Bollywood
കങ്കണയുടെ എമർജൻസി ഒടിടിയിൽ
കങ്കണയുടെ എമർജൻസി ഒടിടിയിൽ
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കങ്കണ റണാവത്ത്. ഇപ്പോൾ നടിയും ബി.ജെ.പി എം.പിയുമാണ് കങ്കണ. നടിയുടെ സംവിധാനത്തിൽ പുറത്തെത്തിയ എമർജൻസി എന്ന ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഈ വിവരം കങ്കണ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുന്നത്.
തിയേറ്ററിൽ റിലീസ് ചെയ്ത് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. ഇന്ദിരാഗാന്ധിയായി ആണ് കങ്കണ ചിത്രത്തിലെത്തുന്നത്. അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ജനുവരി 17ന് റിലീസ് ചെയ്യുന്ന സിനിമയിൽ കങ്കണയെ കൂടാതെ അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമർജൻസി. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019)ആണ് ആദ്യ ചിത്രം.
സെൻട്രൽ ബോർഡ് ഫോർ ഫിലിം സെർട്ടിഫിക്കേഷൻ (CBFC) സിനിമയുടെ റിലീസ് മാസങ്ങളോളം തടഞ്ഞത് തന്നെ ഭയപ്പെടുത്തിയെന്നും ഇങ്ങനെയായിരുന്നെങ്കിൽ താൻ സിനിമ തീയറ്ററിൽ റിലീസ് ചെയ്യുന്നതിന് പകരം സെർട്ടിഫിക്കേഷൻ ഒഴിവാക്കാൻ ഒടിടിയിൽ റിലീസ് ചെയ്യുമായിരുന്നുവെന്നും നടി പറഞ്ഞിരുന്നു.
