Malayalam
ആമിയില്‍ നിന്ന് എന്തുകൊണ്ട് വിദ്യ ബാലന്‍ പിന്മാറിയെന്ന കൃത്യമായ കാരണം ഇപ്പോഴും അറിയില്ല; സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്താമെന്ന് പറഞ്ഞിട്ടും പറ്റില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് കമല്‍
ആമിയില്‍ നിന്ന് എന്തുകൊണ്ട് വിദ്യ ബാലന്‍ പിന്മാറിയെന്ന കൃത്യമായ കാരണം ഇപ്പോഴും അറിയില്ല; സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്താമെന്ന് പറഞ്ഞിട്ടും പറ്റില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് കമല്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.
രണ്ടാം വരവിലും നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറഞ്ഞ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഏവര്‍ക്കും ആകാംക്ഷയായിരുന്നു. മാധവിക്കുട്ടിയായി വിദ്യ ബാലനെ അവതരിപ്പിക്കാനാണ് സംവിധായകന്‍ കമല്‍ ആദ്യം തീരുമാനിച്ചത്. കമല്‍-വിദ്യ കൂട്ടുകെട്ടില്‍ വരുന്ന സിനിമയ്ക്കുള്ള കാത്തിരിപ്പിലായി പ്രേക്ഷകര്‍.
എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളാണ് പിന്നീടുണ്ടായത്. വിദ്യ ബാലന്‍ ആമിയില്‍ നിന്ന് പിന്മാറി. പകരം മഞ്ജു വാര്യര്‍ നായികയായെത്തി. പക്ഷെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ വിദ്യ ബാലന്‍ സിനിമയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍. കൗമുദി മൂവീസിലാണ് പ്രതികരണം. ആമിയില്‍ സ്വന്തമായി ഡബ് ചെയ്യാന്‍ വേണ്ടി ഒന്നര മാസത്തോളം വിദ്യ പരിശീലനം പോലും നേടിയതാണെന്ന് കമല്‍ പറയുന്നു.
ഷൂട്ടിംഗ് തുടങ്ങാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് വിദ്യ പിന്മാറുന്നതെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. ആദ്യം മാനേജര്‍ എന്നെ വിളിച്ചു. ചെറിയൊരു പ്രശ്‌നമുണ്ട്, ഷൂട്ടിംഗ് മാറ്റി വെക്കേണ്ടി വരും വിദ്യ ബാലന് കുറച്ച് പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. വിദ്യയുടെ അച്ഛനുമായി സംസാരിക്കാന്‍ പറഞ്ഞു. വിളിച്ചപ്പോള്‍ വിദ്യക്ക് സിനിമയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. വല്ലാത്തൊരു ടെന്‍ഷനായിപ്പോയി. എന്താണ് കാര്യമെന്ന് പറയുന്നുമില്ല.
പിറ്റേ ദിവസം വിദ്യ ബാലനെ വിളിച്ചു. സംസാരിച്ചേ പറ്റൂയെന്ന് പറഞ്ഞപ്പോള്‍ കിട്ടി. വെരി സോറി, ചില പ്രശ്‌നങ്ങളുണ്ട്, ഈ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. നാളെ ബോംബെയിലേക്ക് വരാം നേരിട്ട് കണ്ട് സംസാരിക്കാമെന്ന് ഞാന്‍. ബോംബെയില്‍ വന്നു. റസൂല്‍ പൂക്കുട്ടിയും ഞാനും വിദ്യ ബാലന്റെ വീട്ടില്‍ പോയി സംസാരിച്ചു. അവര്‍ കൃത്യമായ മറുപടി പറയുന്നില്ല.
സ്‌ക്രിപ്റ്റില്‍ കുറച്ച് സംശയങ്ങളുണ്ടെന്ന് ആദ്യം എന്നോട് പറഞ്ഞു. സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തണമെങ്കില്‍ വരുത്താം, ഒരു പ്രശ്‌നവുമില്ലെന്ന് ഞാന്‍. പെട്ടെന്ന് എനിക്ക് പറയാന്‍ പറ്റില്ലെന്ന് വിദ്യ. എന്താണ് നിങ്ങള്‍ക്ക് സ്‌ക്രിപ്റ്റില്‍ പ്രശ്‌നം തോന്നിയതെന്ന് ഞാന്‍ ചോദിച്ചു. മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ കുറച്ച് വിവാദപരമായ കാര്യങ്ങളുണ്ടല്ലോ അതെങ്ങനെ ഡീല്‍ ചെയ്യുമെന്ന് വിദ്യ.
സ്‌ക്രിപ്റ്റിന്റെ വിവാദ ഭാഗങ്ങള്‍ മുഴുവന്‍ അവിടെയിരുന്ന് ഞങ്ങള്‍ വായിച്ചു. അപ്പോള്‍ വിദ്യ ഒന്നും പറഞ്ഞില്ല. സാറിനെ വിളിക്കാമെന്ന് പറഞ്ഞു. സോറി, എനിക്ക് തല്‍ക്കാലം അത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് വിദ്യ മെസേജ് അയച്ചു. എന്താണ് കാരണം എന്ന് എനിക്കിപ്പോഴും കൃത്യമായി അറിയില്ല. ആ സമയത്തുണ്ടായിരുന്ന ചില പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കാം കാരണമെന്ന് താന്‍ കരുതുന്നു.
വ്യക്തമായ കാരണം ഇപ്പോഴും അറിയില്ല. ഒരുപക്ഷെ വിദ്യ ബാലന് മാത്രം അറിയാവുന്ന രഹസ്യമായിരിക്കാം അതെന്നും കമല്‍ വ്യക്തമാക്കി. ആമിയിലേക്ക് വിദ്യക്ക് പകരം മഞ്ജു വാര്യരെ നായികയാക്കിയതിനെക്കുറിച്ചും കമല്‍ സംസാരിച്ചു. മഞ്ജുവിനെ വിളിച്ചു. വിദ്യ ബാലന്‍ പിന്മാറിയ കാര്യം അവര്‍ക്ക് അറിയില്ലായിരുന്നു. എന്തുകൊണ്ട് വിദ്യ ബാലന്‍ പിന്മാറിയെന്നൊക്കെയുള്ള സംശയമായിരുന്നു അവര്‍ക്ക്.
കുറച്ച് എക്‌സ്‌പോസ് ചെയ്യേണ്ടി വരുമോ എന്ന സംശയം മഞ്ജുവിനുണ്ടായിരുന്നു. മഞ്ജു നമ്മള്‍ പറഞ്ഞ് കൊടുക്കുന്ന കാര്യം മനസിലാക്കുകയും പരമാവധി ഔട്ട് പുട്ട് തരാന്‍ ശ്രമിക്കുന്ന ആര്‍ട്ടിസ്റ്റാണ്. മഞ്ജു നന്നായി ചെയ്യുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ ആമിയില്‍ മഞ്ജു വാര്യര്‍ നായികയായെത്തിയെന്നും കമല്‍ ചൂണ്ടിക്കാട്ടി. നിരവധി പ്രശംസകളും ഈ ചിത്രത്തിന് മഞ്ജുവിന് ലഭിച്ചിരുന്നു.