Bollywood
‘തേജസിനെ’ വെറുക്കുന്നവര്‍ എല്ലാം ദേശവിരുദ്ധര്‍; കങ്കണ റണാവത്ത്
‘തേജസിനെ’ വെറുക്കുന്നവര്‍ എല്ലാം ദേശവിരുദ്ധര്‍; കങ്കണ റണാവത്ത്
ബോളിവുഡില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് കങ്കണ റണാവത്ത്. നടിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രമായിരുന്നു തേജസ്. 60 കോടിയിലേറെ മുടക്കിയെടുത്ത കങ്കണയുടെ ചിത്രം ഇതുവരെ നേടിയത് വെറും 5 കോടി രൂപ മാത്രമാണ്. ഇതോടു കൂടി തേജസ് ബോക്‌സോഫീസ് ദുരന്തമാണെന്നാണ് വിലയിരുത്തല്‍.
ഉറി പോലുള്ള ഒരു സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് ബബിള്‍ റിവ്യൂ പറയുന്നത്. ഇതിനിടയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി കങ്കണ സംഘടിപ്പിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന ചിത്രം എന്നാണ് യോഗി ചിത്രത്തെക്കുറിച്ച് എക്‌സ് പോസ്റ്റ് ഇട്ടത്.
തന്റെ ചിത്രം കണ്ട് യോഗി ആദിത്യനാഥ് അവസാനം കണ്ണീര്‍ അണിഞ്ഞെന്ന് കങ്കണ തന്നെ ട്വീറ്റ് ചെയ്തിരുന്നു. തന്റെ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സംരക്ഷണം നല്‍കും എന്ന് ചിത്രം കണ്ട ശേഷം യുപി മുഖ്യമന്ത്രി യോഗി പറഞ്ഞതായും കങ്കണ പറഞ്ഞു. സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഇത് തീര്‍ച്ചയായും കാണേണ്ട ചിത്രമാണെന്ന് യോഗി പറഞ്ഞതായി കങ്കണ പറഞ്ഞു.
ഇത് വലിയ ട്രോളുകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഈ ഷോയ്ക്ക് ശേഷം കങ്കണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ സിനിമയെ വെറുക്കുന്നവര്‍ ദേശവിരുദ്ധരാണ്. ഇത്തരക്കാര്‍ തന്റെ പരിശ്രമത്തെയും അത് നല്‍കുന്ന സന്ദേശവും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ദേശീയസ്‌നേഹമുള്ള ആരും തേജസിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്നും, അത് കാണണമെന്നും കങ്കണ പറഞ്ഞു.
അതേസമയം ഈ ആഴ്ചയിലെ ബോക്‌സ് ഓഫീസ് പ്രകടനം കൂടി പരിശോധിച്ചാലും ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ 10 കോടിയ്ക്ക് താഴെ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യമൊട്ടാകെ ചിത്രത്തിന്റെ 50 ശതമാനത്തോളം ഷോകള്‍ പ്രേക്ഷകരുടെ കുറവ് മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം പ്രേക്ഷകര്‍ എത്തേണ്ട ഞായറാഴ്ച പോലും തങ്ങള്‍ക്ക് ലഭിച്ചത് 100 പേരെയാണെന്ന് മുംബൈയിലെ പ്രശസ്ത തിയറ്റര്‍ ആയ ഗെയ്റ്റി ഗാലക്‌സിയുടെ ഉടമ മനോജ് ദേശായി പറഞ്ഞിരുന്നു.
