News
പാര്‍ലമെന്റ് പരിസരത്ത് ‘എമര്‍ജന്‍സി’ ഷൂട്ട് ചെയ്യാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് അനുമതി തേടി കങ്കണ റണാവത്ത്
പാര്‍ലമെന്റ് പരിസരത്ത് ‘എമര്‍ജന്‍സി’ ഷൂട്ട് ചെയ്യാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് അനുമതി തേടി കങ്കണ റണാവത്ത്
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി ബോളിവുഡ് നടി കങ്കണ റണാവത്ത് വേഷമിടുന്ന ചിത്രമാണ് ‘എമര്‍ജന്‍സി’. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവറും വൈറലായി മാറി.
കങ്കണ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാകുന്ന ചിത്രത്തിന് വേണ്ടി റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധാനം. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം.
അതേസമയം, ‘എമര്‍ജന്‍സി’ പാര്‍ലമെന്റ് പരിസരത്ത് ഷൂട്ട് ചെയ്യാന്‍ കങ്കണ റണാവത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് അനുമതി തേടിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കങ്കണയുടെ അപേക്ഷ പരിഗണനയിലാണെങ്കിലും അവര്‍ക്ക് അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
‘സാധാരണഗതിയില്‍, പാര്‍ലമെന്റ് പരിസരത്ത് ഷൂട്ട് ചെയ്യാനോ വീഡിയോഗ്രഫി ചെയ്യാനോ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാറില്ല. ഔദ്യോഗികമോ അല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കില്‍ മാത്രമേ അനുമതി നല്‍കാറുള്ളൂവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
പൊതുവേ സര്‍ക്കാറിന് കീഴിലുള്ള പ്രക്ഷേപകരായ ദൂരദര്‍ശനും സന്‍സദ് ടിവിക്കും മാത്രമാണ് പാര്‍ലമെന്റിനുള്ളില്‍ പരിപാടികളോ ഇവന്റുകളോ ചിത്രീകരിക്കാന്‍ അനുവാദം നല്‍കാറുള്ളത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി പാര്‍ലമെന്റിനുള്ളില്‍ ഷൂട്ടിംഗ് നടത്താന്‍ ആര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
