്ബ് ചെയ്യുന്ന സമയത്ത്, എവിടെ നിന്നോ ഇവരുടെ സഹായം ഉണ്ടാകും. ഹനീഫക്കയുടേത് ചെയ്യുമ്പോഴും നരേന്ദ്രപ്രസാദിനെ ചെയ്യുമ്പോഴും അതുണ്ടായിരുന്നു. എവിടെ നിന്നോ അവരുടെ സഹായം ശരീരത്തിലോ ശബ്ദത്തിലോ വന്ന് കയറും. പിന്നെ ചെയ്യാന്‍ എളുപ്പമാണ്. ഒരുപക്ഷെ തോന്നലായിരിക്കും” എന്നും കോട്ടയം നസീര്‍ പറയുന്നുണ്ട്.
അഭിനയത്തിന് പുറമെ ചിത്ര രചനയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് കോട്ടയം നസീര്‍. മോഹന്‍ലാലിന് തന്റെ പെയ്ന്റിംഗ് നല്‍കിയതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ”ലാലേട്ടന് ഞാന്‍ വരയ്ക്കും എന്നറിഞ്ഞത് മുതല്‍ എന്നോട് പെയിന്റിംഗ്സ് ചോദിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടു പോയി പെയിന്റിംഗ് കളക്ഷനൊക്കെ കാണിച്ചു തന്നിരുന്നു. അത് കാണിച്ചപ്പോള്‍ ടെന്‍ഷനായി. വലിയ പ്രതിഭാധനരായ കലാകാരന്മാരുടെ പെയിന്റിംഗുകളാണ് അവിടെ ഇരിക്കുന്നത്. വ്യത്യസ്തമായ എന്തെങ്കിലും ഒരെണ്ണം നീയെനിക്ക് ചെയ്തു തരണം എന്ന് അദ്ദേഹം പറഞ്ഞു.
”അങ്ങനെ ആലോചിച്ചപ്പോഴാണ് ലാലേട്ടന് നായ്ക്കുട്ടികളെ ഇഷ്ടമാണെന്ന് അറിയുന്നത്. ലാലേട്ടന് അഭിനയത്തില്‍ വിസ്മയമാണ്. അതുകൊണ്ട് അദ്ദേഹത്തിന് പ്രിയപ്പെട്ട നായ്ക്കുട്ടിയുടെ മുഖത്ത് വരുന്ന നവരസങ്ങള്‍ വരയ്ക്കാം എന്നു കരുതി. അതിനായി കുറേ റഫറന്‍സ് ഫോട്ടോകളെടുക്കുകയും ഞാന്‍ എന്റേതായ കുറച്ച് ക്രിയേഷനുകള്‍ നടത്തുകയുമൊക്കെ ചെയ്തു” എന്നും അദ്ദേഹം പറയുന്നു.
എന്റെ നാട്ടില്‍ ആട്ടകലാശം സിനിമ അമ്പത് ദിവസം തികച്ചപ്പോള്‍ ലാലേട്ടനും സുകുമാരിയമ്മയുമൊക്കെ വന്നിരുന്നു. കൊല്ലം കുറേയായി. എനിക്കന്ന് പത്തോ പന്ത്രണ്ടോ വയസാണ്. അന്ന് സ്റ്റേജില്‍ ലാലേട്ടന്റെ അടുത്ത് ഇരുന്നിട്ടുണ്ട്. അതൊക്കെ കഴിഞ്ഞ് ഞാന്‍ ലാലേട്ടനെ പരിചയപ്പെടുകയും ഒരുമിച്ച് സിനിമ ചെയ്യുകയുമൊക്കെ ചെയ്തുവെന്നും കോട്ടയം നസീര്‍ പറയുന്നു. ഇന്ന് ഞാന്‍ കൊടുത്ത പെയ്ന്റിംഗ് അദ്ദേഹം വീട്ടില്‍ വച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോ എനിക്ക് അയച്ചു തന്നിരുന്നു. അതൊരു ഗോള്‍ഡന്‍ മൊമന്റാണ്. നമ്മള് സമ്മാനിക്കുന്നു എന്നതിലല്ല, അദ്ദേഹം അതെവിടെ വച്ചിരിക്കുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറയുന്നു.
